ഐ.എൻ.എസ്.വി തരിണിയിൽ യാത്രികരായ ലഫ്റ്റനന്‍റ് കമാൻഡർ രൂപ അഴഗിരിസാമിയും ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയും

പായ്‌വഞ്ചിയിൽ ലോകയാത്ര പൂർത്തിയാക്കി ഇന്ത്യൻ വനിത നാവികർ; ദിൽനയും രൂപയും നാളെ തീരമണയും

ന്യൂഡൽഹി: നാവിക സാഗർ പരികർമ-രണ്ടിന്‍റെ ഭാഗമായി പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ നാവികസേനയുടെ വനിതാ നാവികർ ചരിത്രയാത്ര പൂർത്തിയാക്കി നാളെ തീരമണയും. ഗോവയിലെ മോർമുഗാവോ തുറമുഖത്തിൽ എത്തുന്ന ഐ.എൻ.എസ്.വി തരിണിയെയും യാത്രികരായ മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയെയും തമിഴ്നാട്ടുകാരി ലഫ്റ്റനന്‍റ് കമാൻഡർ രൂപ അഴഗിരിസാമിയെയും സ്വീകരിക്കുന്ന ഫ്ളാഗ് ഇൻ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും.

ഏറെ സാഹസികത നിറഞ്ഞ എട്ടുമാസം നീണ്ടുനിന്ന പായ്‌വഞ്ചി യാത്രക്കാണ് പരിസമാപ്തിയാകുന്നത്. 23,400 നോട്ടിക്കൽ മൈൽ (43336.8 കിലോമീറ്റർ) ദൈർഘ്യമുള്ള യാത്രയിൽ നാല് ഭൂഖണ്ഡങ്ങളും മൂന്ന് മഹാസമുദ്രങ്ങളും മൂന്ന് മുനമ്പുകളുമാണ് വനിത നാവികർ പൂർത്തിയാക്കിയത്. ഗോവ മുതൽ ആസ്ട്രേലിയയിലെ ഫ്രീമാൻറിൽ വരെയായിരുന്നു യാത്രയുടെ ആദ്യഘട്ടം. ന്യൂസിലാൻഡിലെ ലിറ്റെൽട്ടൺ, ഫോക് ലാൻഡിലെ പോർട്ട് സ്റ്റാൻലി, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ എന്നിവയാണ് മറ്റ് മൂന്ന് ഘട്ടങ്ങൾ. തുടർന്ന് കേപ് ടൗണിൽ നിന്ന് പുനരാരംഭിച്ച അവസാനത്തെ ഘട്ടമാണ് ഗോവയിൽ പൂർത്തിയാകുന്നത്.

2024 ഒക്ടോബർ രണ്ടിന് ഗോവയിലെ ഐ.എൻ.എസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ നിന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ഐ.എൻ.എസ്.വി തരിണിയിലുള്ള 'നാവിക സാഗർ പരിക്രമ II' പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങൾ കൊണ്ട് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുക എന്നതാണ് ചരിത്ര പര്യവേഷണം കൊണ്ട് നാവികസേന ലക്ഷ്യമിടുന്നത്.

മലയാളിയായ റിട്ട. കമാൻഡർ അഭിലാഷ് ടോമിയുടെ കീഴിലാണ് കെ. ദിൽനയും രൂപ അഴഗിരിസാമിയും കപ്പൽ പര്യവേഷണത്തിനുള്ള പരിശീലനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയത്. 2023 മേയിൽ ദിൽനയും രൂപയും ഉൾപ്പെടെ ആറു നാവികരുടെ സംഘം ഗോവയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും തിരികെയുള്ള ട്രാൻസ് അറ്റ്ലാന്‍റിക് പര്യടനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന് അഭിലാഷ് ടോമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കപ്പൽ പര്യവേഷണത്തിന് ദിൽനയും രൂപയും ഉൾപ്പെടുന്ന രണ്ടംഗ സംഘത്തെ തെരഞ്ഞെടുത്തത്.


2012ൽ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ 'സാഗർ പരിക്രമ'യുടെ ഭാഗമായാണ് മലയാളി നാവികനായ റിട്ട. കമാൻഡർ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് 'മാദേയി' എന്ന പായ് വഞ്ചിയിൽ ആദ്യമായി ലോക യാത്ര നടത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.


2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചിയുടെ പായ്മരത്തിൽ നിന്ന് വീണ അഭിലാഷിന്‍റെ സ്പൈനൽകോഡിന് ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് 2022ൽ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി ചരിത്രം കുറിച്ചു.


2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് 'ബയാനത്ത്' എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷ് ടോമി കുറിച്ചത്.


Tags:    
News Summary - Indian women sailors complete round-the-world voyage in a yacht

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT