ഡോ. ഷമീന വി.പി.

വിദ്യാഭ്യാസവും സാമൂഹ്യബോധവും പൊതു പ്രവർത്തനവും സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെങ്കിലും ഇന്നും വലിയൊരു വിഭാഗത്തിന്‍റെ വ്യക്തി ജീവിതത്തിൽ അത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഗൾഫ് രാജ്യങ്ങളിൽ പോലും ഗാർഹിക- ഗാർഹികേതര പീഡനങ്ങൾക്കിടയാകുന്നവർക്ക് ഇപ്പോഴും കുറവില്ല.

ഇത്തരക്കാരെ സന്തുലിതാവസ്ഥയിലേക്ക് നയിക്കാനും ദിശാബോധം നൽകാനും ആവശ്യമായ പദ്ധതികൾ പ്രായോഗികതലത്തിൽ കൊണ്ടുവരുവരുവാനുള്ള ശ്രമങ്ങളിലാണ് ഡോ. ഷമീന വി പി. ഫെമിനിസത്തിന്‍റെ തനതുമൂല്യങ്ങൾ ചോർന്നു പോകാതെ സ്ത്രീ ശാക്തീകരണത്തിൽ അന്താരാഷ്ട്രതലത്തിൽ കാതലായ ഇടപെടലുകൾ നടത്തി വരികയാണ് ഈ മലപ്പുറം മക്കരപ്പറമ്പ് സ്വദേശിനി. ഇത്തരമൊരു ലക്ഷ്യവുമായാണ് ഷമീന യു.എ.ഇയിലുമെത്തിയത്.

ചേർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻറ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലായ ഷമീന നിലവിൽ മലപ്പുറം ജില്ലയിലെ ലൂമിനസ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പളാണ്‌. രാമപുരം ജെംസ് ആർട്ട് ആന്‍റ് സയൻസ് കോളജ് ഡയറക്റായും മലപ്പുറം ഹാപ്പിനസ് സെന്‍റർ സി.ഇ.ഒ ആന്‍റ് സ്ട്രാറ്റജി മാനേജറായും സേവനമനുഷ്ഠിച്ചു വരുന്ന ഡോക്ടർ സാമൂഹ്യ പുരോഗതിയുടെ നേർച്ചലനങ്ങളിൽ വർഷങ്ങളായി മുഖ്യപങ്ക് തന്നെ വഹിക്കുന്നുണ്ട്.

എം.ബി.എ, ഇക്കണോമിക്സ്, സൈക്കോളജി തുടങ്ങി ബിരുദാനന്തര ബിരുദങ്ങളും ഗ്ലോബൽ പീസ്, ഓർഗനൈസേഷനൽ ബിഹേവിയർ എന്നതിൽ റിസർച്ച് സ്റ്റഡീസിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം നിരവധി അന്തർദേശീയ സെമിനാർ കോൺഫറൻസുകളിൽ ഷമീന തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

യു.എ.ഇയിൽ എത്തിയ ഡോ. ഷമീന ദുബൈ, ഷാർജ, അബൂദബി തുടങ്ങിയ എമിറേറ്റുകളിലെ വിദ്യാർത്ഥികളും വീട്ടമ്മമാരുമായി ദൈർഘ്യമേറിയ സമയം ചെലവഴിച്ചു. വിദേശത്തു സമ്പന്നതയിൽ കഴിയുന്ന വീട്ടമ്മമാരും അവരുടെ കൂട്ടികളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും നേരിടുന്ന പ്രശ്നങ്ങളും നാട്ടിലേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അവർക്കു വ്യക്തമായ ദിശാബോധം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് ഗൾഫിലെ സംഘടനകൾ ഊന്നൽ കൊടുക്കുകയാണെങ്കിൽ അത്ഭുതാവഹമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും അനുഭവ സാക്ഷ്യമായി അവർ പറയുന്നു.

ഷമീനയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ സൗജന്യ കേന്ദ്ര ഗവൺമെൻറ് തസ്തിക പരിശീലന കേന്ദ്രം, ഐ.എ.എസ് പരിശീലന കേന്ദ്രം എന്നിവ മലപ്പുറം ജില്ലയിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് പിറവി നൽകി. വളരെ ചെറിയ കാലയളവിൽ നടത്തിയ ഏകദിന സെമിനാറിൽ 1600പരം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ ബോധവത്കരണം പല തുടർ പ്രവർത്തനത്തിനും പ്രചോദനമായി.

യു.കെ, യു.എസ് തുടങ്ങി വിദേശ രാജ്യങ്ങളിലെ ആശയമായ ഹാപ്പിനസ് കൺസെപ്റ്റ് മാതൃകയിൽ മലപ്പുറത്ത് ആദ്യമായി മോഡേൺ മെഡിസിനും ആയുർവേദവും സൈക്കോളജിയും സമന്വയിപ്പിച്ച് പരിപൂർണ്ണ മാനസികാരോഗ്യ കേന്ദ്രത്തിന് ഷമീന തുടക്കം കുറിച്ചു. 2019ൽ ഹാപ്പിനസ് സെന്‍ററിന്‍റെ സ്ട്രാറ്റജി വിങ്ങ് പ്രവർത്തനമാരംഭിച്ചെങ്കിലും നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ 2022 ലാണ് ആശുപത്രിയുടെ മുഖച്ഛായയോടെ പദ്ധതി യാഥാർത്ഥ്യമായത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ ഏറ്റവും ചെറിയ പ്രായത്തിൽ പ്രിൻസിപ്പൽ പട്ടം നേടിയ വനിതയാണ് ഡോ. ഷമീന. പാലക്കാട് ഡിസ്ട്രിക്ട് സെൽഫ് ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റായിരുന്നു. സാമൂഹി പരിഷ്കരണത്തിൽ കവിഞ്ഞ് മറ്റു നിരവധി മേഖലകളിലും ഷമീന തന്‍റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്.

പ്രഭാഷക, എഴുത്തുകാരി, ആക്ടിവിസ്റ്റ്, സംരംഭക, തുടങ്ങി കലാ കായിക മേഖലകയിൽ നിറ സാന്നിധ്യമായി ഷമീനയുടെ മികവിന്‍റെ പര്യായങ്ങൾ പരന്നു കിടക്കുകയാണ്. ഭർത്താവ് മുഹമ്മദ് മുസ്തഫ ചേരിയിൽ ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മകൾ ആയിഷ മുഹമ്മദ് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

Tags:    
News Summary - Let's talk to Dr. Shamina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT