തൊടുപുഴ: ചിത്രരചനയിൽ വേഗംകൊണ്ട് കലാസ്വാദകരെ വിസ്മയിപ്പിക്കുകയാണ് നിസു സൂസൻ ഫിലിപ്പ് എന്ന പ്ലസ് വൺ വിദ്യാർഥിനി. ഒറ്റയിരിപ്പിൽ ഒരുപാട് ചിത്രങ്ങൾ. അതാണ് ഈ ചിത്രകാരിയെ വേറിട്ട് നിർത്തുന്നത്.ഒരു മണിക്കൂറിനുള്ളിൽ അമ്പതിലധികം പ്രശസ്തരുടെ ചിത്രങ്ങൾ വരച്ച് നാട്ടുകാരുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ നിസു ഇപ്പോൾ സ്കൂളിലെ താരമാണ്.
ഇടുക്കി ബാലഗ്രാം പനക്കൽ ഫിലിപ്പ്-ഷാന്‍റി ദമ്പതികളുടെ മകളാണ് നിസു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പെൻസിൽ ഡ്രോയിങ്ങിലായിരുന്നു തുടക്കം. പിന്നീട് ഡിജിറ്റൽ ആർട്ടായി. അതുകഴിഞ്ഞാണ് സ്കെച്വൽ ആർട്ട് പഠിച്ചത്.ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത നിസു യുട്യൂബ് വഴിയാണ് സ്കെച്വൽ ആർട്ടിനെക്കുറിച്ച് മനസ്സിലാക്കിയത്.
വരക്കാൻ ഉദ്ദേശിക്കുന്നയാളുടെ രൂപരേഖ ആദ്യം വെള്ളക്കടലാസിൽ പെൻസിൽകൊണ്ട് കോറിയിടുന്നു. തുടർന്ന് മാർക്കർ ഉപയോഗിച്ച് ചിത്രം പൂർത്തിയാക്കും. ആദ്യമൊക്കെ ഒരു ചിത്രം വരക്കാൻ അഞ്ച് മിനിറ്റ് വേണ്ടിവന്നിരുന്നു. ഇപ്പോൾ ഒന്നര മിനിറ്റ് ധാരാളം.
ക്രിക്കറ്റ്, സിനിമ താരങ്ങളുടെ ചെറുചിത്രങ്ങളാണ് കൂടുതലായും വരക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഷാരൂഖ് ഖാനും സചിന്‍ ടെൻഡുല്‍ക്കറും മുതൽ ഹോളിവുഡ് താരങ്ങൾ വരെ നിമിഷങ്ങൾക്കുള്ളിൽ നിസുവിന്‍റെ പെന്‍സിലിൽനിന്ന് ജീവൻതുടിക്കുന്ന വരകളാകും. ഡിജിറ്റൽ ആർട്ടിൽ രാഷ്ട്രീയ നേതാക്കളെയും വരച്ചിട്ടുണ്ട്.
സ്കൂളിൽ നടത്തിയ ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്ത് പലതവണ സമ്മാനം നേടി. താൻ വരച്ച ചിത്രം ദുൽഖർ സൽമാന് നേരിട്ട് സമ്മാനിക്കുക എന്നതാണ് നിസുവിന്‍റെ ആഗ്രഹം. അധ്യാപകരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് ശക്തിയെന്ന് തൂക്കുപാലം വിജയമാത പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ നിസു പറയുന്നു. സഹോദരൻ: നോയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.