ദുബൈ പൊലീസിലെ വനിത അംഗം
ദുബൈ: 1960ലാണ് എമിറേറ്റിലെ പൊലീസ് സേനയിൽ ആദ്യമായി ഒരു വനിത ഉദ്യോഗസ്ഥയായത്. ആറ് പതിറ്റാണ്ട് പിന്നിടുമ്പോൾ ഇന്ന് എല്ലാ വകുപ്പുകളിലും സ്ത്രീസാന്നിധ്യമുണ്ടെന്ന് മാത്രമല്ല, പലതും നയിക്കുന്നത് സ്ത്രീകളാണ്. ഞായറാഴ്ച ഇമാറാത്തി വനിതദിനം ആചരിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അധികൃതർ പങ്കുവെച്ചത്.അന്ന് ഒരേയൊരു സ്ത്രീ; ഇന്ന് എല്ലാ വകുപ്പുകളിലും സാന്നിധ്യം
1967ലാണ് പൊലീസിലെ ആദ്യ വനിതബാച്ച് സേനയുടെ ഭാഗമാകുന്നത്. ഇവർ ജുമൈറയിലെ പൊലീസ് ട്രെയിനിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയാണ് പൊലീസിൽ ചേരുന്നത്. ഇപ്പോൾ എല്ലാ ഡിപ്പാർട്മെന്റുകളിലും വനിതാ സാന്നിധ്യമുണ്ട്.
മാത്രമല്ല, നിലവിൽ സ്ത്രീകളുടെ സമ്പൂർണപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ജോലിസ്ഥലത്ത് അവരുടെ സന്തോഷം ഉറപ്പാക്കുന്നതിനും സേനയിൽ ദുബൈ പൊലീസ് വിമൻസ് കൗൺസിലും പ്രവർത്തിക്കുന്നുണ്ട്. 2017ൽ ആരംഭിച്ച ഈ സംവിധാനം വഴി ജോലിസ്ഥലത്തെ സ്ത്രീകളുടെ സന്തോഷസൂചിക 2018ൽ 88.2 ശതമാനത്തിൽനിന്ന് 2021ൽ 98 ശതമാനമായി ഉയർന്നു.
സ്ത്രീശാക്തീകരണ സംഭാവനകളുടെ പേരിൽ കൗൺസിലിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 7500ലധികം വനിത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പ്രയോജനം ചെയ്യുന്ന നിരവധി പരിപാടികളും കൗൺസിൽ സംഘടിപ്പിച്ചുവരുന്നുണ്ട്. വനിതജീവനക്കാർക്ക് വകുപ്പ് സ്‌കോളർഷിപ് നൽകിവരുന്നുമുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടെ സ്‌കോളർഷിപ് ലഭിച്ച വനിത ജീവനക്കാരുടെ എണ്ണത്തിൽ 69 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഇതിലൂടെ ക്രിമിനൽ സയൻസസ്, ബയോളജിക്കൽ സയൻസ്, കമ്യൂണിക്കേഷൻ, ലോ ആൻഡ് പൊളിറ്റിക്സ്, ആർട്ടിഫിഷൽ ഇന്‍റലിജൻസ് സിസ്റ്റം എന്നിവയുൾപ്പെടെ 73 സുപ്രധാന മേഖലകളിൽ സ്ത്രീകൾ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.