മലയാളം മിഷൻ ഓണാഘോഷ ഭാഗമായി ആഗോളതലത്തിൽ നടത്തിയ രചന മത്സരത്തിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയ സരിത സുരേഷി​െൻറ രചന. ഇന്ത്യൻ സ്​കൂൾ അധ്യാപികയാണ് കൊല്ലം സ്വദേശിനിയായ സരിത

കാ​ത്തി​രി​ക്കാം; പേ​മാ​രി​യും മ​ഹാ​മാ​രി​യും മാ​യ്​​ക്കാ​ത്ത ഒാ​ണ​നാ​ളി​നെ...

ഭാവിയെ കുറിച്ചുള്ള സ്വപ്​നങ്ങളുടെ ചിറകുകൾ ഭൂതകാലത്തിൽനിന്ന് മുളച്ചു വരുമ്പോഴല്ലേ കരുത്തുണ്ടാകൂ? അതുകൊണ്ടുതന്നെ ഭൂതകാലത്തിൽനിന്ന് തുടങ്ങി വർത്തമാനത്തിലൂടെ ഭാവിയെ കുറിച്ചുള്ള ഭാവനകളിലേക്ക് കടക്കാം.ഓർമവെച്ച നാൾ മുതൽ ഓണം ഒരുപിടി നല്ല ഓർമകളുടെ, കൂടിച്ചേരലുകളുടെ, കൊടുക്കൽ വാങ്ങലുകളുടെ, നിറമുള്ള പൂക്കളുടെ, പുത്തൻ ഉടുപ്പിൽനിന്ന് ഉയരുന്ന നറുമണങ്ങളുടെ, കൊതിയൂറും സദ്യയുടെ ഒക്കെ ആകത്തുകയാണ്.

അച്ഛ​െൻറ പിറന്നാൾ ചിങ്ങ മാസത്തിലെ ഉത്രാട നാളിൽ ആയിരുന്നതുകൊണ്ട് ഉത്രാടത്തിനു തന്നെ തുടങ്ങുമായിരുന്നു എ​െൻറ വീട്ടിലെ ഓണാഘോഷങ്ങൾ. അമ്മ പലപ്പോഴും ഫലിതം പറഞ്ഞു കേട്ടിട്ടുണ്ട്, നാടൊട്ടുക്ക് ഉത്രാടപ്പാച്ചിലും ഇവിടെ പൂരാടപ്പാച്ചിലും ആണെന്ന്. അങ്ങനെ ഉത്രാട നാളിൽ തുടങ്ങുന്ന ഓണം തിരുവോണവും അവിട്ടവും പിന്നിട്ട് നാടും നഗരവും ഒഴുകിയെത്തുന്ന ചതയാഘോഷ യാത്രയുടെ വർണപ്പൊലിമയിൽ അലിഞ്ഞു ചേരുമ്പോൾ ഒരു ഓണം കൂടി പടിയിറങ്ങുകയായി.....അതൊക്കെ ഒരു കാലം.

വിവാഹശേഷം ഏഴാം കടലിനക്കരെയുള്ള ഓണക്കാലങ്ങൾക്ക് മറ്റൊരു നിറമായിരുന്നു. അച്ഛനമ്മമാരെ പിരിഞ്ഞുള്ള ആദ്യ ബഹ്‌റൈൻ ഓണം നീറുന്ന ഓർമയായി ഇന്നും മനസ്സിലുണ്ട്. സൗഹൃദ കൂട്ടായ്​മകളുമായുള്ള ഇഴയടുപ്പം പിന്നീടുള്ള ഓണങ്ങളെ ഒരു അളവുവരെ വീണ്ടും ജീവസ്സുറ്റതാക്കി. മക്കളൊക്കെ ആയി അവരുടെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചപ്പോൾ ഇവിടത്തെ വേനൽ അവധിയും ഓണവും കൈകോർത്ത വർഷങ്ങളിൽ ഒക്കെ വീണ്ടും അച്ഛനമ്മമാരുടെ തണലിൽ ആ പഴയ നിറമുള്ള, മണമുള്ള ഓണാഘോഷങ്ങൾ കടന്നുവന്നു.

മക്കൾക്കും ഓണത്തി​െൻറ നാടൻ ചന്തം അനുഭവവേദ്യമാക്കാൻ കഴിഞ്ഞ ധന്യതയാർന്ന ഓണക്കാലങ്ങൾ.പക്ഷേ, കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയുള്ള ഓണക്കാലങ്ങൾ ഞാൻ ഉൾപ്പടെയുള്ള മലയാളിക്ക് ഒട്ടും സുഖമുള്ളതായിരുന്നില്ല. പേമാരിയും പ്രളയവും പങ്കിട്ടെടുത്ത രണ്ട്​ ഓണങ്ങൾ.കൊടുക്കൽ വാങ്ങലുകളുടെയും പങ്കുവെക്കലുകളുടെയും മഹത്തായ ഓണസന്ദേശം മലയാളി ശരിക്കും പ്രാവർത്തികമാക്കിയ രണ്ട് ഓണക്കാലങ്ങൾ. അങ്ങനെ ആ കാലഘട്ടങ്ങളെയും നാം അതിജീവിച്ചു. പിന്നെ അടുത്ത ഓണക്കാലത്തിനായുള്ള പ്രത്യാശ നിറഞ്ഞ കാത്തിരിപ്പ് ആയിരുന്നു. എന്നാൽ, ഓണം 2020ൽ എത്തിയപ്പോൾ 'കോറോണം' ആയി. അതായത്, കൊറോണ വൈറസ് എന്ന അതിമാരക സൂക്ഷ്​മജീവി ലോകത്തെ മുഴുവൻ കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ഓണത്തി​െൻറ അവസ്ഥയും വ്യത്യസ്​തമായില്ല. ലോകം ഒട്ടാകെ ഉള്ള മലയാളികൾ ഒന്നടങ്കം മാസ്​ക്​ ഇട്ട്, സാമൂഹിക അകലം പാലിച്ച്​ ഓണം ആഘോഷിച്ചപ്പോൾ അത് ഓണത്തിന് മറ്റൊരു നിറവും മാനവും നൽകി.

മാവേലി നാടിനെ അനുസ്​മരിപ്പിക്കും വിധം മാനുഷ്യരെല്ലാരും ഒന്നുപോലെ ആയത് ഈ ഓണത്തിന് ആയിരുന്നോ എന്ന സന്ദേഹം ജനിപ്പിച്ച് അങ്ങനെ 'കോറോണ'വും കടന്നുപോയി.എന്നാൽ, പ്രതീക്ഷയുടെ പുതു തിരിനാളങ്ങൾ കൊളുത്തിവെച്ചാണ് ഓണം 2020 കടന്ന് പോയത് എന്ന് പറയാതെ വയ്യ. ഈ പവിഴദ്വീപിലെ ഒരു രാജകുമാരൻ ഓണത്തി​​െൻറ ആചാരപ്പെരുമകൾ പുനഃസൃഷ്​ടിച്ച ത​െൻറ സേവകരോടൊത്ത്​ അവരിൽ ഒരാളായി ഓണസദ്യ വിളമ്പി പങ്കിട്ടപ്പോൾ ഓണത്തി​െൻറ മഹനീയ സന്ദേശത്തിന്​ മറ്റൊരു തലം കൈവരുക ആയിരുന്നു. അതെ, മാനുഷ്യരെല്ലാരും ഒന്ന് പോലെ എന്ന ആ മഹത്തായ സന്ദേശം വരുംവർഷങ്ങളിൽ കൂടുതൽ ലോക നേതാക്കളിലേക്ക് എത്തിച്ചേരട്ടെ എന്ന പ്രത്യാശയുടെ തിരിവെട്ടം പകർന്ന ഓണമായിരുന്നു കടന്നുപോയത്. അങ്ങനെ, കള്ളവും ചതിയും ഇല്ലാത്ത ആ മാവേലിക്കാലം ലോകം മുഴുവൻ പുലരാൻ ഓണം 2021ഓടെ തുടക്കമാകട്ടെ എന്ന പ്രാർഥനയോടെ സാമൂഹിക അകലം ഇന്നി​െൻറ ആഘോഷം ആക്കി നമുക്ക് കാത്തിരിക്കാം .

അതെ....ഇനി കാത്തിരിപ്പാണ് ....നീണ്ട കാത്തിരിപ്പ് ....അടുത്ത ചിങ്ങം പിറക്കാൻ. ഒരു പിടി പ്രതീക്ഷകളും പ്രാർഥനകളുമായി. പഞ്ഞമാസവും തുലാ മഴയും ചൈതന്യം നിറഞ്ഞ വൃശ്ചികപ്പുലരികളും ധനു മാസ കുളിരും, മോഹിപ്പിക്കുന്ന മകര സന്ധ്യകളും കുംഭത്തിലെ കുടമുരുട്ടി കാറ്റും മുച്ചൂടും മുടിപ്പിക്കുന്ന മീനച്ചൂടും മേട വിഷുപ്പുലരിയും ഇടമുറിയാത്ത ഇടവപ്പാതിയും ഈറൻ അണിഞ്ഞ മിഥുന രാവുകളും കള്ളക്കർക്കടകവും കടന്ന് വീണ്ടും ഒരു ചിങ്ങം പുലരുമ്പോൾ 2021ലെ ഓണം കടന്നുവരും.

പ്രളയങ്ങളും കോവിഡും പഠിപ്പിച്ച അതിജീവനത്തി​െൻറ പുതിയ ജീവിത പാഠങ്ങൾ മുറുകെ പിടിച്ച്​ പേമാരിക്കും മഹാമാരിക്കും മായ്ക്കാൻ ആകാത്ത മന്ദഹാസവുമായി നാം ആ ഓണനാളുകളിലേക്ക് തീർച്ചയായും കടന്നുചെല്ലും. ഓണപ്പൊട്ടനെ വീട്ടിൽ ഇരുത്താത്ത, തിരുവാതിര കളിയും പുലികളിയും അത്തപ്പൂക്കള മത്സരങ്ങളും ഓൺലൈൻ ആകാത്ത, നിറവും ചന്തവും കുളിരുമുള്ള ആ പഴയ ഓണക്കാലം നമുക്ക് തിരുച്ചുകിട്ടുക തന്നെ ചെയ്യും.

ആളൊഴുകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ആലക്തിക പ്രഭയിൽ തിളച്ച്​ മറിയുന്ന ഓണാഘോഷ രാവുകളും ആവേശംതുളുമ്പുന്ന വള്ളംകളികളും അത്തച്ചമയവും വള്ള സദ്യകളും ഒക്കെ ആയി 2021ലെ ഓണം കടന്നുവരുമ്പോൾ തറവാടുകളുടെ ഉൾത്തളങ്ങളിൽ പ്രതീക്ഷയോടെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ സ്നേഹത്തണലിലേക്ക് കുഞ്ഞു മക്കളുടെ ൈക പിടിച്ച്​ ആശങ്കകൾ ഏതുമില്ലാതെ ഓരോ മലയാളിക്കും കടന്ന് ചെല്ലാൻ കഴിയട്ടെ എന്ന പ്രത്യാശയോടെ നമുക്ക് ചുവട് വെക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT