ഐ.എൻ.എസ്.വി തരിണിയിൽ കേപ് ഹോൺ മുറിച്ചു കടക്കുന്ന ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയും ലഫ്റ്റനന്‍റ് കമാൻഡർ രൂപ അഴഗിരിസാമിയും
ന്യൂഡൽഹി: നാവിക സാഗർ പരികർമ-രണ്ടിന്‍റെ ഭാഗമായി പായ് വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ നാവികസേനയുടെ വനിതാ നാവികർ തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേപ് ഹോൺ മുറിച്ചുകടന്നു. പര്യവേഷണത്തിന്‍റെ മൂന്നാം പാദത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് ഐ.എൻ.എസ്.വി തരിണിയും യാത്രികരായ മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയും പുതുച്ചേരി സ്വദേശിയും ലഫ്റ്റനന്‍റ് കമാൻഡറുമായ രൂപ അഴഗിരിസാമിയും കേപ് ഹോൺ മുറിച്ചുകടന്നത്. ഇതോടെ 'കേപ്പ് ഹോണേഴ്സ്' എന്ന പദവിക്ക് ഇന്ത്യൻ വനിത നാവികർ അർഹരായി. കൂടാതെ, കേപ് ഹോൺ മറികടക്കുന്ന യാത്രികരുടെ എലൈറ്റ് ഗ്രൂപ്പിലും നാവികർ ഇടം പിടിച്ചു.
അതിതീവ്ര കാറ്റിനും ഉയർന്ന തിരമാലകൾക്കും പ്രവചനാതീതമായ കാലാവസ്ഥക്കും പേരുകേട്ട അപകടം നിറഞ്ഞ ഡ്രേക്ക് പാസേജ് എന്നറിയപ്പെടുന്ന കടൽ പാതയിലൂടെ ഐ.എൻ.എസ്.വി തരിണിയും നാവികരും മുന്നേറുന്നതായി നാവികസേന അറിയിച്ചു. തെക്കേ അമേരിക്കയുടെ തെക്ക് ഒരു തുറന്ന കടൽ പാതയുണ്ടെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് പര്യവേക്ഷകൻ സർ. ഫ്രാൻസിസ് ഡ്രേക്കിന്‍റെ പേരിലാണ് ഈ കടൽ പാത അറിയപ്പെടുന്നത്.
മഞ്ഞുമൂടിയ അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിന്‍റെ ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിൽ ഒന്നാണ് കേപ് ഹോൺ. അന്‍റാർട്ടിക്കയിൽ നിന്ന് 800 കിലോമീറ്റർ (432 നോട്ടിക്കൽ മൈൽ) അകലെയാണ് കേപ്പ് ഹോൺ സ്ഥിതി ചെയ്യുന്നത്. കേപ് ഹോൺ വഴിയുള്ള യാത്രക്ക് അസാധാരണമായ നാവിഗേഷൻ വൈദഗ്ധ്യവും തെക്കൻ സമുദ്രത്തിലെ സവിശേഷ മാറ്റങ്ങൾ മനസിലാക്കി മുന്നേറാനുള്ള കരുത്തും നാവികർക്ക് വേണം.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ഗോവയിലെ ഐ.എൻ.എസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ നിന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ഐ.എൻ.എസ്.വി തരിണിയിലുള്ള 'നാവിക സാഗർ പരിക്രമ II' പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങൾ കൊണ്ട് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുക എന്നതാണ് ചരിത്ര പര്യവേഷണം കൊണ്ട് നാവികസേന ലക്ഷ്യമിടുന്നത്.
മലയാളിയായ റിട്ട. കമാൻഡർ അഭിലാഷ് ടോമിയുടെ കീഴിലാണ് കെ. ദിൽനയും രൂപ അഴഗിരിസാമിയും കപ്പൽ പര്യവേഷണത്തിനുള്ള പരിശീലനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയത്. 2023 മേയിൽ ദിൽനയും രൂപയും ഉൾപ്പെടെ ആറു നാവികരുടെ സംഘം ഗോവയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും തിരികെയുള്ള ട്രാൻസ് അറ്റ്ലാന്‍റിക് പര്യടനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന് അഭിലാഷ് ടോമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കപ്പൽ പര്യവേഷണത്തിന് ദിൽനയും രൂപയും ഉൾപ്പെടുന്ന രണ്ടംഗ സംഘത്തെ തെരഞ്ഞെടുത്തത്.
2012ൽ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ 'സാഗർ പരിക്രമ'യുടെ ഭാഗമായാണ് മലയാളി നാവികനായ റിട്ട. കമാൻഡർ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് 'മാദേയി' എന്ന പായ് വഞ്ചിയിൽ ആദ്യമായി ലോക യാത്ര നടത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.
2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചിയുടെ പായ്മരത്തിൽ നിന്ന് വീണ അഭിലാഷിന്‍റെ സ്പൈനൽകോഡിന് ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് 2022ൽ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി ചരിത്രം കുറിച്ചു.
അഭിലാഷ് ടോമി
2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് 'ബയാനത്ത്' എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷ് ടോമി കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.