രജിസ്റ്ററില്‍ ഒപ്പിട്ട് ഡോക്ടര്‍മാര്‍ മുങ്ങി; രോഗികള്‍ ഒ.പിയില്‍ തളര്‍ന്ന് വീണു

വടുതല: അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഡോക്ടര്‍മാര്‍ മുങ്ങി. ഇതോടെ ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന രോഗികള്‍ ഒ.പിയില്‍ തളര്‍ന്നുവീണു. തുടര്‍ന്ന് പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കള്‍ രംഗത്തുവന്നു. വ്യാഴാഴ്ച രാവിലെ ഒ.പി വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം. എട്ടുമണി മുതല്‍ ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാന്‍ മുന്നൂറിലധികം രോഗികള്‍ കാത്തുനിന്നിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ എത്തിയിരുന്നില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഡോക്ടറെ അന്വേഷിച്ച് ഓഫിസില്‍ എത്തിയപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പിട്ടതായി ഓഫിസില്‍ നിന്നും പറഞ്ഞു. എന്നാല്‍, ഇവര്‍ ഒ.പിയില്‍ എത്തിയതുമില്ല. ഇതോടെ രോഗികള്‍ ബുദ്ധിമുട്ടിലായി. സംഭവം അറിഞ്ഞ് നാട്ടുകാരും ആശുപത്രിയില്‍ ഓടിയത്തെിയതോടെ പ്രശ്നം കൂടുതല്‍ വഷളായി. തൊട്ടടുത്ത മുറിയില്‍ മെഡിക്കല്‍ സംഘത്തിന്‍െറ യോഗം നടക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതോടെ നാട്ടുകാര്‍ യോഗം തടസ്സപ്പെടുത്തുകയും യോഗം മുടങ്ങുകയും ചെയ്തു. നാട്ടുകാരും രോഗികളുടെ ബന്ധുക്കളും മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി ഏറെനേരം വാക്കുതര്‍ക്കം നടന്നു. ഒടുവില്‍ പൂച്ചാക്കല്‍ എസ്.ഐ എ.വി. ബിജുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി മെഡിക്കല്‍ ഓഫിസറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ കൂടി ഒ.പിയിലേക്ക് വിട്ടതോടെയാണ് പ്രതിഷേധത്തിന് അയവുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.