ഇമ്പിച്ചായിശുമ്മ,  സ്വാതന്ത്ര്യസമര സേനാനി പനോളുകണ്ടി അമ്മത്

സ്വാതന്ത്ര്യസമരകാലത്തെ ഓർമയുമായി ഇമ്പിച്ചായിശുമ്മ

നന്മണ്ട: പേരമകൾ അനീസ ഷെറിൻ വീട്ടിൽ ദേശീയപതാക ഉയർത്തിയപ്പോൾ ഇമ്പിച്ചായിശുമ്മയുടെ (97) മനസ്സിലേക്ക് ഇരമ്പിയെത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പൊലീസിന്റെ മർദനത്തിനിരയായ പ്രിയഭർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പനോളുകണ്ടി അമ്മതിനെക്കുറിച്ചുള്ള ഓർമകളാണ്.

1932 സെപ്റ്റംബർ ഒമ്പതിനായിരുന്നു 22കാരനായ അമ്മതിനെ ബ്രിട്ടീഷ് പൊലീസ് കള്ളങ്ങാടിത്താഴത്തുനിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് അമ്മതിന്റെ ഡയറിക്കുറിപ്പിലുള്ളതായി പറയുന്നു. കോഴിക്കോടും കണ്ണൂരിലുമായി ജയിൽവാസം. 1935ലാണ് ഇമ്പിച്ചായിശുമ്മയെ വിവാഹം കഴിച്ചത്. വിവാഹിതനായിട്ടും മനസ്സുനിറയെ സ്വാതന്ത്ര്യസമരമായിരുന്നു നിറഞ്ഞുനിന്നതെന്ന് ഇമ്പിച്ചായിശുമ്മ ഓർക്കുന്നു. സമരകാലത്തെ ഏറെ ശ്രദ്ധേയമായ ഒരു ഏടായിരുന്നു മൂലേംമാവ് കള്ളുഷാപ്പ് പിക്കറ്റിങ്.

പൊലീസ് അമ്മതിന്റെ തലയിലേക്ക് മൺകുടത്തിൽ വെച്ചിരുന്ന കള്ള് ഒഴിച്ചു. അമ്മത്ക്കായും ചങ്ങാതിമാരും അനുഭവിക്കേണ്ടിവന്ന കഥകൾ ഡയറിയിലുണ്ടെന്ന് ഇവർ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയതോടെ നന്മണ്ടയിൽ ബ്രിട്ടീഷുകാരുടെ നീതിന്യായ കോടതിയായ ഹജൂർ കച്ചേരിയിൽ ദേശീയപതാക ഉയർത്താൻ അമ്മതിന് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 52ാം വയസിൽ മർദനത്തിന്റെ ബാക്കിപത്രമെന്നോണം രക്തം ഛർദിച്ചും മൂത്രതടസ്സം നേരിട്ടുമാണ് ഈ രാജ്യസ്നേഹി മരണത്തിന് മുന്നിൽ കീഴടങ്ങിയത്.

75ാമത് സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുന്ന വേളയിൽ ദേശസ്നേഹിയായ പ്രിയതമന്റെ ഡയറിയിലെഴുതിയ ഓരോ കാര്യവും പേരമകൾ വായിച്ചു കേൾപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് കൂടി സമർപ്പിക്കുയാണ് ഇമ്പിച്ചായിശുമ്മ.

Tags:    
News Summary - Impichaishumma with the memory of the freedom struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT