പാണാവള്ളി, പെരുമ്പളം നിവാസികള്‍ ഭീതിയില്‍; പഴഞ്ചന്‍ ബോട്ടുകള്‍ മാറ്റാതെ അധികൃതര്‍

പൂച്ചാക്കല്‍: അടിക്കടി ബോട്ട് ദുരന്തങ്ങള്‍ ഉണ്ടായിട്ടും ജലഗതാഗത വകുപ്പ് അധികാരികള്‍ക്ക് അനക്കമില്ല. പഴഞ്ചന്‍ ബോട്ടുകള്‍ കൊണ്ട് യാത്രക്കാരുടെ ജീവന്‍ അമ്മാനമാടുന്ന നിലപാടുമൂലം പാണാവള്ളി, പെരുമ്പളം നിവാസികള്‍ ഭീതിയിലാണ്. ശക്തമായ അടിയൊഴുക്കുള്ള വേമ്പനാട്ടുകായലിലൂടെ കയറ്റാവുന്നതിലും രണ്ടിരട്ടി യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുന്ന പഴഞ്ചന്‍ ബോട്ടുകള്‍ മറ്റൊരു ദുരന്തത്തിലേക്കാണ് ജനങ്ങളെ നയിക്കുന്നത്. ഓരോ ബോട്ട് ദുരന്തവും ഈ ഭാഗത്ത് ആശങ്കയും ഭീതിയും ഉണ്ടാക്കുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാറില്ല. പെരുമ്പളം ഭാഗത്തും സമീപ പ്രദേശങ്ങളിലും പലപ്പോഴും ചെറിയ തോതിലെങ്കിലും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. പാണാവള്ളി ബോട്ട് സ്റ്റേഷനില്‍നിന്ന് സര്‍വിസ് നടത്തുന്ന ബോട്ടുകളില്‍ ഭൂരിഭാഗവും കാലപ്പഴക്കമുള്ളവയാണ്. പെരുമ്പളം മാര്‍ക്കറ്റ് ജെട്ടി, സൗത് ജെട്ടി, പൂത്തോട്ട, സൗത് പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവിടെനിന്ന് സര്‍വിസ് ഉള്ളത്. ആകെയുള്ള ആറ് ബോട്ടുകളില്‍ പലതിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല. ഉള്ളതുതന്നെ സ്വാധീനത്തിന്‍െറ പേരിലുണ്ടായതും. സര്‍വിസ് നടത്തുന്ന ബോട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നു. അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജീവനക്കാര്‍ക്കുപോലും അറിയില്ല. താല്‍ക്കാലിക ജീവനക്കാരാണ് കൂടുതലും. ബോട്ടിന്‍െറ ജാലി തകര്‍ന്നനിലയിലാണ്. എസ് -13, എസ് -18 എന്നീ ബോട്ടുകളിലാണ് അത് കാണാന്‍ കഴിയുക. ഒരുഭാഗത്തെ ജാലി യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ പൊളിഞ്ഞുവീണിരുന്നു. യാത്രക്കാരും വീണ സംഭവം ഉണ്ടായി. എസ് -51ാം നമ്പര്‍ ബോട്ട് യാത്രക്ക് തീരെ യോഗ്യമല്ളെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അണിയം ഉയര്‍ന്നുനിന്നെങ്കില്‍ മാത്രമേ ബോട്ട് നിയന്ത്രിക്കാന്‍ കഴിയൂ. അണിയവും അമരവും ഒരുപോലെയാണ് ഈ ബോട്ടിന്. എസ് -16ാം നമ്പര്‍ ബോട്ടാണെങ്കില്‍ അമിതമായ ശബ്ദം കാരണം കൊല്ലം സ്റ്റേഷനില്‍നിന്ന് പുറന്തള്ളിയതാണ്. കണ്ടംചെയ്യേണ്ട ബോട്ടുകള്‍ പാണാവള്ളി സ്റ്റേഷനില്‍ കൊണ്ടുവന്ന് സര്‍വിസ് നടത്തുന്നതില്‍ ജലഗതാഗത വകുപ്പിന് ഒരു മടിയുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.