എന്തുകൊണ്ടാണ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്?

നിതാദിനം ഓരോ വർഷവും മാർച്ച് എട്ടിനാണ് ആഘോഷിക്കുന്നത്. 2025ൽ ഇത് ശനിയാഴ്ചയാണ് വരുന്നത്. എന്നാൽ ഈ വർഷത്തെ വനിതാദിനത്തിന് ഒരു പ്രത്യേകതയുണ്ട്. സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ ബീജിങ് പ്രഖ്യാപനത്തിന്റെയും പ്രവർത്തന പദ്ധതിരേഖയുടെയും 30-ാം വാർഷികം ആചരിക്കുന്നത് ഇതേ ദിവസം തന്നെയാണ്

1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് ആദ്യത്തെ ദേശീയ വനിതാദിനം ആചരിച്ചത്. അതിനു മുമ്പ് 1908 മാർച്ച് എട്ടിന് അമേരിക്കയിലെ തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. കൂടുതൽ നേരം ജോലിയും തുച്ഛമായ വേതനവും അംഗീകരിക്കാനാവില്ല എന്നതായിരുന്നു റാലിയുടെ പ്രധാന ആവശ്യം. അതൊരു തീജ്വാലയായി മുഴുവൻ രാജ്യങ്ങളിലും പടർന്നു കയറി.

 വോട്ടവകാശത്തിനായും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനായും തൊഴിൽ സാഹചര്യം മികച്ചതാക്കുന്നതിനു വേണ്ടിയും അന്ന് പ്രതിഷേധക്കാർ ശബ്ദമുയർത്തി. ഇതിനു ശേഷമാണ് 1909ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാദിനം പ്രഖ്യാപിച്ചത്. പിന്നീട് 1911ൽ ജർമനി, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലും വനിതാദിനം ആചരിച്ചു തുടങ്ങി. 1975 മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് 1977 മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചു തുടങ്ങി. 

വനിതകളെ ആദരിക്കാൻ വേണ്ടിയല്ല, സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവർ നേരിടുന്ന അസമത്വങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ പോരാടുന്നതിനും സമൂഹത്തിൽ തുല്യത കൈവരിക്കുന്നതിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനും സമൂഹത്തെ പ്രചോദിതരാക്കാനുള്ള ദിവസമാണ് അന്താരാഷ്ട്ര വനിതാദിനം.

എന്തുകൊണ്ട് മാർച്ച് എട്ട്

മാർച്ച് എട്ട് എന്ന തീയതിയുടെ വേരുകൾ റഷ്യൻ ചരിത്രത്തിലാണ്. 1913 ഫെബ്രുവരി 23ന് ജൂലിയൻ കലണ്ടറിന് കീഴിൽ ഒന്നാം ലോകമഹായുദ്ധത്തിനെതിരെ റഷ്യൻ സ്ത്രീകൾ പ്രതിഷേധിച്ചു (മറ്റുയിടങ്ങളിൽ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിൽ മാർച്ച് എട്ടിന് സമാനമാണിത്). വനിതാദിന റാലികൾക്കുള്ള ആഗോള മാനദണ്ഡമായി ഇത് മാറുകയായിരുന്നു.

1917 ഫെബ്രുവരി 23 ന് റഷ്യൻ സ്ത്രീകൾ, യുദ്ധം അവസാനിപ്പിക്കണമെന്നും ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നും സാർ നിക്കോളാസ് രണ്ടാമന്റെ ഭരണം വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പ്രതിഷേധവും നടത്തി.  ഈ നീക്കം റഷ്യൻ വിപ്ലവത്തിന് തുടക്കമിട്ടു. ദിവസങ്ങൾക്കുള്ളിൽ, സാർ ചക്രവർത്തി അട്ടിമറിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുകയും തുടർന്ന് റഷ്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുകയും ചെയ്തു. 

2011ൽ ബറാക് ഒബാമ ഭരണകൂടം അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാർഷികം അനുസ്മരിച്ചുകൊണ്ട് മാർച്ച് വനിതാ ചരിത്ര മാസമായി പ്രഖ്യാപിച്ചു. തൊഴിലാളി പ്രതിഷേധങ്ങളിലെ സ്ത്രീ സാന്നിധ്യം മുതൽ അന്താരാഷ്ട്ര വനിതാദിനം ലോകമെമ്പാടും ലിംഗസമത്വം, ശാക്തീകരണം, സാമൂഹിക നീതി എന്നിവക്കായുള്ള നിരന്തര പോരാട്ടത്തെ എടുത്തുകാണിക്കുന്നു.

ഒരോ വനിതാദിനവും ഓരോ തരത്തിലുള്ള ഓർമ്മപ്പെടുത്തലുകളാണ് സമ്മാനിക്കുന്നത്. വനിതകൾ എത്രത്തോളം വേട്ടയാടപ്പെട്ട വർഗമാണെന്ന് നമ്മൾ സ്വയം ഓർക്കേണ്ടത് ഈ ദിനത്തിൽ കൂടിയാണ്. ലക്ഷക്കണക്കിന് ശൈശവ വിവാഹങ്ങൾ നടക്കുന്ന രാജ്യങ്ങൾ, മിനിറ്റുകൾ ഇടവിട്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങൾ എല്ലാം ഈ ലോകത്ത് ഇപ്പോഴും ഉണ്ട് എന്നത് ഒരു വസ്തുതയാണ്.

2025 ലെ വനിതാദിന തീം

ലിംഗസമത്വത്തിനായുള്ള ദ്രുത നടപടികൾ ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്നതാണ് 2025 ലെ വനിതാദിന തീം. എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന, സ്ത്രീപക്ഷ ഭാവിയെ സാക്ഷാത്കരിക്കാൻ ഈ സന്ദേശം ശക്തമായി ഉന്നയിക്കുന്നു.

 എത്രയൊക്കെ ശാക്തീകരണത്തെ കുറിച്ച് പ്രബന്ധങ്ങൾ എഴുതിയാലും സ്ത്രീകൾ തന്നെയാണ് പലയിടത്തും അവരുടെ ശത്രുവായി വരുന്നതെന്ന് ആരോപണമുണ്ട്. ആൺ മേൽക്കോയ്മയെ അനുകൂലിക്കുന്ന സ്ത്രീകൾ ഉയർച്ച ആഗ്രഹിക്കുന്നവരെ കൂടി അടിമത്വത്തിലേക്ക് പിടിച്ചുതാഴ്ത്തുന്ന അവസ്ഥയുണ്ട് പലയിടങ്ങളിലും. അത് തിരുത്തലിന് വിധേയമാകാതെ പൂർണമായ മുന്നേറ്റം ഉണ്ടാകുമെന്ന് കരുതേണ്ടതില്ല.

Tags:    
News Summary - Why is March 8th celebrated as International Women's Day?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT