ജലജാമണി
അമ്പലപ്പുഴ: വിധിയെ തോല്പിച്ച് ജലജാമണിയുടെ നിശ്ചയദാർഢ്യത്തില്‍ ചെമ്മീന്തോക്കയില്നിന്ന് കിള്ളിയെടുത്തത് മക്കളുടെ തിളക്കമാര്‍ന്ന ജീവിതം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വടക്ക് കാട്ടുങ്കല്‍ ജലജാമണി (56) പല പ്രതിസന്ധികളെയും തരണം ചെയ്ത് മക്കള്‍ക്കായി ജീവിതം മാറ്റിവെക്കുകയായിരുന്നു. ദാരിദ്രത്തിന്റെ നടുവിലും മക്കളുടെ പഠനത്തിന് കുറവൊന്നും വരുത്താതെ അവര്‍ക്ക് തണലായി കഴിഞ്ഞ ജലജാമണി ഇന്ന് ആത്മസംതൃപ്തിയിലാണ്.
നല്ലൊരു പ്രായത്തില്‍ രണ്ട് മക്കളെ ഏല്പിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. പറക്കമുറ്റാത്ത രണ്ട് മക്കളുമൊത്ത് എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായി ജലജാമണി. നാട്ടുകാരുടെയും ബന്ധുക്കളുടെയും പിന്തുണ ജലജാമണിക്ക് പുതിയ വഴിത്തിരുവൊരുക്കി. അന്ന് മകള്‍ പ്ലസ് ടുവിനും മകന് എസ്.എസ്.എല്‍.സിക്കും പഠിക്കുകയായിരുന്നു. പഠനത്തില്‍ മിടുക്കരായ മക്കളുടെ തുടര്വിദ്യാഭ്യാസമായിരുന്നു ജലജാമണിയുടെ ഏകലക്ഷ്യം.
അതിനുള്ള യാത്രയായിരുന്നു പിന്നീട്. ആകാശത്ത് വെളിച്ചം വീശുംമുമ്പ് മക്കള്‍ക്കുള്ള ഭക്ഷണം ഒരുക്കിയശേഷം ചെമ്മീന്‍ കിള്ളാന്‍ പോകും. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കായി സേവാഭാരതി ഒരുക്കുന്ന കഞ്ഞിവെക്കാനും വിളമ്പാനും കൂടും. തൊഴിലുറപ്പുള്ളപ്പോള് അതിലും പങ്കെടുക്കും. പ്രാദേശികമായി മറ്റ് തൊഴിലുകള്‍ കിട്ടിയാല്‍ അതിനും പോകും. വീട്ടുകാര്യങ്ങളില്‍ മകള്‍ ശില്പയും മകന് ശ്യാമും സഹായിക്കാന്‍ ഒപ്പം ഉണ്ടായിരുന്നത് തെല്ലൊരു ആശ്വാസവുമായി.
ശില്പ പ്ലസ്ടുവില്‍ നല്ല മാര്‍ക്കോടെയാണ് ജയിച്ചത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡി.എം.എല്‍.ടിക്ക് പ്രവേശനം കിട്ടി. പഠനം പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലിയും ലഭിച്ചു. ഇതിനിടെ നല്ലൊരു വിവാഹാലോചന വന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തില്‍ വിവാഹവും നടത്തി.
മകന് ശ്യാം പ്ലസ് ടുവിന് ശേഷം വെറ്ററിനറിയില്‍ ബിരുദവും വെറ്ററിനറി പതോളജിയില്‍ ബിരുദാനന്തരബിരുദവും നേടി. നിലവില്‍ വെറ്ററിനറി പതോളജിയില്‍ പിഎച്ച്.ഡി ചെയ്യുകയാണ്. മുഖത്തുനിന്ന് ഒഴിയാത്ത പുഞ്ചിരിയും എളിമയുമായി ജലജ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഈ കുടുംബത്തിന് വഴിത്തിരിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.