കഥകളി സംഗീതത്തിന്റെ ഭാവസാന്ദ്രമായ ലോകത്തേക്ക് എത്തിയ കലാകാരി, ഫാത്തിമ ഇസ്തികിന്റെ വിശേഷങ്ങൾ
ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങളിൽനിന്ന് കഥകളി സംഗീതത്തിന്റെ ഭാവസാന്ദ്രമായ ലോകത്തേക്ക് എത്തിയ കലാകാരി, ഫാത്തിമ ഇസ്തിക്. കഥകളിയുടെ ആത്മാവാണ് കഥകളി സംഗീതം. മറ്റ് ക്ലാസിക്കൽ സംഗീതരൂപങ്ങളിൽനിന്ന് വ്യത്യസ്തമായി, നടന്റെ ഭാവങ്ങൾക്കും മുദ്രകൾക്കും അനുസൃതമായി കഥാസന്ദർഭങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് കഥകളി സംഗീതത്തിന്റെ കാതൽ. ദുബൈയിലെ പ്രവാസ ജീവിതത്തിനിടയിലും മലപ്പുറത്തുകാരിയായ ഫാത്തിമ തന്റെ സംഗീതസപര്യ തുടരുകയാണ്. ഫാത്തിമയുടെ പാട്ടു വിശേഷങ്ങൾ...
ചെറുപ്പം മുതലേ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ടായിരുന്നു. വണ്ടൂരിലെ ത്യാഗരാജ സ്കൂളിൽ ഷീബ ടീച്ചറുടെ കീഴിലാണ് സംഗീതപഠനം തുടങ്ങിയത്. എന്റെ സംഗീതയാത്രയുടെ തുടക്കവും അടിത്തറയും അവിടെനിന്നായിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലത്താണ് സ്കൂളിലെ റഷീന ടീച്ചർ എന്റെ ശബ്ദം കഥകളി സംഗീതത്തിന് അനുയോജ്യമായ ശബ്ദമാണെന്ന് തിരിച്ചറിയുന്നതും ആ വഴിയിലേക്ക് തിരിച്ചുവിടുന്നതും. 2016ൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കലോത്സവത്തിൽ മത്സരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലാണ് കഥകളി സംഗീതത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ശാസ്ത്രീയ സംഗീതത്തിൽ ജില്ലതലം വരെ എത്തിയിരുന്നു. സ്കൂൾ പഠനത്തിനുശേഷം സംഗീതം ഗൗരവമായി പഠിക്കണമെന്ന ആഗ്രഹത്താൽ എറണാകുളം മഹാരാജാസ് കോളജിൽനിന്നും ബി.എ മ്യൂസിക് പൂർത്തിയാക്കി. തുടർന്ന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്നാണ് എം.എ ബിരുദം നേടിയത്.
കഥകളി സംഗീതരംഗത്തെ ശ്രദ്ധേയ ഗായികയും 2021ലെ വെണ്മണി ഹരിദാസ് പുരസ്കാര ജേതാവുമായ ദീപ പാലനാടാണ് ഫാത്തിമയുടെ ഗുരു. മലപ്പുറം പോരൂർ സ്വദേശിയായ ഫാത്തിമ, ദീപ ടീച്ചർ സ്കൂളിൽ കണക്ക് പഠിപ്പിച്ചിരുന്ന കാലം മുതലേ ടീച്ചറുടെ പ്രിയ ശിഷ്യയാണ്. കണക്ക് പഠിപ്പിച്ച ടീച്ചറിൽനിന്ന് കഥകളി സംഗീതത്തിലേക്കുള്ള ദൂരം അപ്രതീക്ഷിതമായിരുന്നു. അങ്ങനെ ടീച്ചറുടെ കീഴിൽ കഥകളി സംഗീതം പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരങ്ങളും കച്ചേരികളും ഉണ്ടാവുമ്പോഴൊക്കെ ടീച്ചർ അറിയിക്കാറുണ്ട്. പരമാവധി അതിലെല്ലാം പങ്കെടുക്കാൻ ശ്രമിക്കാറുമുണ്ട്.
എട്ട്-ഒമ്പത് വർഷമായി ഞാൻ കഥകളി സംഗീതം പാടുന്നുണ്ട്. മത്സരങ്ങൾക്കുവേണ്ടി പത്ത് മിനിറ്റ് ദൈർഘ്യമുള്ള പദങ്ങൾ മാത്രമായിരുന്നു ഇത്രയും കാലം പഠിച്ചിരുന്നത്. ഇപ്പോൾ മത്സരത്തിനപ്പുറം ഗൗരവമായി ഈ കലയെ പഠിച്ചുതുടങ്ങിയിരിക്കുകയാണ്. ടീച്ചർ വരികൾ എഴുതി അയച്ചുതരും, ഒപ്പം ഓഡിയോ ആയി പാടിത്തരും. അത് കേട്ടുപഠിച്ച് ഞാൻ തിരിച്ച് പാടിക്കൊടുക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് പഠനം. കച്ചേരിയാണെങ്കിൽ പത്ത്-പന്ത്രണ്ട് പദങ്ങളൊക്കെ പാടും. പക്ഷേ, അത് പദങ്ങളുടെ പ്രധാന ഭാഗങ്ങൾ മാത്രമായിരിക്കും. എന്നാൽ, കളിക്ക് വേണ്ടി പാടുമ്പോഴാണ് ഓരോ പദവും പൂർണരൂപത്തിൽ പാടുന്നത്. നിലവിൽ കച്ചേരികളാണ് ചെയ്യാറുള്ളത്. ആട്ടത്തിനുവേണ്ടി ഇതുവരെ പാടിയിട്ടില്ലെന്നും ഫാത്തിമ പറയുന്നു.
ഫാത്തിമ ദീപ പാലനാടിനൊപ്പം വേദിയിൽ
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ലവണാസുര വധം’ പഠിച്ചത്. ഞാൻ ആദ്യം പഠിച്ച പദമാണ് ഇത്. 2017ൽ ദീപ ടീച്ചറുടെ നിർബന്ധപ്രകാരം ഇരിങ്ങാലക്കുടയിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തതും ഒന്നാം സ്ഥാനം ലഭിച്ചതുമാണ് വഴിത്തിരിവായത്. അതിനുശേഷം എല്ലാ വർഷവും അവർ വിളിക്കും. ചില സമയത്തൊന്നും പോവാൻ പറ്റിയിട്ടില്ല.
2024ൽ സംഗീതാർച്ചന പോലെ കലാമണ്ഡലം നടത്തിയിരുന്നു. എല്ലാവർക്കും വന്ന് പാടാം എന്നായിരുന്നു. അങ്ങനെ പോയി പാടിയതാണ് ലവണാസുര വധം. സോഷ്യൽ മീഡിയ വഴി നല്ല സപ്പോർട്ടായിരുന്നു ആ സമയത്ത് കിട്ടിയത്. പലരും കലാമണ്ഡലം ഹൈദരാലിയുടെ ശൈലിയാണെന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളതാണോ എന്നുപോലും ചിലർ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ ക്ഷേത്രങ്ങളിലും മറ്റും പാടാൻ അവസരം ലഭിക്കുന്നുണ്ട്. ആദ്യമായിട്ട് പാടിയത് 2019ലാണ്.
സംഗീതജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് സ്റ്റാർ സിങ്ങർ ഫൈനൽ ഓഡിഷനാണ്. അവിടെ പാടിയ കഥകളി സംഗീതം സോഷ്യൽ മീഡിയയിൽ വൈറലാവുകയും, അതുകണ്ട് ഒരു ചാനലിലെ പരിപാടിയിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. അതൊരു മികച്ച അനുഭവമായിരുന്നു. നിലവിൽ ഷോകളിലും സജീവമായി പാടാറുണ്ട്. ചെറുപ്പം മുതലേ ഉമ്മയും ഉപ്പയും നൽകുന്ന പിന്തുണയാണ് എന്റെ സംഗീതജീവിതത്തിന്റെ കരുത്ത്. വിവാഹശേഷം ഇപ്പോൾ ഭർത്താവിനൊപ്പം ദുബൈയിലാണ് താമസം. പ്രവാസജീവിതത്തിനിടയിൽ കഥകളി സംഗീതം അവതരിപ്പിക്കാൻ അവസരങ്ങൾ ലഭിക്കാറില്ലെങ്കിലും സിനിമാഗാനങ്ങൾ പാടാറുണ്ട്. എങ്കിലും സംഗീത പരിപാടികൾക്കായി നാട്ടിൽ എത്താറുണ്ടെന്ന് ഫാത്തിമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.