ആലുവ: നഗരസഭ പാര്‍ക്കിലെ കളിവണ്ടികള്‍ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നു. രണ്ട് ലക്ഷം രൂപ മുടക്കിയാണ് കുട്ടികള്‍ക്കായി കളിവണ്ടികള്‍ വാങ്ങിയത്. പദ്ധതി ആവിഷ്കരിച്ചപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. നഗരസഭ വാങ്ങിയ കളിവണ്ടികള്‍ അധികം വൈകാതെ കട്ടപ്പുറത്താവുകയും ചെയ്തു. ഉദ്ഘാടനത്തിന് മാത്രം ഓടിയ വണ്ടികളാണ് തൊട്ടടുത്ത ദിവസം മുതല്‍ സെക്യൂരിറ്റി റൂമിലേക്ക് മാറ്റിത്തുടങ്ങിയത്. എല്ലാ വണ്ടിയുടെയും കമ്പികള്‍ വളഞ്ഞ് ഒടിഞ്ഞ നിലയിലാണ്. നിലവാരം കുറഞ്ഞ വണ്ടികള്‍ വാങ്ങി പാര്‍ക്കില്‍ ഉപയോഗിച്ചതാണ് ബാലസൗഹൃദമെന്ന പേരില്‍ തുടങ്ങിയ പദ്ധതി തുടക്കത്തിലെ പാളിയത്. കളിവണ്ടി വന്നതറിഞ്ഞ് നിരവധി രക്ഷിതാക്കള്‍ കുട്ടികളുമായി പാര്‍ക്കില്‍ എത്തിയിരുന്നു. സെക്യൂരിറ്റി റൂമില്‍ സൂക്ഷിച്ചിരിക്കുന്ന കളിവണ്ടികളെച്ചൊല്ലി പാര്‍ക്കില്‍ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഉദ്ഘാടന മാമാങ്കം നടത്താനായി മാത്രം ലക്ഷങ്ങള്‍ മുടക്കിയ നഗരസഭ നികുതിദായകരെ വഞ്ചിച്ചിരിക്കുകയാണെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. വിനോദത്തോടൊപ്പം കുട്ടികള്‍ക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളിവണ്ടിയത്തെിച്ചത്. മേയ് 19ന് ഉദ്ഘാടനം നടത്തുകയും ചെയ്തു. ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വീഴ്ചയാണ് കളി വണ്ടികള്‍ കട്ടപ്പുറത്താകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. നഗരസഭയുടെ 2014 15 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലുവ മുനിസിപ്പല്‍ ചാച്ച നെഹ്റു ട്രാഫിക് പാര്‍ക്കില്‍ രണ്ടു ലക്ഷം രൂപ മുടക്കിയാണ് കളിപ്പാട്ടങ്ങള്‍ വാങ്ങിയത്. കളിവണ്ടികളുടെ ഉദ്ഘാടനം കഴിഞ്ഞതോടെ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്ന നിലപാടിലാണ് നഗരസഭ അധികൃതര്‍. ഇത്രയധികം രൂപ ചെലവഴിച്ചിട്ടും ഒരു ഗുണനിലവാരവുമില്ലാത്ത കളി ഉപകരണങ്ങളാണ് പാര്‍ക്കിലത്തെിയത്. കളിവണ്ടികള്‍ നശിച്ചിട്ടും ഇവ നല്‍കിയവര്‍ക്കെതിരെ നടപടികളെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നഗരസഭയും ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയും അനാസ്ഥ കാണിക്കുകയാണ്. കളിവണ്ടിയുടെ കാര്യത്തില്‍ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.