ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പരാതി

ചേര്‍ത്തല: ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ വ്യാപകപരാതി. വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ബാറ്ററി ജങ്ഷന് സമീപമാണ് സ്വകാര്യകമ്പനി മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത്. പ്രദേശത്ത് ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വീടുകളില്‍നിന്ന് 50 മീറ്റര്‍ പോലും അകലമില്ലാതെയാണ് പഞ്ചായത്ത് ഭരണസമിതി അറിയാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മൊബൈല്‍ കമ്പനി ടവര്‍ സ്ഥാപിക്കാനുള്ള നീക്കം നടത്തിയത്. ഇതിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്ത് ഗ്രാമസഭയില്‍ പരാതി നല്‍കി. മൂന്നിലധികം ബഹുരാഷ്ട്ര കമ്പനികളുടെ മൊബൈല്‍ ശൃംഖല വ്യാപിപ്പിക്കാന്‍ മൊബൈല്‍ സര്‍വീസിങ് ഇല്ലാത്ത മറ്റൊരു കമ്പനിയാണ് ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയത്. ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ടവറിനെതിരെ എതിര്‍പ്പ് ശക്തമായതോടെ ഭീഷണിയിലൂടെ ടവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്. ജനങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് 500 പേര്‍ ഒപ്പിട്ട ഭീമ ഹരജി കലക്ടര്‍ക്കും പഞ്ചായത്ത് അപ്പലേറ്റ് അതോറിറ്റിക്കും നല്‍കി. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ടവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.