സ്നേഹപ്രഭ
ജീവിതത്തിൽ വെറുതെയിരിക്കാൻ ഒരു താൽപര്യവുമില്ല കോഴിക്കോട് സ്വദേശിനി സ്നേഹപ്രഭക്ക്. സമയത്തേക്കാൾ മൂല്യമുള്ള മറ്റൊന്നില്ല ലോകത്ത്. സമപ്രായക്കാരിൽ പലരും ഒന്നും ചെയ്യാതെ വീടുകളിൽ ഒതുങ്ങിക്കൂടുമ്പോൾ സന്തോഷത്തോടെ തനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാകാര്യങ്ങളും തിരഞ്ഞുപിടിച്ച് ചെയ്യുന്ന തിരക്കിലാണ് ഈ വീട്ടമ്മ.
പ്രായം ഒന്നിനും തടസ്സമല്ല. അതിനെപറ്റി ചിന്തിക്കുകയും വേണ്ട. നമ്മൾ കർമനിരതരാവുകയാണ് വേണ്ടത്. എന്നെക്കൊണ്ട് ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന ചിന്താഗതി തന്നെയാണ് രോഗങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും കാരണമെന്നാണ് സ്നേഹപ്രഭയുടെ കാഴ്ചപ്പാട്. മനസ്സാണ് എല്ലാത്തിനും ആധാരം. മനസ്സിന്റെ ശക്തികൊണ്ട് ലോകത്ത് എന്ത് കാര്യവും നേടാൻ കഴിയും. ഈ 61ാം വയസ്സിലും മറ്റുള്ളവരെ നീന്തൽ പരിശീലിപ്പിക്കാനുള്ള തിരക്കിലാണ് അവർ. ഒരുദിവസം കൊണ്ട് ആൾക്കാരെ നീന്തൽ പഠിപ്പിക്കുന്ന പരിശീലന ക്ലാസുകളും നൽകിവരികയാണ്. നീന്തൽ മത്സരത്തിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.
സ്നേഹപ്രഭ തന്റെ സ്വിമ്മിങ് അക്കാദമിയിൽ
ചെറുപ്പത്തിൽ അച്ഛനാണ് നീന്തലിന്‍റെ ആദ്യ പാഠങ്ങൾ പകർന്നുനൽകിയത്. പിന്നീട്, 2010ൽ കൈവേദന വന്നപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണ് നീന്തൽ എന്ന വ്യായാമത്തെ ഗൗരവമായി എടുത്തത്. ഒരുപാട് കാലം ബുദ്ധിമുട്ടിച്ച രോഗം അങ്ങനെ വിടപറഞ്ഞു. പക്ഷേ, അതിനുശേഷവും നാട്ടിലെ കുളത്തിൽ പോയി നീന്തുമായിരുന്നു. ഇത് കണ്ട ചില കുട്ടികൾ അവരെ പഠിപ്പിക്കാമോയെന്ന് ചോദിച്ചു.
അങ്ങനെ തുടങ്ങിയ നീന്തൽ പരിശീലനം ഇന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 6000ൽപരം ശിഷ്യരിലെത്തി നിൽക്കുന്നു. കൂടാതെ, നീന്തൽ പരിശീലനത്തിന്‍റെയും ലൈഫ് ഗാർഡിന്‍റെയും ലൈസൻസും നേടിയെടുത്തു. എല്ലാവരും പഠിക്കേണ്ട കായികാഭ്യാസമാണ് നീന്തലെന്ന് സ്നേഹപ്രഭ പറയുന്നു. ജീവൻരക്ഷാ മാർഗമാണത്. പ്രായഭേദമന്യേ പഠിക്കാം. മനസ്സുവെച്ചാൽ വെള്ളത്തോടെന്നല്ല എന്തിനോടുള്ള ഭയവും മാറ്റിയെടുക്കാം.
നീന്തൽ ക്ലാസിൽ വാട്ടർ തെറപ്പിയുമുണ്ട്. അപകടത്തിൽ പരിക്കേറ്റ നിരവധി പേർക്ക് ഇതുവഴി ഭേദമായിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. ഇതെല്ലാം വലിയ സന്തോഷം നൽകുന്നു. നാട്ടിലെ കുളത്തിൽ ആരംഭിച്ച പരിശീലനം ഇന്ന് സ്വന്തമായി നിർമിച്ച സ്നേഹപ്രഭ സ്വിമ്മിങ് അക്കാദമിവരെ എത്തിനിൽക്കുന്നു. മകൾ പ്രവിത വസന്ത് ആണ് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ വെള്ളന്നൂർ ഗ്രാമമാണ് പ്രഭേച്ചിയുടെ സ്വദേശം. പഞ്ചായത്ത് കുളത്തിൽ സ്ത്രീപുരുഷ പ്രായഭേദമെന്യ അയ്യായിരത്തിലേറെ ആളുകളെ നീന്തൽ പഠിപ്പിച്ചതിനുശേഷമാണ് വീടിനടുത്ത് 41 ലക്ഷം രൂപ ചെലവഴിച്ചു നീന്തൽകുളം നിർമിച്ചത്.
സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങി കെ.എസ്.എഫ്.ഇയുടെ മുടക്കച്ചിട്ടികളിൽ നിക്ഷേപിച്ചാണ് സ്വന്തമായി സ്വിമ്മിങ് അക്കാദമി എന്ന ആഗ്രഹത്തിന് തുടക്കം കുറിക്കുന്നത്. ചിട്ടി വിളിച്ചതിൽനിന്ന് ലഭിച്ച 25 ലക്ഷത്തോളം രൂപയും ഭർത്താവ് അദ്ദേഹത്തിന്‍റെ റിട്ടയർമെന്‍റ് തുകയിൽനിന്ന് നൽകിയ 16 ലക്ഷവും ഉപയോഗിച്ചാണ് പൂൾ നിർമിച്ചത്. ചിട്ടിയിലെ മാസ അടവിനായി ഭർത്താവ് അദ്ദേഹത്തിന്‍റെ പെൻഷൻ തുക നൽകും. തയ്യൽജോലി വഴി ദിവസവും ആയിരം രൂപയോളം സമ്പാദിക്കുന്നുണ്ട്. സ്വിമ്മിങ് പൂളിൽനിന്ന് നല്ല വരുമാനമുണ്ട്. രണ്ടുലക്ഷം രൂപവരെ കിട്ടിയ മാസമുണ്ട്.
പൂൾ വൃത്തിയാക്കലും നീന്തൽ പരിശീലിപ്പിക്കലുമെല്ലാം പ്രഭേച്ചിതന്നെയാണ് ചെയ്യുന്നത്. രാവിലെ നാലരമണിക്കെഴുന്നേറ്റാണ് കുളം വൃത്തിയാക്കുന്നത്. ഓരോ ക്ലാസിനുശേഷവും വീണ്ടും വൃത്തിയാക്കും. എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും ഉള്ളതുകൊണ്ട് തന്നെ വരുന്നവർക്കെല്ലാം നല്ല അഭിപ്രായമാണ് ഈ പരിശീലന കേന്ദ്രത്തെ പറ്റി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഇവിടെ പരിശീലനത്തിനായെത്തുന്നുണ്ട്. വരുമാനത്തിന്‍റെ ഒരുഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും.
ചെറുപ്പം തൊട്ടേ എല്ലാറ്റിനും ഓടിനടക്കുന്ന പ്രകൃതക്കാരിയായിരുന്നു. ചെറുപ്രായത്തിൽതന്നെ കല്യാണം കഴിഞ്ഞു. അപ്രതീക്ഷിതമായി വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. ഓലമടഞ്ഞ വീടുകളുള്ള കാലമായിരുന്നു. രാവും പകലും ഓല മടയും. കൂടെ തയ്യലും. കഷ്ടപ്പെടാൻ തയാറാണെങ്കിൽ നേട്ടങ്ങൾ കൊയ്യാനും കഴിയുമെന്നതിന് പ്രഭേച്ചിയുടെ ജീവിതംതന്നെ തെളിവ്.
ഒരിക്കൽ അടുത്ത വീട്ടിൽ പാമ്പുണ്ടെന്ന് പറഞ്ഞു വിളിവന്നു. സുഹൃത്തും പാമ്പുപിടിത്തക്കാരനുമായ കബീറിനെയും കൂട്ടി അവിടെയെത്തി. ഒരു മൂർഖനും 16 മൂർഖൻ കുട്ടികളും. നല്ല ഭംഗിയുള്ള മൂർഖൻ കുഞ്ഞുങ്ങളെ കണ്ടപ്പോൾ കൈയിലെടുക്കണമെന്ന് ആഗ്രഹം. അപ്പോഴാണ് അതിന് ലൈസൻസ് വേണമെന്നറിയുന്നത്. പിന്നീട് തടസ്സങ്ങൾ പലതും നേരിട്ടെങ്കിലും പാമ്പിനെ പിടികൂടാനുള്ള ലൈസൻസ് നേടിയെടുത്തു. പാമ്പ് പിടിത്തത്തിന് ആവശ്യമായ സാധനങ്ങളും വാങ്ങി. ആദ്യമായി മൂർഖനെ കൈയിലെടുത്ത ദിവസം ഒത്തിരി സന്തോഷം നൽകിയതും മറക്കാനാകാത്ത നിമിഷങ്ങളിലൊന്നായിരുന്നു പ്രഭേച്ചിക്ക്. അണലി, വെള്ളിക്കെട്ടൻ, പെരുമ്പാമ്പ്, ചേര തുടങ്ങി 67 ഓളം പാമ്പുകളെ ഇതിനോടകം പിടികൂടിയിട്ടുണ്ട്.
ഓരോ ദിവസവും മാനസികമായിട്ട് വളരണം. നമ്മുടെ കരുത്ത് നമ്മൾതന്നെ മനസ്സിലാക്കണം. ആരെങ്കിലും പിന്നിൽ നിൽക്കാനുണ്ടെങ്കിൽ ചെയ്യാമെന്ന് കരുതിയാൽ ആഗ്രഹങ്ങൾ നടന്നെന്ന് വരില്ല. പ്രായമായവർ മിക്കപ്പോഴും പെൻഷനുള്ളത് കൊണ്ടും മറ്റും ഒന്നും ചെയ്യാതെ വെറുതെയിരിക്കും. പണം നമുക്ക് ആരോഗ്യം തരില്ല.
കാരുണ്യ സേവനരംഗത്തും അഗ്നി രക്ഷാസേന സിവിൽ ഡിഫൻസ് വളണ്ടിയറായും പ്രവർത്തിക്കുന്ന ഈ 61 കാരിയെ തേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.
സന്നദ്ധ സേവനരംഗത്തെ പ്രവർത്തനത്തിന് കേരള ഫയർഫോഴ്സ് ജനറലിന്‍റെ വിശിഷ്ട സേവനപത്രം, 2020-21ലെ വനിതാ രത്ന പുരസ്കാരം, കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്‍റെ സ്നേഹാദരം എന്നിവ അവയിൽ ചിലതുമാത്രം.
സൈന്യത്തിൽനിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നും വിരമിച്ച ഭർത്താവ് വസന്തകുമാർ, മക്കളായ പ്രവിത വസന്ത്, പ്രവീണ വസന്ത് എന്നിവരടങ്ങുന്നതാണ് സ്നേഹപ്രഭയുടെ കുടുംബം.
"ഒരേസമയം സംതൃപ്തിയും സന്തോഷവും വരുമാനവും ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നതിൽപരം മറ്റെന്ത് വേണം. അധ്വാനിക്കാൻ തയാറാണെങ്കിൽ ഏത് മേഖലയിൽനിന്നും മികച്ച വരുമാനം നേടാൻ കഴിയും. നമുക്കാവശ്യമുള്ളതൊക്കെ നമ്മുടെ ഉള്ളിൽതന്നെയുണ്ട്. അതെടുത്ത് ഉപയോഗിച്ചാൽ മതി. ബാക്കിയൊക്ക പിന്നാലെ വന്നോളും."- പ്രഭേച്ചിക്ക് പറയാനുള്ളത് ഇത്രമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.