'മരണം ഒരു മിഥ്യയാണ്, എട്ട് മിനിറ്റ് നേരം താൻ മരിച്ചു'; അനുഭവങ്ങൾ വിവരിച്ച് അവകാശവാദവുമായി യു.എസ് യുവതി

വാഷിങ്ടൺ: എട്ട് മിനിറ്റ് നേരം താൻ മരിച്ചെന്ന അവകാശവാദവുമായി യു.എസ് യുവതി. ബോധതലത്തിന്റെ അപ്പുറത്ത് ഉണ്ടായെന്നു പറയുന്ന അനുഭവങ്ങളും ഇവർ പങ്കുവെച്ചു. കൊളറാഡോ നിവാസിയായ ബ്രയാന ലാഫെർട്ടി എന്ന യുവതിയാണ് തന്റെ നിർജീവ ശരീരത്തിലൂടെ സഞ്ചരിച്ചുവെന്നും സമയം നിലവിലില്ലാത്ത ലോകത്തിലേക്ക് പ്രവേശിച്ചുവെന്നും പറഞ്ഞത്. മയോക്ലോണസ് ഡിസ്റ്റോണിയ എന്ന ഗുരുതരമായ നാഡീസംബന്ധമായ രോഗബാധിതയായിരുന്നു 33 കാരിയായ യുവതി. പൾസ്, ശ്വാസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവയില്ലാതെ എട്ട് മിനിറ്റ് നേരമാണ് താൻ നിന്നതെന്നാണ് അവർ പറയുന്നത്.

ക്ലിനിക്കലി മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടും തന്നോടൊപ്പം തന്റെ ബോധം മരിച്ചില്ലെന്ന് ലാഫെർട്ടി പറഞ്ഞു. താൻ തയ്യാറാണോ എന്ന് ചോദിക്കുന്ന ശബ്ദം കേട്ടു. പക്ഷേ പിന്നീട് എല്ലാം ഇരുണ്ടുപോയെന്നും അവർ പറഞ്ഞു. 'മരണം ഒരു മിഥ്യയാണ്. കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. നമ്മുടെ ബോധം സജീവമായി തുടരുന്നു. നമ്മുടെ സത്ത തന്നെ രൂപാന്തരപ്പെടുന്നു. മരണാനന്തര ജീവിതത്തിൽ എന്റെ ചിന്തകൾ തൽക്ഷണം യാഥാർത്ഥ്യമായി. നമ്മുടെ ചിന്തകളാണ് അവിടെ യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്നതെന്ന് ഞാൻ മനസ്സിലാക്കി. അതിന് സമയമെടുക്കും. അതൊരു അനുഗ്രഹമാണ്.' ലാഫെർട്ടി പറഞ്ഞു.

'എന്റെ ഭൗതിക ശരീരത്തിൽ നിന്ന് ഞാൻ പെട്ടെന്ന് വേർപെട്ടു. എന്റെ മനുഷ്യസ്വഭാവം ഞാൻ കാണുകയോ ഓർമിക്കുകയോ ചെയ്തില്ല. പൂർണ്ണമായും നിശ്ചലയായിരുന്നു. എന്നിട്ടും എനിക്ക് മുമ്പെന്നത്തേക്കാളും കൂടുതൽ പൂർണ്ണമായും ജീവനുള്ളതും, അവബോധമുള്ളതായും അനുഭവപ്പെട്ടു. വേദനയില്ല, സമാധാനത്തിന്റെയും വ്യക്തതയുടെയും ആഴത്തിലുള്ള ബോധം മാത്രം.' അവർ കൂട്ടിച്ചേർത്തു. ആസ്ട്രൽ തലത്തിലായിരുന്ന സമയത്ത് നമ്മുടെ ഭൗമിക അസ്തിത്വം അല്ല അവസാനമെന്ന് താൻ കണ്ടെത്തിയതായി ലാഫെർട്ടി പറഞ്ഞു.

നമ്മൾ മരിച്ചതിനുശേഷം എന്ത് സംഭവിക്കും?

മരണത്തോടടുത്ത അനുഭവങ്ങൾ സങ്കീർണ്ണവും വിശദീകരിക്കാൻ പ്രയാസവുമാണ്. പക്ഷേ ശാസ്ത്രജ്ഞർ അവയെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന്റെ വക്കിൽ ആയിരിക്കുമ്പോൾ മനുഷ്യ മസ്തിഷ്കം ജീവിതത്തിലെ പ്രധാന സംഭവങ്ങളെ വേഗത്തിൽ സംഗ്രഹിച്ചേക്കാം എന്നാണ് 2022-ലെ പഠനം അവകാശപ്പെടുന്നത്. പലരും ഈ സംഗ്രഹത്തെ അവരുടെ കൺമുന്നിൽ 'മിന്നിമറയുന്ന ജീവിതം' എന്നാണ് വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ മാസം, കാനഡയിലെ കാൽഗറി സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെട്ടത് ജീവജാലങ്ങൾ ജീവിതകാലം മുഴുവൻ പ്രകാശം പുറപ്പെടുവിക്കുന്നുവെന്നും അത് മരിക്കുമ്പോൾ മാത്രം അപ്രത്യക്ഷമാകുമെന്നുമാണ്. അൾട്രാ വീക്ക് ഫോട്ടോൺ എമിഷൻ (ultraweak photon emission-UPE) എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

Tags:    
News Summary - Woman Who Died For 8 Minutes Reveals What She Saw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT