ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാന മണിക്കൂറുകള്‍ക്കിടയിലാണ് ജില്ലയിലെ ഇടതുമുന്നണിയുടെ പ്രധാന സാരഥിയായ ജി. സുധാകരന്‍ എം.എല്‍.എ പ്രസ് ക്ളബിന്‍െറ മുഖാമുഖം പരിപാടിക്ക് എത്തിയത്. ഈ പരിപാടിയിലെ അവസാനത്തെ അതിഥികൂടിയായിരുന്നു സുധാകരന്‍. അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ വിഷയങ്ങളും കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്‍െറ കീഴില്‍ നടക്കുന്ന ഫാഷിസ്റ്റ് നയങ്ങളും വിവരിച്ച സുധാകരന്‍ ഇത്തരം വിഷയങ്ങള്‍ ജനങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസിന്‍െറ മൃദുഹിന്ദുത്വവും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും വര്‍ഗീയ അജണ്ടയും ഇടതുപക്ഷത്തിന്‍െറ വര്‍ഗീയവിരുദ്ധ മതേതര നിലപാടുകളും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും പറഞ്ഞു. ഇത്തരം ഭീകരമായ അധികാരവാഴ്ച കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിക്ക് അമിതാധികാരമായിരുന്നു. ഇന്ന് ഭീകരമായ അവസ്ഥയും ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന അക്രമങ്ങളും നടക്കുന്നു. വികസനം, അഴിമതി, സ്ത്രീ സുരക്ഷിതത്വം എന്നീ വിഷയങ്ങള്‍ക്കൊപ്പം ഇത്തരം നടപടികളും പ്രചാരണവിഷയമായിരുന്നു.
വടക്കേ ഇന്ത്യയിലെ അക്രമങ്ങള്‍ രാജ്യത്തിന്‍െറ യശസ്സിനെ കളങ്കപ്പെടുത്തുന്നതാണ്. മുസ്ലിം ന്യൂനപക്ഷത്തെ ഭീതിയിലാക്കി ഫാഷിസ്റ്റുകള്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഗൗരവനിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. ഗോദ്സെയെ മഹത്വവത്കരിക്കാനും ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വാളോങ്ങാനും ശ്രമിക്കുമ്പോള്‍ നമ്മള്‍ക്ക് മൗനമായി ഇരിക്കാന്‍ കഴിയില്ല. 33 ശതമാനം വോട്ട് മാത്രം നേടി രാജ്യത്ത് അധികാരത്തിലിരിക്കുന്ന മോദിക്ക് ആനുപാതിക പ്രാതിനിധ്യം അനുസരിച്ചാണെങ്കില്‍ ഇങ്ങനെ അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ല.
അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ഭരിക്കുമെന്നാണ് മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അഞ്ചുവര്‍ഷംതന്നെ ഇരിക്കുമെന്ന് എന്താണുറപ്പെന്ന് സുധാകരന്‍ ചോദിച്ചു. ഇപ്പോള്‍തന്നെ വാരാണസി ഉള്‍പ്പെടെ യു.പിയുടെ പലഭാഗത്തും അവര്‍ക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ജീവിക്കാന്‍ പറ്റുന്നില്ളെന്ന് അടുത്തകാലത്ത് ആന്‍റണി ആത്മഗതം പറഞ്ഞതായി ഓര്‍ക്കുന്നു. മറുവശത്ത് നാഥനില്ലാത്ത അവസ്ഥ. കോണ്‍ഗ്രസില്‍ സോണിയ ഗാന്ധി മാന്യതയുള്ള നേതാവാണ്. അവര്‍ ഒരിക്കലും ഇടതുപക്ഷത്തെയോ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയോ അനാവശ്യമായി കുറ്റപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ മകനാകട്ടെ, പാര്‍ട്ടി താല്‍പര്യത്തേക്കാള്‍ മറ്റുകാര്യങ്ങള്‍ക്കാണ് ശ്രദ്ധ.
പ്രതിപക്ഷത്തിന്‍െറയും പ്രശംസനേടിയ കോണ്‍ഗ്രസ് നേതാവായിരുന്നു നെഹ്റു. അദ്ദേഹം പലപ്പോഴും എ.കെ.ജിയെയും അനുമോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കൃതികള്‍ വായിക്കാനുള്ള താല്‍പര്യംപോലും ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്കില്ല. ഇന്ന് ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉണ്ടായ അരക്ഷിതബോധം കേന്ദ്രത്തിലെ മോദി ഭരണത്തിന്‍െറ പ്രവര്‍ത്തനഫലമാണ്. അത് മാറ്റിയെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതുപോലെ കോണ്‍ഗ്രസും മറയില്ലാതെ മുന്നോട്ടുവരണം. ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കുന്ന നിലപാട് പലപ്പോഴും കോണ്‍ഗ്രസിനുണ്ട്. ജില്ലയുടെ പലഭാഗത്തും അത് കാണാം. എല്ലാ സമുദായനേതാക്കളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നത് ശ്രീനാരായണധര്‍മത്തില്‍നിന്ന് വ്യതിചലിക്കുന്നതുകൊണ്ടാണ്. വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതി തങ്ങള്‍ക്കില്ല. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അതൊന്നും വ്യക്തിപരമല്ല. സമുദായ നേതാക്കളുടെ കാലില്‍ വീഴാന്‍ താന്‍ പോയിട്ടില്ളെന്നും എന്നാല്‍, ആരെയും മോശമാക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ ജനവിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ പിന്തുണ മുസ്ലിം സമുദായം നല്‍കിയിരുന്നു. അസഹിഷ്ണുതയെയും അക്രമത്തെയും തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പലസംഭവങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്താതെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജില്ലയില്‍ ഇടതുപക്ഷം ഭേദപ്പെട്ട വിജയം നേടുമെന്നും 70 ശതമാനം സീറ്റ് പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള ജില്ലയുടെ പലഭാഗത്തെയും അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയുമെന്നും സുധാകരന്‍ പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡന്‍റ് ഉമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികൃഷ്ണന്‍ സ്വാഗതവും ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.