നൂപുരധ്വനി ഖത്തർ നൃത്തവിദ്യാലയത്തിൽ നിന്നുള്ളവർ ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്

ചിലങ്കകെട്ടി മോഹിനിമാർ ആടി; ഗുരുവായൂരിൽ സ്വപ്നസാഫല്യം

ദോഹ: സ്കൂൾ, കോളജ് പഠനകാലത്ത് നൃത്തവേദികളിൽ ആടിത്തിമിർത്ത ഓർമകളുമായി മോഹിനിമാർ വീണ്ടും അരങ്ങിൽ ചുവടുവെച്ചു. കൗമാരകാലത്ത് അഴിച്ചുവെച്ച വേഷങ്ങൾക്ക് ചായം തേച്ച് പതിറ്റാണ്ടുകൾക്കിപ്പുറം സ്വപ്നങ്ങൾക്ക് ചിലങ്കകെട്ടി. ഗുരുവായൂരപ്പ സന്നിധിയിൽ മേൽപത്തൂർ ഓഡിറ്റോറിയത്തിലാണ് മോഹിനിയാട്ടത്തിനായി ചിലങ്ക കെട്ടിയത്. ഖത്തറിൽ നിന്നുള്ള വീട്ടമ്മമാരുടെ സംഘമാണ ദീർഘനാളത്തെ ഇടവേളക്കു ശേഷം നൃത്തം പരിശീലിച്ച് അരങ്ങിലെത്തിയത്. ഖത്തറിലെ നൃത്താധ്യാപിക കലാമണ്ഡലം സീമ രജിത്തിനു കീഴിൽ അഭ്യസിക്കുന്ന വീട്ടമ്മമാരായിരുന്നു അവർ. ഖത്തറിൽ സർക്കാർ മേഖലകളിൽ, സ്കൂളുകളിലും വിവിധ സ്വകാര്യസ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്നവരും വീട്ടമ്മമാരുമായ 14 പേർ.

കസവുസാരിയണിഞ്ഞ്, തലമുടി ഇടതുഭാഗംവെച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിച്ച് അരങ്ങേറിയപ്പോൾ വീണ്ടും കൗമാരകാലത്തേക്ക് തിരിച്ചുപോയി ആ അമ്മമാർ. സ്കൂൾ, കോളജ് പഠനകാലത്ത് നൃത്തവേദികളിൽ കയറിയവരായിരുന്നു പലരും. ചിലർ ക്ലാസിക്കൽ നൃത്തങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരും. ശേഷം, വേഷങ്ങളഴിച്ച് ജീവിതത്തിരക്കിലമർന്നവർ പ്രവാസമണ്ണിലെത്തിയപ്പോൾ ഇടവേളയിൽ വീണ്ടും ചിലങ്കകെട്ടി. കേരളത്തിലെ പല ജില്ലകളിൽനിന്നായി, പ്രവാസത്തിലേക്കെത്തിയ സമാനമനസ്കരായ വീട്ടമ്മമാർ 'നൂപുരധ്വനി'നൃത്തവിദ്യാലയത്തിനു കീഴിലാണ് ഒന്നിച്ചത്. 2019ൽ തുടങ്ങിയ നൃത്തപഠന ക്ലാസിൽ 20 പേരുണ്ടായിരുന്നു. കോവിഡ് കാലം പരിശീലനത്തിന് തടസ്സമായപ്പോൾ ഓൺലൈനിൽ സജീവമായി.

ഇതിനിടയിൽ, ഖത്തറിലെ പല വേദികളിലും അവർ ഒന്നിച്ച് പരിപാടികൾ അവതരിപ്പിച്ചു. അപ്പോഴും സ്വപ്നമായിരുന്നു ഗുരുവായൂരിൽ നൃത്തം അവതരിപ്പിക്കുകയെന്നത്. ഗുരുവായ കലാമണ്ഡലം സീമ നൽകിയ പ്രചോദനം ഓരോ നർത്തകിമാർക്കും ആവേശമായി. അങ്ങനെ, വർഷങ്ങളായി താലോലിച്ച സ്വപ്നം ഇക്കഴിഞ്ഞ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ നിറവേറ്റി ഇവർ. നാട്ടിലേക്ക് പുറപ്പെടും മുമ്പേ രണ്ടു മാസത്തോളം ഖത്തറിൽ ഒന്നിച്ച് പരിശീലിച്ചു. നാട്ടിലെത്തിയപ്പോൾ ഓൺലൈൻ വഴിയും ഒന്നിച്ച് പരിശീലിച്ചു. ഒടുവിൽ ജൂലൈ 16ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അനുഗൃഹീത സദസ്സിനു മുന്നിൽ ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരമായി മോഹിനിയാട്ടം അവതരിപ്പിച്ചു -സംഘത്തിലെ രഞ്ജി രാജേശ്വർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട പരിപാടിയിൽ വൈവിധ്യമാർന്ന ചുവടുകൾ അവതരിപ്പിച്ചു.

അഞ്ജന ഷൈൻ, അശ്വതി വിനോദ്, ദിവ്യ, മൃദുല മുകുന്ദൻ, മുത്ത് എബ്രഹാം, നാരായണി ശ്രീദേവി, നിഷ വിജയകുമാർ, പാർവതി ശിവൻ, റീമ സുമേഷ്, രഞ്ജി രാജേശ്വർ, രേഷ്മ ഹരീഷ്, സിമി സുരേഷ്കുമാർ, സുധ രാജീവ് കുമാർ, ശ്രീദേവി തങ്കമണി എന്നിവരായിരുന്നു നൃത്തം അവതരിപ്പിച്ച കലാകാരികൾ. കലാമണ്ഡലം സീമ രജിത് നട്ടുവാംഗവും പയ്യന്നൂർ വൽസരാജ് (വായ്പാട്ട്), പയ്യന്നൂർ രാജൻ (മൃദംഗം), സൗന്ദര രാജൻ (വീണ), സനൽകുമാർ വടകര (വയലിൻ), ഗംഗാധരൻ മാനന്തേരി (ഇടക്ക) എന്നിവർ പിന്തുണയേകി.

Tags:    
News Summary - Qatar Malayalee dancers performed Mohiniyattam at Guruvayoor Melpatthur Auditorium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT