പരപ്പനങ്ങാടി: മുസ്‍ലിം പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടാതിരുന്ന കാലത്ത് അക്ഷര പോരാളിയായി നിലകൊണ്ട മൈമൂനത്ത് ടീച്ചർ യാത്രയായി. സാരിയും ശിരോവസ്ത്രവും ധരിച്ച് ആദർശ വിശുദ്ധിയോടെ അധുനിക വസ്ത്രം ധരിച്ച് പൊതുയിടങ്ങളിൽ പ്രവേശിക്കാനും അധ്യാപകയായി സമൂഹത്തിന്റെ മുമ്പിൽ എഴുന്നേറ്റു നിൽക്കാനും ടീച്ചർ കാണിച്ച ആർജവം ചരിത്രത്തിന്റെ ഭാഗമാണ്.
33 വർഷം അധ്യാപിക ജീവിതം നയിച്ച മൈമൂനത്ത് ടീച്ചർ ഔദ്യോഗിക ജീവിതത്തിന്റെ 27 വർഷക്കാലവും പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിലാണ് ചെലവഴിച്ചത്.
അതുകൊണ്ട് തന്നെ പരപ്പനങ്ങാടി ടൗൺ കേന്ദ്രീകരിച്ച് വളർന്ന കുടുംബങ്ങളിലെ മുഴുവൻ തലമുറയിലും അക്ഷര വെളിച്ചം പകരാൻ മൈമൂനത്ത് ടീച്ചർ മുന്നിലുണ്ടായിരുന്നു. ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുനിന്ന സമൂഹത്തെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് എത്തിക്കാൻ പെടാപ്പാട് പെട്ട അധ്യാപക സമൂഹത്തിലെ പോരാളിയായിരുന്നു മൈമൂനത്ത് ടീച്ചർ.
വൈജ്ഞാനിക വിപ്ലവത്തെ കുറിച്ച് ദീർഘദർശനം ചെയ്ത ടീച്ചർ അക്ഷരങ്ങൾ സമ്മാനിക്കുന്ന ഭാവിയുടെ രാജപാതയെക്കുറിച്ച് പഴയ തലമുറയെ നിരന്തരം ബോധവത്കരിക്കുമായിരുന്നു - അക്ഷരങ്ങളോട് അകന്നുനിന്ന ആദ്യകാല തലമുറക്ക് അക്ഷര വെളിച്ചം പകരാൻ മൈമൂന ടീച്ചർ ഉൾപ്പെടെയുള്ള ഒരു ചെറുസംഘം ചെലവഴിച്ച അധ്വാനം ചെറുതല്ല.
നിരവധി തലമുറകൾക്ക് ആദ്യക്ഷരങ്ങളുടെ സുഗന്ധം പകർന്നു ടീച്ചർ അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ച് കാലങ്ങൾ ഏറെ കഴിഞ്ഞുപോയിട്ടും തന്റെ ശിഷ്യഗണങ്ങളെ പേരെടുത്ത് വിളിക്കാൻ സ്മൃതിയിൽ സൂക്ഷിച്ചിരുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ഓർമശക്തി ഏവരിലും അത്ഭുതമുളവാക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.