അ​ന്ന​മ്മ, മീ​ന (മ​ക​ന്റെ ഭാ​ര്യ), ഏ​ൽ​ഡി​ൻ (ചെ​റു​മ​ക​ൻ), ഡോ. ​ബെ​ന്നി ജേ​ക്ക​ബ് (മ​ക​ൻ), ഡോ. ​അ​ന്ന ബെ​ൻ ജേ​ക്ക​ബ്

(ചെ​റു​മ​ക​ൾ) 

വർഷം 1963-64. സ്ത്രീകൾ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് വരാൻ ഭയപ്പെട്ട കാലം. അക്കാലത്താണ് കവളങ്ങാട് പഞ്ചായത്തിൽ രാഷ്ട്രീയ പശ്ചാത്തലമേതുമില്ലാത്ത കുടുംബത്തിൽനിന്ന് ഒരു 28കാരി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. പിന്നീട് നടന്നത് ചരിത്രം. എറണാകുളം ജില്ലയുടെ ഭാഗമായ കവളങ്ങാട് പഞ്ചായത്ത് ഭരിക്കുകയും കേരളത്തിലെ ആദ്യ വനിത പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന പദവിയിൽ എത്തുകയും ചെയ്ത അന്നമ്മ ജേക്കബ് ഇന്ന് മറ്റൊരു തെരഞ്ഞെടുപ്പു കാലത്തിന്റെ ആവേശത്തിലാണ്. അഞ്ചു പതിറ്റാണ്ടു മുമ്പത്തെ രാഷ്ട്രീയ സാഹചര്യവും കർമമണ്ഡലവും ഓർമിച്ചെടുക്കുകയാണ് ഈ 88കാരി.

ആദ്യം വൈസ്, പിന്നെ പ്രസിഡന്റ്

സ്ഥാനാർഥി പ്രഖ്യാപനം നടക്കുമ്പോൾ പ്രായം 28. മൂത്ത മകന് അന്ന് നാലുമാസം. ഭർത്താവിന്‍റെ അനുവാദത്തെക്കാൾ കൂടുതൽ ഭർതൃമാതാപിതാക്കളുടെ അനുവാദത്തിന് പ്രാധാന്യം നൽകുന്ന തലമുറ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നു. അന്ന് ഒരു പഞ്ചായത്തിൽ രണ്ട് സംവരണ സീറ്റുകളാണുള്ളത്. ഒന്ന് വനിതക്കും ഒന്ന് എസ്.സി വിഭാഗത്തിനും. പ്രീ യൂനിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കിയ നാട്ടിലെ ആദ്യ വനിതയെന്ന നിലയിൽ പാർട്ടിക്കാർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തുടക്കത്തിൽ ഭയമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, മികച്ച പോളിങ്ങോടുകൂടി 1963ൽ വിജയിച്ചു. ആദ്യഘട്ടത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്. 68ൽ ആദ്യ വനിതാ പ്രസിഡന്റ്.

1979ൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ മെംബറായി. 1127 വോട്ടുകളാണ് അന്ന് പോൾ ചെയ്തത്. എതിർകക്ഷിക്ക് കിട്ടിയത് 103 വോട്ട്. തോൽ‌വിയിൽ മനംനൊന്ത് അദ്ദേഹം രാഷ്ട്രീയത്തിൽനിന്നുതന്നെ പോയി. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും അധികമില്ലാത്ത കാലമായതുകൊണ്ട് വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കൽ പ്രയാസമായിരുന്നു. കാൽനൂറ്റാണ്ടിനിടെ എനിക്കെതിരെ ഒരു വിയോജനക്കുറിപ്പോ അവിശ്വാസപ്രമേയമോ ഒരാളും നൽകിയിട്ടില്ല. ഏഴംഗ കമ്മിറ്റിയിൽ അച്ഛന്റെ പ്രായമുള്ളവരായിരുന്നു മറ്റെല്ലാവരും. നാടിന്റെ വികസനവും ജനനന്മയും മാത്രം മുൻനിർത്തിയുള്ള ഭരണം -അന്നമ്മ അഭിമാനത്തോടെ പറയുന്നു.

