കാത്ലിനും നവികയും
താളിയോലകളുടെ റോബോട്ടിക്സ് ‘സ്മൃതി’
താളിയോല, പനയോല എന്നൊക്കെ കേട്ടിട്ടുള്ള പുതുതലമുറയിൽപെട്ട എത്ര കുട്ടികളുണ്ട്? കേട്ടാൽ തന്നെ അതെന്താ സംഭവം എന്നു ചോദിക്കുകയല്ലാതെ അതേക്കുറിച്ച് കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർ എത്ര പേരുണ്ട്‍? കാലത്തിന്‍റെ കുത്തൊഴുക്കിൽ ഭൂതകാലത്തിെൻറ കാണാത്ത ഇരുണ്ട ഇടങ്ങളിലേക്ക് മാഞ്ഞുമറഞ്ഞുപോയ താളിയോലകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലായി സംരക്ഷിക്കുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട ഇതേ പുതുതലമുറയിൽപെട്ട രണ്ട് പെൺകുട്ടികളെ പരിചയപ്പെട്ടാലോ!
കാലപ്പഴക്കത്താലും മറ്റും നശിച്ചുകൊണ്ടിരിക്കുന്ന പനയോലകളിലെ അനശ്വരമായ, കാലാതീതമായ അറിവുകൾക്ക് സംരക്ഷണമേകാനും ഭാവിയിൽ ആർക്കും പ്രയോജനപ്പെടുത്താനുമായി റോബോട്ടിക്സ്, എ.ഐ, ഒപ്റ്റിക്കൽ കാരക്ടർ റെകഗ്നിഷൻ (ഒ.സി.ആർ) തുടങ്ങിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘സ്മൃതി 1.0’ എന്ന സംവിധാനം ഒരുക്കിയ കാത്‌ലിൻ മേരി ജീസനും നവിക ഡി. നായരുമാണ് ഈ മിടുക്കികൾ. തൃശൂരിലെയും എറണാകുളത്തെയും സ്കൂളുകളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരാണിവർ.
‘സ്മാർട്ട് മാനുസ്ക്രിപ്റ്റ് റീസ്റ്റോേറഷൻ ത്രൂ ഇൻറലിജന്റ് ടെക്നോളജി ഫോർ ഇൻസ്ക്രിപ്ഷൻസ്’ എന്നതാണ് ‘സ്മൃതി’യുടെ പൂർണരൂപം. മാനുസ്ക്രിപ്റ്റ് വൃത്തിയാക്കൽ, സംരക്ഷണ നടപടികൾ, സ്കാനിങ്, ഡിജിറ്റൽ രേഖപ്പെടുത്തൽ തുടങ്ങിയ ഘട്ടങ്ങളിൽ ഓട്ടോമേഷൻ ഉപയോഗിക്കുകയാണ് സ്മൃതിയുടെ ആശയം. ഇവരുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയേകി, കൊച്ചിയിലെ പ്രശസ്തമായ സ്റ്റെം ആൻഡ് റോബോട്ടിക്സ് വിദ്യാഭ്യാസ സ്ഥാപനമായ യുണീക് വേൾഡ് റോബോട്ടിക്സ് (യു.ഡബ്ല്യു.ആർ) കൂടെയുണ്ട്.
ദിവസങ്ങൾക്കുമുമ്പ് ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷനൽസിൽ ഫ്യൂച്ചർ ഇന്നൊവേറ്റേഴ്സ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കികൾ ഈ വരുന്ന ഡിസംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഏറെ അഭിമാനകരമാണ് ഈ നേട്ടമെന്ന് ഇരുവരും പറയുന്നു.
