'ഇരുമ്പ് കാലുകളിലൂന്നിയുള്ള ഓരോ ചുവടും എന്റെ ജനതക്കുവേണ്ടിയുള്ള പോരാട്ടം'- അതിജീവനത്തിന്റെ മുഖമാണ് ലിസ ചെലാൻ

തിരുവനന്തപുരം: അതിജീവനത്തി‍െൻറ മുഖവും കുർദുകളുടെ പോരാട്ടവീര്യം പേറുന്ന രക്തവുമാണ് ലിസ ചെലാന്‍റേത്. 2015ൽ ഐ.എസ് ബോംബാക്രമണത്തിൽ രണ്ട് കാലുകളും മുറിക്കേണ്ടിവന്ന ലിസ അതിജീവനമെന്ന വാക്കിന് പുതിയ അർഥമെഴുതിയാണ് ചരിത്രത്തിലേക്ക് നടന്നത്. ബോംബാക്രമണത്തിൽ ചിതറിത്തെറിച്ച കാലുകൾ പിതാവിന്റെ ഖബറിനുസമീപം അടക്കാൻ ആവശ്യപ്പെട്ട ഈ 35കാരി കൃത്രിമക്കാലുകളിൽ എഴുന്നേറ്റുനിന്നു. ഐ.എസിന് ശരീരത്തെ മാത്രമേ നോവിക്കാനായുള്ളൂവെന്നും ആശയത്തെയും പോരാട്ടത്തെയും പരിക്കേൽപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ച ഈ ധീരവനിതയെ കേരളം 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 'സ്പിരിറ്റ് ഓഫ് ദ സിനിമ' പുരസ്കാരം നൽകിയാണ് ആദരിച്ചത്. അതിജീവിനത്തെക്കുറിച്ച് ലിസ സംസാരിക്കുന്നു.

എങ്ങനെയാണ് സിനിമയിലെത്തിയത്?

തുർക്കിയിലെ കുർദ് രാഷ്ട്രീയ കുടുംബത്തിലാണ് ജനനം.കുട്ടിക്കാലം മുതൽ കൃത്യമായ രാഷ്ട്രീയ നിരീക്ഷണമുണ്ടായിരുന്നു. ആ രാഷ്ട്രീയബോധ്യം എല്ലാ കുർദുകൾക്കിടയിലുമുണ്ട്. അത്ര ഭീകരമാണ് ഭരണകൂട ഭീകരത. കുർദുകൾക്ക് മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാൻ അവകാശമില്ല. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തോടെ ഞാൻ തുർക്കീ വിദ്യാഭ്യാസം ഉപേക്ഷിച്ചു. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലായിരുന്നു പിന്നിൽ. എഴുത്തുകാരി ആകാനായിരുന്നു ആഗ്രഹം.

പക്ഷേ അക്ഷരങ്ങളേക്കാൾ സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും അതിവേഗത്തിൽ ഇടിച്ചുകയറാൻ സിനിമകൾക്കാകുമെന്ന് മനസ്സിലാക്കിയതോടെ 2014ൽ സിനിമ പഠനത്തിന് ചേർന്നു. നിർഭാഗ്യവശാൽ 2016ൽ ഭരണകൂടം അവിടം അടച്ചുപൂട്ടി. അരാമിൽനിന്ന് ലഭിച്ച രണ്ടുവർഷത്തെ മൂലധനവുമായാണ് ചലച്ചിത്രരംഗത്തേക്ക് ഇറങ്ങുന്നത്. രാജ്യത്തെ ഗ്രാമങ്ങളിലൂടെ സന്ദർശിച്ച് കുർദുകളുടെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെയും യുദ്ധകഥകളെയും കുറിച്ചുള്ള രാഷ്ട്രീയ ഡോക്യുമെന്‍ററികൾ ചെയ്തു. എ‍ന്റെ സിനിമകൾ ഭരണകൂടത്തോട് കലഹിക്കുന്നതും ജീവിതം പകർത്തുന്നതും രാഷ്‍ട്രീയം പറയുന്നതുമാകണമെന്ന നിർബന്ധമുണ്ടായിരുന്നു.

2015ലെ ആക്രമണത്തിന് കാരണം?

2015 ജൂണ്‍ അഞ്ചിന് തുർക്കി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുര്‍ദ് പാര്‍ട്ടിയായ എച്ച്.ഡി.പിയുടെ കൂറ്റന്‍ റാലി ചിത്രീകരിക്കുന്ന വേളയിലാണ് ഐ.എസ് ആക്രമണം. തുർക്കി പ്രസിഡന്‍റ് ഉർദുഗാന്റെ കണ്ണിലെ കരടായ എച്ച്.ഡി.പി ഓഫിസുകള്‍ക്കും അനുഭാവികള്‍ക്കും നേരെ നടക്കുന്ന ഐ.എസ് ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്. റാലിക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു. നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മാരകസംഹാര ശേഷിയുള്ള ബോംബുകള്‍ എനിക്ക് മുന്നിലാണ് പൊട്ടിത്തെറിച്ചത്. കാലുകൾ ചിന്നിച്ചിതറി. മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ. ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല.

എച്ച്‌.ഡി.പിയുടെ ത്രിവർണപതാകയിൽ പൊതിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നുപോയിരുന്നു. ലോകമെങ്ങുമുള്ള സുഹൃത്തുക്കളുടെ മുന്‍കൈയില്‍ വൻ ധനസമാഹരണം നടത്തിയാണ് ജീവൻ തിരിച്ചുപിടിച്ചത്. തുര്‍ക്കിയിലും ജര്‍മനിയിലുമായി ഒമ്പത് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാലുകള്‍ ശരിയായില്ല. സദ്ദാം ഹുസൈന്റെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ആസ്ട്രേലിയയില്‍ അഭയാർഥിയായി എത്തിയ ഇറാഖി ഡോക്ടര്‍ മുൻജിദ് അല്‍ മുദരിസാണ് ഒടുവില്‍ സിഡ്നിയിലെ മാക്വെയർ യൂനിവേഴ്സിറ്റി ആശുപത്രിയിൽ റോബോട്ടിക് സർജറിയിലൂടെ ശരീരത്തിൽ കൃത്രിമക്കാലുകൾ പിടിപ്പിച്ചത്.

ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്?

ഞാനൊന്ന് സുഖമായി ഉറങ്ങിയിട്ട് ഏഴ് വർഷമാകുന്നു. ചിതറിത്തെറിക്കുന്ന ബോംബിന്റെ ശബ്‌ദവും നിലവിളിച്ചോടുന്നവരുടെ മുഖവും തളംകെട്ടിയ രക്തത്തി‍ൽ കിടക്കുന്ന ശരീരഭാഗങ്ങളുടെ ദൃശ്യങ്ങളും ആണ്‌ സ്വപ്‌നങ്ങളിൽ. ശരീരത്തിൽ വെടിമരുന്നിന്റെ മണമുണ്ടെന്ന് ഇപ്പോഴും എനിക്ക് തോന്നാറുണ്ട്. ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ് ഒന്ന് എഴുന്നേറ്റ് നിൽക്കാൻ സാധിച്ചത്. ഈ രണ്ട് കൃത്രിമക്കാലുകളും ഏറെ ബുദ്ധിമുട്ടിയാണ് എന്നെ ചുമക്കുന്നത് (ചിരിക്കുന്നു). ഇരുമ്പ് കാലുകളിലൂന്നി ഓരോ ചുവടും വെക്കുമ്പോഴും സ്വന്തം ജനതയുടെ നിലനിൽപ്പിന് വേണ്ടി പോരാടാനുള്ള കരുത്താണ് നൽകുന്നത്. അത് തുടരും. നമ്മെക്കാൾ വേദന അനുഭവിക്കുന്ന അനവധി പേർ ഈ ലോകത്തുണ്ട്. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ മരണംവരെ പോരാടുക. സാമൂഹിക പ്രശ്നങ്ങളെ തുറന്ന് കാണിക്കുന്നതിനും അനീതിക്കെതിരെ പോരാടുന്നതിനുമുള്ള രാഷ്ട്രീയ ആയുധമാണ് എനിക്ക് സിനിമ.

ഈ പോരാട്ടത്തിൽ കുർദുകൾ ഒറ്റക്കാണോ?

അതിലെന്താ സംശയം? ഞങ്ങളെ സഹായിക്കാൻ ആരാണ് മുന്നോട്ടുവന്നിട്ടുള്ളത്? തുർക്കിയിൽ മാത്രം മൂന്നുകോടി കുർദുകളാണ് ഭരണകൂട അടിച്ചമർത്തലിൽ കഴിയുന്നത്. ഒരുകാലത്ത് തുർക്കി ഭരണകൂടത്തിന്‍റെ ശത്രുക്കളെല്ലാം ഐ.എസിന്‍റെയും ശത്രുക്കളായായിരുന്നു.അക്കാലത്ത് ഒരുപാട് സ്ഫോടനങ്ങളാണ് അവർ കുർദിഷ് മേഖലയിൽ നടത്തിയിട്ടുള്ളത്. അവയുടെയെല്ലാം ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ഗ്രാമഗ്രാമാന്തരങ്ങളിൽ ഇപ്പോഴുമുണ്ട്.

ഇവയെല്ലാം പറയാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ ഞങ്ങളുടെ സിനിമയെ അടിച്ചമർത്താൻ പലതരത്തിലുള്ള ശ്രമങ്ങളും നിരന്തരം സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നു. കുർദിഷ് ഭാഷയിൽ സിനിമകൾ ചെയ്യാൻ പോലും ഏറെ പ്രയാസവും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ എത്ര അടിച്ചമർത്തിയാലും സ്വത്വബോധത്തിനും ഭാഷക്കും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും കുര്‍ദ് മണ്ണിനും സംസ്കൃതിക്കും വേണ്ടി ഞങ്ങൾ കലാകാരന്മാർ നിലകൊള്ളും.

ഭാവി പ്രോജക്ടുകൾ?

ഐ.എസ് ഭീകരത എന്‍റെ മേലും എന്‍റെ ജനതയ്ക്ക് മേലുമുണ്ടാക്കിയ മുറിവുകളെക്കുറിച്ച് ആത്മാംശമുൾക്കൊള്ളുന്ന സിനിമയാണ് അടുത്ത ലക്ഷ്യം. ഐ.എസ് നടത്തിയ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടും. ഈ പോരാട്ടവീര്യം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞതാണ്

ഐ.എഫ്.എഫ്.കെയെക്കുറിച്ച് ‍?

കേരളം എനിക്ക് തരുന്ന സ്നേഹവും കരുതലിലും വളരെ സന്തോഷമുണ്ട്. ഐ.എഫ്.എഫ്.കെ ലോകത്തിലെ തന്നെ മികച്ച മേളകളിലൊന്നാണ്. മേളയിലെ സ്ത്രീ പങ്കാളിത്തം എന്നെ അതിശയപ്പെടുത്തുന്നു. ഇന്ത്യൻ ജനതയും ഇന്ത്യൻ സ്ത്രീകളും ഭാഗ്യവാന്മാരാണ്. നമുക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമ കാണാനും ആസ്വദിക്കാനും ആശയങ്ങൾ പങ്കുവെക്കുവെക്കാനുമുള്ള അവസരം ലഭിക്കുക എന്നത് ഭാഗ്യമാണ്.  

Tags:    
News Summary - Kurdish fighting spirit ... This is Lisa Chelan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT