തമന്ന ഖാത്തൂൻ; വിജയിക്കാനായി ആഗ്രഹങ്ങളുടെ ചക്രങ്ങളിലേറി പറക്കുന്നവൾ

തിരക്കുപിടിച്ച കൊൽക്കത്താ നഗരത്തിലെ ഒരു ക്യാബ് ഡ്രൈവറാണ് തമന്ന ഖാത്തൂൻ. വളരെ സ്വതന്ത്രയാണ് ഈ 27 കാരി. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണെന്ന് അറിയില്ലെങ്കിലും, എല്ലായിടത്തും സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകണമെന്ന് അവൾ ആഗ്രഹിക്കുന്നു.

അവൾ ഓടിക്കുന്ന ‘ആപ്പ്’ ടാക്സിയിൽ അപരിചിതരെയടക്കം കൊണ്ടുപോകുന്നു. കൊൽക്കത്തയിലെ തെരുവുകളിൽ ഒരിക്കലും സുരക്ഷിതത്വമില്ലെന്ന് തോന്നിയിട്ടില്ലെന്നു മാത്രമല്ല, യാത്രക്കാർ തന്നെ പ്രശംസിക്കുകയും ചെയ്യാറുണ്ടെന്ന് തമന്ന പറയുന്നു. ഒരു സ്ത്രീയായതിനാൽ അവളുടെ ഡ്രൈവിങ് ശേഷിയെ സംശയിച്ച ചിലരും അവരിലുണ്ടെങ്കിലും. ‘നിങ്ങളുടെ അഭിപ്രായം അതായിരിക്കാം. പക്ഷേ, നന്നായി വാഹനമോടിക്കാൻ കഴിയുമെന്ന് എനിക്കറിയാം’- അത്തരക്കാർക്കുള്ള തമന്നയുടെ മറുപടിയിതാണ്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന പിതാവിനെ 2021ൽ നഷ്ടപ്പെട്ടതിനുശേഷം, 12 മണിക്കൂർ ദൈനംദിന ഷിഫ്റ്റിലും സ്തനാർബുദവുമായി പോരാടുന്ന അമ്മയെ പരിചരിക്കുന്നതിലും ഏർപ്പെട്ടുകൊണ്ട് മൂന്നു പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ യുവതി.

‘അമ്മയുടെ ചികിത്സയുടെ ഉത്തരവാദിത്തം ഞാനേറ്റെടുത്തു. അവർ ഒരു ശസ്ത്രക്രിയക്ക് വിധേയയായി. ഒരു ക്യാബ് ഡ്രൈവർ എന്ന നിലയിലുള്ള എന്റെ ജോലി അതിന് എന്നെ പിന്തുണച്ചു’ -തമന്ന പറയുന്നു.

സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മൂല്യം തമന്ന വളരെ നേരത്തെ തന്നെ മനസ്സിലാക്കി. പത്തോ പന്ത്രണ്ടോ വയസ്സു മാത്രമുള്ളപ്പോൾ, തയ്യലിലുള്ള കഴിവ് പോക്കറ്റ് മണി സമ്പാദിക്കാനും കുടുംബത്തിന്റെ തുച്ഛമായ വിഭവങ്ങൾക്ക് സംഭാവന ചെയ്യാനും ഉള്ള മാർഗമാക്കി. ‘ഓരോ കുടുംബവും ഭർതൃവീട്ടുകാരും പെൺകുട്ടികളെ പിന്തുണക്കണം. അവർ പെൺകുട്ടികളെ ബാധ്യതകളായി കരുതുന്നത് നിർത്തണം’- ടിൽജാലയിൽ താമസിക്കുന്ന തമന്ന പറയുന്നു.

ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാക്കിയ ശേഷം, ഒരു ഇൻഷുറൻസ് കമ്പനിയിൽ ടെലികോളറായി അവൾക്ക് ജോലി ലഭിച്ചു. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി പ്രവർത്തിക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ചാരിറ്റബിൾ ട്രസ്റ്റായ ആസാദ് ഫൗണ്ടേഷനെക്കുറിച്ച് അവൾ അറിഞ്ഞു. ഡ്രൈവറായി പരിശീലനം നേടാൻ ആ സംഘടന അവളെ സഹായിച്ചു. അങ്ങനെയാണ് തെക്കൻ കൊൽക്കത്തയിലെ ചെറ്റ്‌ലയിൽ ഒരു ക്യാബ് ഫ്ലീറ്റിൽ ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്.


 ‘ഡ്രൈവിങ് പഠിക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു, ഇപ്പോൾ അത് തൊഴിലായി മാറിയിരിക്കുന്നുവെന്ന്’ തമന്ന പറയുന്നു. ബുള്ളറ്റ് ബൈക്കുകളും അവൾക്ക് ഇഷ്ടമാണ്. എപ്പോഴെങ്കിലും ഓടിക്കാൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നു.

കഴിഞ്ഞ 40 വർഷമായി തമന്നയുടെ കുടുംബം കൊൽക്കത്തയിലാണ് താമസം. അഞ്ച് കുട്ടികളിൽ ഇളയവളാണ്. സഹോദരിമാരും സഹോദരന്മാരും വിവാഹിതരാണ്. തമന്ന അവിവാഹിതയാണ്. ‘ഇതുവരെ ശരിയായ ആളെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. യാദൃച്ഛികമായി കാണുന്ന ഒരു വ്യക്തിയെ എങ്ങനെ വിവാഹം കഴിക്കും - അവൾ ചിരിച്ചുകൊണ്ട് ചോദിക്കുന്നു.

തമന്നയുടെ ആദ്യ യാത്രക്കാർ ഒരു ദമ്പതികളായിരുന്നു. ഒരു വനിതാ ക്യാബ് ഡ്രൈവറെ കണ്ടുമുട്ടിയത് അവർക്ക് ഒരു അത്ഭുതമായിരുന്നു. ‘അവരെന്നെ അഭിനന്ദിക്കുകയും എനിക്ക് വിജയം ആശംസിക്കുകയും ചെയ്തു’ -തമന്ന അതോർക്കുന്നു.

‘ആദ്യ ദിവസം ആവേശവും പരിഭ്രാന്തിയും കൂടിച്ചേർന്നതായിരുന്നു. പക്ഷേ, ഞാൻ ആപ്പ് ഓണാക്കിയ ഉടനെ എല്ലാം ശരിയായി. ഡ്രൈവർ എന്ന നിലയിൽ മൂന്നാം ദിനം ആദ്യത്തെ ബ്ലോക്ക് നേരിട്ടു. രാത്രി 9 മണിക്ക് ആൻഡുൽ റോഡിലായിരുന്നു. ബാറ്ററി കുറവായതിനാൽ ആപ്പ് ഓഫായി. ഞാൻ പരിഭ്രാന്തയായി. കരഞ്ഞുകൊണ്ട് ഞങ്ങളുടെ മാനേജറെ വിളിച്ചു. അദ്ദേഹം വന്ന് എന്നെ സഹായിച്ചു’ - തമന്ന പറയുന്നു.

സ്വന്തം ജീവിതത്തിന്റെ കരകയറ്റം മാത്രമല്ല, അയൽപക്കത്തുള്ള സ്ത്രീകളെയും സാമ്പത്തികമായി സ്വതന്ത്രരാക്കാൻ സഹായിക്കാൻ അവൾ ശ്രമിക്കുന്നു. കഴിവിന്റെ പരമാവധി അവരെ നയിക്കുന്നു. തനിക്ക് തുണയായ വിവരങ്ങൾ പങ്കിടുന്നു. എല്ലാ സ്ത്രീകളും സാമ്പത്തികമായി സ്വതന്ത്രരാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവൾ പറയുന്നു.

‘ഒരു സ്ത്രീയെ പിന്നോട്ട് വലിക്കുന്ന ചങ്ങലകൾ പൊട്ടിക്കാൻ ഞാനാഗ്രഹിക്കുന്നു. എല്ലാ സ്ത്രീകൾക്കും അങ്ങനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒരു സ്ത്രീ മറ്റുള്ളവരിൽ നിന്ന് പണം ചോദിക്കരുത്. മറിച്ച് സാമ്പത്തികമായി അങ്ങോട്ട് നൽകാൻ കഴിയണം’.
തമന്ന എന്നാൽ ‘ആഗ്രഹം’ എന്നാണ് അർത്ഥം. ‘ഒരു ഡ്രൈവർ എന്ന നിലയിൽ ഇന്ത്യക്ക് പുറത്ത് ഒരു ജീവിതം കണ്ടെത്താൻ ചെയ്യാൻ കഴിയുമെന്ന് പല യാത്രക്കാരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്ക് പണം സമ്പാദിക്കണം. സ്വന്തമായി ഒരു കാർ വാങ്ങണം. സ്വന്തമായി ബിസിനസ്സ് ആരംഭിക്കണം. ചെറിയ തുള്ളികൾ ചേർന്ന് ഒരു സമുദ്രം സൃഷ്ടിക്കുന്നു’ - തമന്ന പേരു പോലെ ആഗ്രഹങ്ങളുടെ ചക്രങ്ങളിലേറി പറക്കാൻ ശ്രമിക്കുകയാണ്.

Tags:    
News Summary - This is Tamanna; she who flies on the wheels of desires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT