മാന്നാറിലെ ഓട്ടുപാത്ര വില്‍പന സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; വ്യാപാരികള്‍ റോഡ് ഉപരോധിച്ചു

ചെങ്ങന്നൂര്‍: മാന്നാറിലെ പ്രശസ്തമായ ഓട്ടുപാത്ര നിര്‍മാണ-വില്‍പന സ്ഥാപനങ്ങളില്‍ വില്‍പന നികുതി വിഭാഗം മിന്നല്‍ പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യായമായി സംഘം ചേര്‍ന്ന് ഉപരോധസമരം സംഘടിപ്പിക്കുകയും ഗതാഗതതടസ്സം ഉണ്ടാക്കുകയും ചെയ്തെന്നാണ് കുറ്റം. ശനിയാഴ്ച രാവിലെ 11ഓടെയാണ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരത്തെ വില്‍പന നികുതി വിഭാഗം കമേഴ്സ്യല്‍ ടാക്സ് കമീഷണറേറ്റിലെ കമീഷണര്‍ രാജന്‍ ഖൊബ്രാഗഡെയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മാന്നാറിലെ പ്രമുഖ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംഘങ്ങളായിത്തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ദക്ഷിണമേഖല ഡെപ്യൂട്ടി കമീഷണര്‍ കമറുദ്ദീന്‍, അസി. കമീഷണര്‍മാരായ സതീഷ്, ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടെ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തില്‍ കച്ചവടക്കാരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. മറ്റു വ്യാപാരികളും കടകള്‍ അടച്ചു. ഇതോടെ പരുമല പാലം മുതല്‍ കുട്ടമ്പേരൂര്‍ കോയിക്കല്‍ മൂലവരെ മൂന്നുകിലോമീറ്ററില്‍ കടകള്‍ പൂര്‍ണമായി അടച്ച് ഹര്‍ത്താല്‍ പോലെയായി. അന്യായ പരിശോധന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഒന്നടങ്കം പ്രതിഷേധവുമായി ഇറങ്ങിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതിനിടെയാണ് റോഡ് ഉപരോധിച്ച 15 പേരെ അറസ്റ്റ് ചെയ്തത്. പരുമല പുത്തന്‍വീട്ടില്‍ പുഷ്പകുമാര്‍, കുരട്ടിക്കാട് വിനു ഗ്രീത്തോസ്, സതീഷ്, അബ്ദുല്‍ റഷീദ്, സലിം, അജ്മല്‍, ഹുസൈന്‍, രാഹുല്‍, ഷമിം, മുഹമ്മദ് സാലി, ഹരീഷ്കുമാര്‍, മുഹമ്മദ്, നിസാര്‍, സൈഫുദ്ദീന്‍, സഫറുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. രാത്രി ഏഴുമണിയോടെയാണ് പരിശോധന അവസാനിച്ചത്. തിങ്കളാഴ്ചയും പരിശോധന തുടരും. അറസ്റ്റ് ചെയ്തവരെ പിന്നീട് ഉപാധികളോടെ വിട്ടയച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ മാന്നാറില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അനില്‍ എസ്. അമ്പിളി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് മാന്നാറില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.