ആ അന്വേഷണത്തിൽ തുടങ്ങി
ഒമ്പതാം ക്ലാസിലെ സി.ബി.എസ്.ഇ ഗണിതശാസ്ത്ര ടെക്സ്റ്റ് പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ‘സംഗമഗ്രാമ മാധവൻ’ എന്ന പേരിൽ നിന്നാണ് താളിയോല വിജ്ഞാന സംരക്ഷണത്തിലെ വിപ്ലവകരമായ മാറ്റത്തിലേക്ക് ഇരുവരെയും എത്തിച്ചത്. അദ്ദേഹത്തിന്‍റെ പേരുകേട്ടപ്പോൾ, ഇതാരാണെന്ന് കൂടുതലറിയാനുള്ള ജിജ്ഞാസ ഉടലെടുത്തു. കൂടുതൽ അന്വേഷിച്ചപ്പോൾ, തൃശൂർ ഇരിങ്ങാലക്കുടയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ലോകപ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമാണെന്ന് തിരിച്ചറിഞ്ഞു. കേരളത്തിലെ ഗണിതശാസ്ത്രത്തിന്‍റെ സ്ഥാപകനായി കണക്കാക്കുന്ന ഇദ്ദേഹം അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാർഗങ്ങൾ പാശ്ചാത്യ പണ്ഡിതർ ആവിഷ്കരിക്കുന്നതിനുമുമ്പേ കണ്ടെത്തിയിട്ടുണ്ടെന്നും പിന്നീട് പുറത്തുവന്നിട്ടുണ്ട്. 1400കളിൽ താളിയോലകളിലാണ് അദ്ദേഹം തന്‍റെ കണ്ടുപിടിത്തങ്ങളും കൃതികളുമെല്ലാം കുറിച്ചുവെച്ചിരുന്നത്. ഇത്തരത്തിൽ ഒട്ടേറെ താളിയോല കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ടെന്നും കാത്‌ലിനും നവികയും തിരിച്ചറിഞ്ഞു.
താളിയോലകളുൾപ്പെടെ പുരാരേഖകൾ കണ്ടെത്തി, ഗവേഷണം നടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവം പേരിലൊരാളായ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിലെ മലയാളം പ്രഫസറും കോളജിലെ മാനുസ്ക്രിപ്റ്റ് റിസർച് ആൻഡ് പ്രിസർവേഷൻ െസൻറർ ഡയറക്ടറും സ്ഥാപകയുമായ ക്യാപ്റ്റൻ ലിറ്റി ചാക്കോയാണ്, അധികമാർക്കും അറിയാത്ത പുരാരേഖകളുടെ ലോകത്ത് ഈ പെൺകുട്ടികൾക്ക് വഴികാട്ടിയായത്.
കേരളത്തിന്‍റെ സമ്പന്നമായ ചരിത്ര, പൈതൃകത്തിന്‍റെയും അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെയും സൂക്ഷ്മവും മനോഹരവുമായ സംയോജനമാണ് ‘സ്മൃതി’യിലൂടെ ഇരുവരും ചെയ്യുന്നത്. ഇന്ത്യയുടെ കൈയെഴുത്തുപ്രതി പാരമ്പര്യം ലോകത്തിലെതന്നെ സമ്പന്നമായ പൈതൃകങ്ങളിലൊന്നാണ്. പനയോലകളിൽ ആർക്കുമറിയാത്ത ഒട്ടേറെ അമൂല്യമായ വിജ്ഞാനങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ടെങ്കിലും കാലപ്പഴക്കം, ഈർപ്പം, താപനിലയിലെ വ്യതിയാനങ്ങൾ, കീടബാധ തുടങ്ങി പല കാരണങ്ങളാൽ ഇത്തരം രേഖകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ വീണ്ടെടുക്കാനാവാത്ത വിധം ഇല്ലാതായവ വേറെയുമുണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലാതീതമായ അറിവിനെ വീണ്ടെടുക്കുകയെന്ന ലക്ഷ്യമായിരുന്നു ‘സ്മൃതി’ രൂപപ്പെടുത്തുമ്പോൾ ഇരുവരുടെയും ലക്ഷ്യം.
രണ്ടു നാട്ടുകാർ; ഒരേ ഇഷ്ടങ്ങൾ
രണ്ടു നാട്ടിൽ ജനിച്ചുവളർന്നവരാണെങ്കിലും കാത്്ലിെൻറയും നവികയുടെയും താൽപര്യങ്ങൾ ചെറുപ്പം മുതൽ ഏറക്കുറെ ഒന്നായിരുന്നു. കൊച്ചി തൃക്കാക്കരയിൽ താമസിക്കുന്ന നവികയും തൃശൂർ മാള സ്വദേശിനിയായ കാത്‍ലിനും രണ്ടാം ക്ലാസ് മുതൽ കോഡിങ്ങിന്‍റെ ലോകത്തുണ്ട്. ഏഴാം ക്ലാസിലെത്തിയപ്പോൾ റോബോട്ടിക്സിലേക്കും തിരിഞ്ഞു.
