റീമ ജാഫർ അഹ്മദാബാദിൽ നടന്ന നാഷനൽ ചിൽഡ്രൻസ് ശാസ്ത്ര കോൺഗ്രസിൽ

ദേശീയ ശാസ്ത്ര കോൺഗ്രസിൽ തിളങ്ങി തളിപ്പറമ്പ് സ്വദേശി

കുവൈത്ത് സിറ്റി: ഗുജറാത്തിലെ അഹ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയശാസ്ത്ര കോൺഗ്രസിൽ തിളങ്ങി കുവൈത്തിൽ നിന്നുള്ള മലയാളി വിദ്യാർഥി. അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയും തളിപ്പറമ്പ് സ്വദേശിയുമായ റീമ ജാഫറാണ് ഗവേഷണ അനുഭവങ്ങൾ ശാസ്ത്ര കോൺഗ്രസിൽ പങ്കുവെച്ചത്.

അൾട്രാ വയലറ്റ് ബി രശ്മികളുടെ ലഭ്യതയിൽ ജീവിതരീതികൾ, വസ്ത്രധാരണം എന്നിവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വിവിധ സാഹചര്യങ്ങളിൽ അവയുടെ ലഭ്യത എന്നതായിരുന്നു വിഷയം. ഇതിന്റെ ഭാഗമായി ഇന്ത്യയിലും കുവൈത്തിലും ലോകത്തിന്റെ മറ്റിടങ്ങളിലും യു.വി.ബി കിരണത്തിന്റെ സാന്നിധ്യം പഠിച്ചു.

ഇന്ത്യയിലെയും മിഡിലീസ്റ്റ് രാജ്യങ്ങളിലെയും ആളുകൾക്ക് വർഷത്തിൽ ഭൂരിഭാഗം സമയവും തീവ്രമായ കാലാവസ്ഥ കാരണം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സാധ്യമല്ല. ശരീരത്തിന്റെ കൂടുതൽ ഭാഗം മൂടി സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് തടയുന്നതുമാണ് കുവൈത്തിന്റെ വസ്ത്ര പാരമ്പര്യമെന്നും കണ്ടെത്തലായി റീമ ജാഫർ പങ്കുവെച്ചു. അൾട്രാ വയലറ്റ് ബി റേ ഫിൽട്ടറേഷനിൽ വിവിധ നിറങ്ങളിലുള്ള തുണിത്തരങ്ങൾ, വിൻഡോ ഗ്ലാസ്, സൺസ്ക്രീൻ ലോഷൻ എന്നിവയുടെ പ്രഭാവം പഠിക്കാൻ ഫീൽഡ് പരീക്ഷണങ്ങളും നടത്തിയിരുന്നു.

റീമ ജാഫറും സംഘവും ഗവേഷണത്തിൽ

പോളിസ്റ്റർ തുണിയെ അപേക്ഷിച്ച് കോട്ടൺ തുണിത്തരങ്ങൾ അൾട്രാ വയലറ്റ് ബിയിലേക്ക് കൂടുതൽ സുതാര്യമാണെന്നും, ഡെനിം ജീൻസ് തുണിത്തരങ്ങൾ അൾട്രാവയലറ്റ് ബി രശ്മിയെ പൂർണമായും തടയുന്നുവെന്നും റീമ സൂചിപ്പിച്ചു. കറുത്ത നിറത്തെ അപേക്ഷിച്ച് അൾട്രാവയലറ്റ് ബി രശ്മികൾക്ക് വെളുത്ത തുണി കൂടുതൽ സുതാര്യമാണെന്ന തങ്ങളുടെ കണ്ടെത്തലും ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചു. ജനുവരി 27 മുതൽ 31 വരെയായിരുന്നു പരിപാടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സംസ്ഥാനതല വിജയികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പ്രോജക്ട് ടീമിൽ റീമയുടെ സഹായിയായി എഴാം ക്ലാസിലെ നസീഹ മുദ്ദസിറും ഉണ്ടായിരുന്നു. ഇസ്സ അൽ നസ്റുല്ല, റാണി ജോർജ് എന്നീ അധ്യാപകരായിരുന്നു ​പ്രോജക്ട് സൂപ്പർ​വൈസർമാർ. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നേരത്തേയും റീമ ജാഫർ മികവുപുലർത്തിയിരുന്നു.

Tags:    
News Summary - reema jafar, native of Taliparamba shine in National Children Science Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.