പൂർണിമ ദേവി ബർമൻ
കൊറ്റികളിൽ ഏറ്റവും വലുപ്പമേറിയ, ഒന്നര മീറ്ററോളം ഉയരമുള്ള പക്ഷി. കറുപ്പും ചാരവും കലർന്ന വെളുപ്പുനിറം. മറ്റു കൊറ്റികളെ അപേക്ഷിച്ച് അത്ര ആകർഷണവും പോരാ. അതുകൊണ്ടുതന്നെ ‘ഹർഗില’ എന്നായിരുന്നു പ്രദേശികമായി ഇതിന്റെ പേര്.
അർഥം അസ്ഥി വിഴുങ്ങുന്നവർ. മനുഷ്യൻ തള്ളുന്ന മാലിന്യ കൂമ്പാരത്തിന് സമീപം ഇവയെ കാണുന്നതുകൊണ്ടാണ് ഈ പേരു വന്നതും. ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്കിനെ നാട്ടുകാർ കണ്ടിരുന്നത് ദുശ്ശകുനമായാണ്. അസമിൽ ഒരുകാലത്ത് വ്യാപകമായുണ്ടായിരുന്ന ഈ കൊറ്റി പിന്നീട് വംശനാശ പട്ടികയിൽ ഉൾപ്പെട്ടു.
കൂടുകൾ വ്യാപകമായി നശിപ്പിച്ചതാണ് ഇതിന്റെ ആവാസവ്യവസ്ഥ തകരാനുണ്ടായ പ്രധാന കാരണം. മലിനീകരണവും വേട്ടയും കീടനാശിനി പ്രയോഗവുമെല്ലാം അവയുടെ ആക്കം കൂട്ടി.
2007ലാണ് അസമിലെ ബയോളജിസ്റ്റായ പൂർണിമ ദേവി ബർമന് ഒരു കോൾ ലഭിക്കുന്നത്. ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക് വ്യാപകമായി കൂടുകൂട്ടിയ ഒരു മരം വെട്ടാൻ പോകുന്നു. അവർ ഉടൻതന്നെ അവിടെ എത്തി. അപ്പോഴേക്കും മരം പ്രദേശവാസികൾ വെട്ടി നശിപ്പിച്ചിരുന്നു. കൂടുകൾ തകർന്നതോടെ കൊറ്റിയുടെ കുഞ്ഞുങ്ങൾ നിലത്തുവീണുകിടക്കുന്നു. പ്രദേശത്ത് രോഗം പരത്തുന്നത് ഈ കൊറ്റികളാണെന്നായിരുന്നു അവരുടെ വിശ്വാസം.
നിലത്തുവീണ കൊറ്റിയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് പൂർണിമ ആവശ്യപ്പെട്ടു. അവയുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളും അവർ തുടങ്ങി. ഇതോടെ, പൂർണിമക്കെതിരെ പ്രദേശവാസികളും തിരിഞ്ഞു. അവർ പൂർണിമക്ക് ചുറ്റും നിന്ന് ആർപ്പുവിളിച്ചു. 45കാരിയായ പൂർണിമ അതോടെ മനസ്സിൽ ഒന്നുറപ്പിച്ചു, ഈ പക്ഷികളെ എന്തുവില നൽകിയും സംരക്ഷിക്കണം.
2007ൽ ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്കിന്റെ എണ്ണം 450 മാത്രമായി ചുരുങ്ങിയിരുന്നു. പൂർണിമയുടെ പ്രവർത്തനങ്ങളിലൂടെ കൊറ്റികളെ ‘വംശനാശ ഭീഷണി നേരിടുന്ന’ പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്കിന്റെ സംരക്ഷണത്തിനായി അസമിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ഒരു സംഘടന രൂപവത്കരിക്കുകയായിരുന്നു ആദ്യം.
ഇന്ന് 20,000ൽ അധികം സ്ത്രീകൾ അടങ്ങുന്നതാണ് ‘ഹർഗില ആർമി’. അവരുടെ നേതൃത്വത്തിൽ പക്ഷിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് സംസ്ഥാനമൊട്ടാകെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. കൂടാതെ ‘ഹർഗില ആർമി, അസം അതിർത്തി കടന്ന് രാജ്യമൊട്ടാകെയും കംബോഡിയ, ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും തങ്ങളുടെ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.
ഇപ്പോൾ കൊറ്റികളുടെ എണ്ണം 1800ൽ അധികമെത്തി. ദുശ്ശകുനമായി കണ്ടിരുന്ന ഈ പക്ഷി ഇപ്പോൾ ഞങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് പൂർണിമ പറയുന്നു. ഇത്തവണത്തെ ടൈം മാഗസിന്റെ വുമൺ ഓഫ് ദി ഇയർ 2025 പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ വനിതകൂടിയാണ് ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയും കൂടിയായ പൂർണിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.