റോബോട്ടിക്സിനോടുള്ള ഇഷ്ടമാണ് ഇരുവരെയും യുണീക് വേൾഡ് റോബോട്ടിക്സിലെത്തിച്ചത്. ഇവിടെ വെച്ച് അവർ തിരിച്ചറിഞ്ഞു, തങ്ങൾക്ക് യാത്ര ചെയ്യാനുള്ളത് ഒരേ വഴി തന്നെയാണെന്ന്. അങ്ങനെ താളിയോല ഗവേഷണവും സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളും കണ്ടുപിടിത്തങ്ങളുമെല്ലാം ഒരുമിച്ചായി. എം.ഡി. നിക്സൺ, ഇ.കെ. ശക്തിപ്രിയ, വി.എ. ജയശങ്കർ എന്നിവർ മെന്റർമാരായി കൂടെനിന്നു. അങ്ങനെയാണ് താളിയോല സംരക്ഷണത്തിനായുള്ള റോബോട്ടിെൻറ പ്രോട്ടോടൈപ്പ് അവർ വികസിപ്പിച്ചെടുത്തത്. ഈ പ്രോജക്ട് പേറ്റൻറിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഇരുവരും.
മനുഷ്യർ ഏറെ ശ്രദ്ധയോടെ, ഒരുപാട് സമയവും അധ്വാനവുമെടുത്ത് ചെയ്യേണ്ടിവരുന്ന പനയോല കൈയെഴുത്തുപ്രതികളുടെ സംരക്ഷണപ്രക്രിയ നിമിഷനേരങ്ങൾക്കകം അതീവ സൂക്ഷ്മതയോടെ, പൂർണതയോടെ ചെയ്തുതരുന്നുവെന്നതാണ് സ്മൃതിയുടെ പ്രത്യേകത. തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഒ.സി.ആർ സാങ്കേതികവിദ്യയുടെയും സഹായത്തോടെ രേഖകളിലെ എഴുത്ത് തിരിച്ചറിഞ്ഞ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പനയോലയിൽ പതിഞ്ഞ അക്ഷരങ്ങൾ ഭാവിയിൽ ഒരു ഡിജിറ്റൽ സ്ക്രീനിൽ വായിക്കാവുന്ന രൂപത്തിലേക്ക് മാറും. താളിയോല സംരക്ഷണത്തിനൊപ്പം, അവയിൽ അടങ്ങിയിരിക്കുന്ന അറിവ് പുതിയ തലമുറയിലേക്ക് എത്തിക്കണമെന്നതാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യം.
പരമ്പരാഗത മാനുസ്ക്രിപ്റ്റ് സംരക്ഷണം പലപ്പോഴും സമയമെടുക്കുന്നതും വിദഗ്ധരുടെ വലിയ തോതിലുള്ള മാനുവൽ ഇടപെടൽ ആവശ്യപ്പെടുന്നതുമാണ്. അതിനൊപ്പം ഡിജിറ്റൽ രേഖപ്പെടുത്തലും വായനാസൗകര്യവും ഉറപ്പാക്കുക എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് ‘സ്മൃതി’ക്ക് പ്രസക്തിയേറുന്നതെന്ന് നവികയും കാത്്ലിനും ചൂണ്ടിക്കാട്ടി.
ഒരുതവണ വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിലും രണ്ടുതവണ ദേശീയതലത്തിലും പങ്കെടുത്തിട്ടുണ്ട് കാത്്ലിൻ. ഹൈദരാബാദിൽ ദിവസങ്ങൾക്കുമുമ്പ് നടന്ന വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ് നാഷനൽ ലെവലിലാണ് ഇരുവരും തങ്ങളുടെ പ്രോജക്ട് അവതരിപ്പിച്ച് ഒന്നാമതെത്തിയത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത രണ്ടാമത്തെ നാഷനൽ ഒളിമ്പ്യാഡാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.
തൃക്കാക്കര ക്ഷേത്രത്തിനടുത്ത് അബാദ് ഒയാസിസിൽ താമസിക്കുന്ന നവിക കാക്കനാട് നൈപുണ്യ പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. ബിസിനസുകാരനായ പിതാവ് ഡിൻറു സോമനും എ.ഐ കൺസൾട്ടൻറായ അമ്മ ഡോ.സുചിത എസ്.കുറുപ്പും പിന്തുണയുമായി കൂടെയുണ്ട്. തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാർഥിനിയാണ് കാത്്ലിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.