ആഴിക്കുട്ടി വി.എസിനോടൊപ്പം വെന്തലത്തറ വീട്ടില്‍ (ഫയല്‍ ചിത്രം)

അണ്ണന്‍റെ സമരചരിത്രം പറയാന്‍ ഇനി ആഴികുട്ടിയുണ്ടാകില്ല

അമ്പലപ്പുഴ; പുന്നപ്ര വയലാര്‍ സമരസേനാനി വി.എസ്. അച്യുതാനന്ദന്‍റെ സമര ചരിത്ര ഓര്‍മകള്‍ പങ്കിടാന്‍ ഇനി ഏകസഹോദരി ആഴികുട്ടി ഉണ്ടാകില്ല. ആഴികുട്ടിയെ കാണാന്‍ ആരെത്തിയാലും വി.എസിനെ കുറിച്ച് പറയാതിരിക്കില്ല. ആഴികുട്ടി കിടപ്പിലാകുന്നതിന് മുമ്പ് വരെ വി.എസിനെ കുറിച്ച് പറയുമായിരുന്നു. വി.എസിന്‍റെ കാര്യം ചോദിച്ചാല്‍ നൂറ് നാവായിരുന്നു. പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ആവേശമാണ്.

തിരുവിതാകൂര്‍ ഭരിച്ചിരുന്ന ദിവാനെതിരെ സമരം നയിച്ചതില്‍ ഒരു വര്‍ഷം വി.എസിനെ തടവിന് ശിക്ഷിച്ചു. എന്നാല്‍ അതിന് വിധേയനാകാതെ പൂഞ്ഞാറില്‍ കര്‍ഷക സംഘത്തിന്‍റെ പ്രവര്‍ത്തകനായി. ഇതിനിടെ ഒരു സന്ധ്യാനേരം എന്നെ കാണാന്‍ അണ്ണനെത്തി. വിവരമറിഞ്ഞ് പിന്നാലെ പൊലീസും. വീടിന്‍റെ പിന്നിലൂടെ അണ്ണനെയും വള്ളത്തില്‍ കയറ്റി രക്ഷപെടുത്തിയ കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ചിരുന്നത് ആവേശത്തോടെയാണ് ആഴികുട്ടി പറഞ്ഞിരുന്നത്.

പിന്നീട് പൊലീസിന്‍റെ പിടിയിലായി കൊടിയമര്‍ദനം ഏറ്റെങ്കിലും ഒപ്പമുള്ളവരെ കുറിച്ച് ഒരക്ഷരം പോലും അണ്ണന്‍ പറഞ്ഞില്ല. രണ്ട് വര്‍ഷത്തിന് ശേഷം പൊലീസിന്‍റെ മര്‍ദനത്തിലെ മുറിപ്പാടുകളുമായി വീട്ടിലെത്തിയ അണ്ണനോട് ''ഇത് മതിയാക്കിക്കൂടെ''എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ''നിനക്ക് വേറെയും രണ്ട് അണ്ണന്‍മാരുണ്ടല്ലൊ'' എന്നായിരുന്നു. 

വി.എസിന്‍റെ ജന്മഗൃഹമായ വെന്തലത്തറയിലാണ് ഏകസഹോദരി ആഴിക്കുട്ടി താമസിച്ചിരുന്നത്‌. മകള്‍ സുശീലയും മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകുമായിരുന്നു ഒപ്പം. പന്ത്രണ്ട് വര്‍ഷം മുമ്പ് സുശീല മരിച്ചതിന് ശേഷം മരുമകനും കൊച്ചുമകനുമാണ് ആഴികുട്ടിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. കഴിഞ്ഞ എട്ട് മാസമായി കിടപ്പിലായിരുന്നു. മരുമകനും സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ കൊച്ചുമകനുമാണ് എല്ലാ കാര്യങ്ങള്‍ക്കും തുണയായുണ്ടായിരുന്നത്.

മൂന്ന് സഹോദരന്മാര്‍ക്ക് ഏക സഹോദരി. സഹോദരന്മാരില്‍ ഗംഗാധരനും പുരുഷനും മരിച്ചു. എല്ലാ വിശേഷ ദിവസങ്ങളിലും വേലിക്കകത്ത് വീട്ടിലെത്തുന്ന വി.എസ് കുടുംബവീടായ വെന്തലത്തറയില്‍ വന്ന് ആഴികുട്ടിയെ കാണാതെ മടങ്ങാറില്ല. തിരുവനന്തപുരത്ത് സ്ഥിരതാമസമായ ശേഷം ഇടക്ക് വിളിക്കുമായിരുന്നു. വിളിക്കാതായപ്പോള്‍ വിഷമമായിരുന്നു. പിന്നീടാണ് അറിയുന്നത് കിടപ്പിലാണെന്ന്. ഒന്ന് കാണണമെന്ന ആഗ്രഹം പലപ്പോഴും പറയുമായിരുന്നു. ഇത് പറയുമ്പോള്‍ ആഴിക്കുട്ടിയുടെ കണ്ണുകളില്‍ ഈറനണിഞ്ഞിരുന്നു.

Tags:    
News Summary - VS Achuthanandan sister Azhikutty passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT