ന്യൂയോർക്: സൊഹ്റാൻ മംദാനി ചരിത്ര വിജയവുമായി ന്യൂയോർക് മേയർ പദവിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ വിജയത്തിന് പിന്നിൽ നിശബ്ദ പ്രയത്നം നടത്തിയ ജീവിത പങ്കാളി റമ ദുവാജിയുടെ പങ്ക് വിസ്മരിക്കാനാവാത്തത്. പ്രചാരണത്തിൽ പുറമേക്ക് കാര്യമായി പ്രത്യക്ഷപ്പെട്ടില്ലെങ്കിലും 27കാരിയായ റമയായിരുന്നു പ്രചാരണ കാമ്പയിനിന്റെ അസ്തിത്വം തന്നെ രൂപപ്പെടുത്തിയത്.
മംദാനിയുടെ സാധാരണക്കാർക്കിടയിലുള്ള പ്രവർത്തനത്തെ സൂചിപ്പിക്കുന്ന മഞ്ഞയും ഓറഞ്ചും നീലയും കലർന്ന പ്രചാരണ പോസ്റ്ററുകളുടെയും ലോഗോയുടെയും രൂപകൽപന ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമായ ഈ സിറിയൻ വംശജയുടേതായിരുന്നു. ചർച്ചകളിലും പ്രചാരണ കാമ്പയിനുകളിലുമൊന്നും റമ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പ്രൈമറി വോട്ട് ചെയ്യുമ്പോൾ സൊഹ്റാനൊപ്പമുണ്ടായിരുന്ന റമ അവസാന റാലിയിൽ പ്രസംഗിക്കുമ്പോൾ ജനക്കൂട്ടത്തിനിടയിലായിരുന്നു.
1997ല്‍ യു.എസിലെ ഹൂസ്റ്റണിലാണ് റമയുടെ ജനനം. റമക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ കുടുംബം ദുബൈയിലേക്ക് പോയി. ദുബൈയിൽ സ്‌കൂള്‍ പഠനം പൂർത്തിയാക്കി വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ദോഹയിലെ സാറ്റലൈറ്റ് കാമ്പസില്‍ പ്രവേശനം നേടി. തുടർന്ന് വെര്‍ജീനിയയിലെ പ്രധാന കാമ്പസിലേക്ക് മാറി ഫൈന്‍ആര്‍ട്‌സില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി.
പിന്നീട് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍നിന്ന് ഫൈന്‍ആര്‍ട്‌സിൽ ബിരുദാനന്തര ബിരുദവും നേടി. 2021ൽ ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട സൊഹ്റാന്റെയും റമയുടെയും വിവാഹ നിശ്ചയം 2024 ഒക്ടോബറിൽ മേയർ പ്രചരണം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.