എം.പിയുടെ ‘പൊന്‍തൂവല്‍’ അവാര്‍ഡുവിതരണ ചടങ്ങ് നാലിന്; 1200 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

ആലപ്പുഴ: കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെയും വിദ്യാര്‍ഥികളെയും ആദരിക്കുന്നതിന് കെ.സി. വേണുഗോപാല്‍ എം.പി സംഘടിപ്പിക്കുന്ന ‘പൊന്‍തൂവല്‍-2015’ അവാര്‍ഡുവിതരണ ചടങ്ങ് നാലിന് പാതിരാപ്പള്ളി കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ 199 സ്കൂളുകളില്‍നിന്ന് ഉന്നത വിജയം നേടിയ 1200 വിദ്യാര്‍ഥികളെയും 100ശതമാനം വിജയം നേടിയ 77 സ്കൂളുകളെയും ചടങ്ങില്‍ ആദരിക്കും. ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയാകും. സിവില്‍ സര്‍വിസ് പരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയ ഡോ. രേണുരാജിനെ ചടങ്ങില്‍ ആദരിക്കും. നാലിന് രാവിലെ 11 മുതല്‍ റിട്ട. ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് ക്ളാസ് നയിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, സംവിധായകന്‍ രഞ്ജിത്, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, കലക്ടര്‍ എന്‍. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കൂളില്‍നിന്ന് ലഭിച്ച ലിസ്റ്റ് പ്രകാരം അറിയിപ്പ് അയച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.