ഫണ്ടില്ലാക്കാലം

ഓരോ പഞ്ചായത്തിനും നികുതി കിട്ടുന്ന പണംകൊണ്ടു വേണം നാടിന്റെ വികസന പ്രവർത്തനത്തിനും പഞ്ചായത്ത്‌ അംഗങ്ങൾക്കുള്ള ശമ്പളം നൽകാനും. അക്കാലത്ത് ഒരു കലുങ്ക് നിർമാണത്തിനുള്ള പൈസപോലും നികുതിപ്പണംകൊണ്ട് തികയില്ല. ഇന്നത്തെപ്പോലെ പ്രത്യേകം ഫണ്ടുകളില്ല. ജില്ല കമ്മിറ്റിയിൽ ബിൽ അവതരിപ്പിച്ച് കലക്ടറുടെ മുന്നിൽ അഭ്യർഥനക്കുവെച്ച് അനുമതി കിട്ടിയാലേ ഒരു വെയ്റ്റിങ് ഷെഡ് പണിയാനുള്ള തുകയെങ്കിലും ലഭിക്കൂ. നാട്ടിലെ ജനങ്ങളുടെ സഹായത്തോടെയേ വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. ആദ്യ വനിത പഞ്ചായത്ത് പ്രസിഡന്റ്‌ എന്ന പരിഗണന എല്ലാ കാര്യത്തിനും ഏതൊരു ഓഫിസിലും ലഭിച്ചിരുന്നു.

ഇടവഴിയിൽനിന്ന് നടവഴിയിലേക്ക്

കൂലിക്ക് പണിയെടുക്കാൻ ആളുണ്ടെങ്കിലും കൊടുക്കാൻ കൂലിയില്ലാതിരുന്ന നാളുകൾ. കവളങ്ങാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഡ് പണിയുക എന്നത് ശ്രമദാനമായിരുന്നു. മൺപാതകളിലൂടെ കിലോമീറ്ററുകൾ നടന്നുവേണം കുഞ്ഞുമക്കളുൾപ്പെടെയുള്ളവർക്ക് സ്കൂളിലും ആശുപത്രികളിലുമെത്താൻ. ഭരണത്തിൽ കയറിയ ആദ്യദിനങ്ങളിൽ തന്നെ ഒരു മുച്ചക്ര വാഹനത്തിനെങ്കിലും വരാൻ കഴിയുന്ന റോഡുകൾ പണിയണമെന്ന് തീരുമാനിച്ചു. ഓരോ വാർഡിലെയും മെംബർമാരെ വിളിച്ച് ചേർക്കുകയും ഒരു കുടുംബത്തിൽനിന്ന് ഒരു വ്യക്തി എന്നനിലക്ക് ആളുകളെ പണിക്ക് സംഘടിപ്പിക്കുകയും ചെയ്തു. തയാറല്ലാത്തവർ ഒരാൾക്കുള്ള കൂലി തരണം. അത് ജനങ്ങൾ അംഗീകരിക്കുകയും സഞ്ചാരയോഗ്യമായ ഒരുപാട് റോഡുകൾ പണിയുകയും ചെയ്തു.

1968ലെ ​പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും


ഗൗരിയമ്മയുടെ ഗൗരവം

ഗൗരിയമ്മ റവന്യൂ മന്ത്രിയായ നാളുകൾ. ആദ്യ ഭൂപരിഷ്കരണനിയമം കേരള നിയമസഭ പാസാക്കിയതിന് ശേഷം നിലവിൽ വന്ന കേരള കാർഷികബന്ധ ബിൽ (Kerala Agrarian Relations Bill, 1957). ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്കും ഹരിജന, ഗിരിജനങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി നേര്യമംഗലം വനത്തിലുള്ള ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രാഥമിക ചികിത്സക്കും പ്രാധാന്യം നൽകിക്കൊണ്ട് ഒരേക്കർ ഭൂമിക്ക് അപേക്ഷിച്ചു. കെ.ആർ. ഗൗരിയമ്മ അത് അനുവദിക്കുകയും ആവോലിച്ചാലിൽ എൽ.പി സ്കൂളിന് അനുമതി നൽകുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അന്നവിടുള്ള അധ്യാപകർക്ക് ശമ്പളം കൊടുത്തത്. ഇന്നത് നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന യു.പി സ്കൂളാണ്. കൂടാതെ തദ്ദേശവാസികൾക്ക് വായിക്കാനും ചർച്ചകൾ നടത്താനും 20 സെന്റ് സ്ഥലം കൂടുതൽ ചോദിച്ചിരുന്നു. അതും അനുവദിച്ചു. ഇന്ന് നാട്ടിലെ സാംസ്‌കാരിക പ്രവർത്തകർ ഒത്തു ചേരുന്ന വലിയൊരു വായനശാലയായി അത് മാറി. മന്ത്രി ആളൊരൽപം ഗൗരവക്കാരിയാണെങ്കിലും ഒരു സ്ത്രീയെന്ന പരിഗണന തന്നിരുന്നു.

20 കി.മി ദൂരം സഞ്ചാരിച്ചാലാണ് പഞ്ചായത്തിലെ ജനങ്ങൾക്ക് ആശുപത്രിയിൽ എത്താൻ കഴിയുക. ആർ.എസ്.പി മന്ത്രി ലെല്ലിങ്ടണിന്റെ കാലത്ത് പ്രാഥമിക കേന്ദ്രത്തിന് അനുമതി ലഭിച്ചു. നേര്യമംഗലത്തെ പൊലീസ് ഔട്ട്പോസ്റ്റ്‌ പഞ്ചായത്തിന്റെ നിരന്തര ഇടപെടലിലൂടെ പ്രാഥമിക കേന്ദ്രമായി അനുവദിച്ചുതന്നതും ജനങ്ങൾക്കിടയിൽ താൽപര്യം വർധിക്കാൻ കാരണമായി.

അ​ന്ന​മ്മ ജേ​ക്കബി​ന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന

സമരങ്ങളിലൊന്ന് 


ഭരണകാലത്തെ ദുരനുഭവം

നേര്യമംഗലത്ത് പെരിയാർ വീതി കുറഞ്ഞൊഴുകുന്ന പ്രദേശം. തോടു കടന്നുവേണം ജനങ്ങൾക്ക് ടൗണിലെത്താൻ. എന്നാൽ, മഴക്കാലമായാൽ വെള്ളപ്പാച്ചിൽമൂലം ജനങ്ങൾക്ക് തോടു കടക്കാൻ കഴിയാത്ത അവസ്ഥ. കുട്ടികൾ സ്കൂളിൽ പോകാറില്ല. അസുഖങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ആശുപത്രിയിലെത്താൻ കഴിയില്ല. പരിഹാരമായി ഒരു കലുങ്ക് നിർമിക്കാൻ പഞ്ചായത്ത്‌ തീരുമാനിച്ചു. എൻജിനീയറെയും വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെയും വിളിച്ച് കലുങ്കിനുള്ള കുറ്റി അടിപ്പിച്ചു. എന്നാൽ, ഞങ്ങൾ പോയതിനുശേഷം സ്വകാര്യവ്യക്തി അത് പറിച്ചുകളയുകയും കലുങ്ക് നിർമിക്കാൻ സമ്മതിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ തല കാണില്ലെന്ന് ഭീഷണിയുമായി വന്നു. അത് മുഖവിലക്കെടുത്തില്ലെന്ന് മാത്രമല്ല പൊലീസ് സംരക്ഷണയിൽ കലുങ്ക് നിർമാണം പൂർത്തിയാക്കി. 1980ൽ നാട്ടിൽ ബസ് റൂട്ട് ആരംഭിച്ചത് ഒരു സിനിമക്കഥപോലെയാണെന്ന് ജനങ്ങൾ ഇന്നും പറയും.

60കളിലെ തെരഞ്ഞെടുപ്പുത്സവം

അന്നൊക്കെ രണ്ടുമാസം മുമ്പേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. കിലോമീറ്റർ നടന്നുവേണം ഓരോ വീട്ടിലും ചെല്ലാൻ. ആദ്യം അഭ്യർഥന നോട്ടീസ് നൽകി പരിചയപ്പെടുത്തും. മൂന്നുതവണയെങ്കിലും വോട്ടഭ്യർഥനയുമായി ചെല്ലണം. ജനങ്ങൾക്കിടയിൽ വിശ്വാസം നേടിയാലേ ജയമുറപ്പിക്കാൻ കഴിയൂ. ജനപ്രതിനിധിക്ക് തെരഞ്ഞെടുപ്പിൽ ആകെ പൈസമുടക്കുള്ളൊരു ദിവസം സമാപന കൊട്ട് അഥവാ കലാശക്കൊട്ടാണ്. എനിക്ക് ആകെ ചെലവായ തുക 2000 രൂപയായിരുന്നു. ജാഥയില്ല, പ്രകടനമില്ല, കൊട്ടില്ല, പാട്ടില്ല, ആഘോഷങ്ങളൊന്നുമില്ല. ഒരു ബോർഡ്, നോട്ടീസ്, പിന്നെ ഒരു മൈക്ക് അനൗൺസ്മെന്റ്. അതിൽ വോട്ടുചെയ്യാനുള്ള സ്ഥാനാർഥിയുടെ പേര്, തെരഞ്ഞെടുപ്പ് സ്ഥലം, സമയം. ഇതാണ് അന്നത്തെ സമാപനകൊട്ട്.

പടിയിറക്കം

1984നു ശേഷം രാഷ്ട്രീയം ആകെ മാറി. പഞ്ചായത്ത് സംവിധാനങ്ങൾ മാറി. കോൺഗ്രസ്‌-കമ്യൂണിസം പക്ഷത്തേക്ക് ജനങ്ങൾ തിരിഞ്ഞു. ഇരുപാർട്ടിയിൽനിന്നും സ്വാതന്ത്ര സ്ഥാനാർഥിക്കുള്ള സീറ്റ് വാഗ്ദാനങ്ങൾ വന്നു.

എവിടെനിന്ന് ജയിച്ചാലും ഒരു പാർട്ടിക്കുള്ളിൽ നിന്നല്ലേ എനിക്ക് പ്രവർത്തിക്കാൻ കഴിയൂ? അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇരുകൂട്ടർക്കും മറുപടി ഇല്ലായിരുന്നു. അങ്ങനെ തുടരാൻ താൽപര്യമില്ലാത്തതിനാൽ 24 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കുപ്പായം ഊരിവെച്ച് ഗൃഹഭരണത്തിലേക്കു മാറി. പിന്നെ പറമ്പും കൃഷിയുമൊക്കെയായി കാലം കഴിച്ചു.

യുവ വോട്ടർമാരോട്

ചിന്തിക്കാൻ കഴിയാത്ത പ്രവൃത്തികളാണ് ഇന്ന് നടക്കുന്നത്. കാലുവാരലിന്റെ രാഷ്ട്രീയം. മനഃസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തികൾ. വാക്കുകളും പ്രവൃത്തിയും തമ്മിൽ അന്തരമേറെ. കാലുവാരലുകൾക്കപ്പുറം ചേരിതിരിവുകൾക്കപ്പുറം നാടിന്‍റെ വികസനത്തിനും നന്മക്കും പ്രാധാന്യം നൽകുന്ന ഭരണം വരണം. ഏതു പാർട്ടിയിൽനിന്ന് ജയിച്ചാലും നിങ്ങൾ ആ വാർഡിന്റെ പ്രതിനിധിയാണ്. നാട്ടിലെ ജനങ്ങളെ ഒന്നായി കാണാൻ ശ്രമിക്കുക. നല്ലൊരു ജനസേവകനാകുക.

കോതമംഗലം ഊന്നുകൽ സ്വദേശിയാണ് ഞാൻ. ഭർത്താവ് ജേക്കബ് കൃഷിക്കാരനായിരുന്നു. മൂന്നുമക്കൾ. ഇപ്പോൾ പ്രായം 88 കഴിഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ തുടരുന്നു.

.

Tags:    
News Summary - The President is independent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT