ചുവർ വേണമെന്നില്ല, മുട്ടത്തോട് മതി ചിത്രം വരക്കാൻ

മുട്ടത്തോടുകൾ വേസ്റ്റ് ബിന്നിലേക്ക് കളയാൻ വരട്ടെ, അതെല്ലാം സൂക്ഷ്മതയോടെ ശേഖരിക്കുകയാണ് ദുബൈയിൽ ഒരു മലയാളി വീട്ടമ്മ. ഇങ്ങനെ ശേഖരിച്ച മുട്ടത്തോടുകൾ എന്തുചെയ്യുമെന്നല്ലേ. ദുബൈ റാസൽഖോറിലെ സമാരി റെസിഡൻസിലെ ഇവരുടെ വീടൊന്നു സന്ദർശിച്ചാൽ മതി. അവിടുത്തെ ചുവരുകളിലെ മനോഹര ചിത്രങ്ങൾ തരും ഇതിെൻറ ഉത്തരം. ആലുവക്കാരി ഫെബിൻ അർഷദാണ് അധികം എവിടെയും കേട്ടിട്ടില്ലാത്ത വിചിത്ര പരീക്ഷങ്ങളുമായി ചിത്രകലാലോകത്ത് പുതിയ രീതിക്ക് തുടക്കമിട്ടിരിക്കുന്നത്.

പഠിക്കുന്ന കാലത്തു തന്നെ ചിത്രകലയോടായിരുന്നു ഫെബിന് കമ്പം. പഠിച്ച് എഞ്ചിനീയറായിട്ടും നിറങ്ങളുടെ ലോകം വിട്ടിരുന്നില്ല. കുട്ടികളും കുടുംബവുമായി ദുബൈയിൽ കഴിയുന്നതിനിടെയാണ് ഇഷ്ടവിനോദത്തിലേക്ക് വീണ്ടും തിരിഞ്ഞത്. അക്രിലിക് മാധ്യമത്തിൽ പെയിൻറിംഗ് തുടരുന്നതിനിടെയാണ് മുട്ടത്തോട് കാൻവാസിലേക്ക് കടന്നുവന്നതെന്ന് ഫെബിൻ.

മുട്ടത്തോട് കഴുകി ഉണക്കിയ ശേഷം അക്രിലിക് പെയിൻറ് ചെയ്ത് മനോഹരമാക്കി കാൻവാസിൽ ഒട്ടിച്ചുചേർത്താണ് രചന. മുട്ടത്തോടുകളാണോ എന്ന് മനസ്സിലാവാത്ത വിധത്തിലുള്ള പൂർണത‍യുണ്ട് ഇവരുടെ ഓരോ ചിത്രങ്ങൾക്കും. ഉണങ്ങിയ ചുള്ളക്കമ്പുകളോ ഇലകളോ എന്തു കിട്ടിയാലും അതൊരു മനോഹരമായ ചിത്രമായി മാറാൻ അധികസമയമൊന്നും വേണ്ട ഇൗ പ്രവാസി ചിത്രകാരിക്ക്. അക്രിലികിനൊപ്പം എയർഡ്രൈ ക്ലേ ഉപയോഗിച്ച് ഇലകളെ ത്രിമാനരൂപങ്ങളാക്കി മാറ്റുന്ന മായാജാലവും ഇടക്ക് പരീക്ഷിക്കും. ചിത്രമൊരുക്കാൻ എന്തൊക്കെ മാധ്യമങ്ങളാക്കാം എന്ന ചിന്തയിലാണിപ്പോൾ ഫെബിൻ. തയ്യാറാക്കിയ ചിത്രങ്ങളിൽ മിക്കതും അപ്പോൾ തന്നെ വിറ്റുപോയി.

ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന വിഷൻ 49, ദുബൈയിൽ അന്താരാഷ്ട്ര വനിതാദിനത്തിൽ സംഘടിപ്പിച്ച എക്സിബിഷൻ എന്നിവയിൽ പങ്കെടുത്തു. നിരവധി സ്കൂളുളിലായി ഒട്ടേറെ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. റെസിഡൻസിയിലെ കുട്ടികളെ സംഘടിപ്പിച്ച് കാമ്പുകൾ നടത്തുന്ന ഫെബിൻ, ചിത്രകലയോട് താല്പര്യമുള്ളവർക്ക് ഓൺലൈനിൽ പരിശീലനം നൽകുന്ന തിരക്കിലാണിപ്പോൾ. ദുബൈ ഇമാർ പ്രോപർട്ടീസിൽ ടെക്നിക്കൽ സർവീസ് വിഭാഗം അസി. മാനേജറായി ജോലി ചെയ്യുന്ന അർഷദാണ് ഭർത്താവ്. ദുബൈ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂൾ വിദ്യാർഥികളായ അമീന, ഐഷ, ആലിം എന്നിവർ മക്കളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT