സൈനബ് ആസിം ഹിജാബ് ധരിച്ച് ബഹിരാകാശത്തേക്ക്

ഹിജാബ് ധരിച്ച് സ്കൂളിൽ കയറാമോ എന്ന ചർച്ചയിലാണ് ഇന്ത്യ. വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളെ ഹിജാബ് ധരിച്ചു എന്നതിന്‍റെ പേരിൽ പടിക്ക് പുറത്തുനിർത്തുന്ന തിരക്കിലാണ് നാട്ടിലെ ചില അധ്യാപകരും. ഇവരെല്ലാം കണ്ടുപഠിക്കേണ്ടതാണ് സൈനബ് ആസിം എന്ന 19കാരിയെ. ഹിജാബ് ധരിച്ച് സ്കൂളിലേക്കല്ല, അങ്ങ് ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുകയാണ് ഈ കാനഡക്കാരി. ദുബൈ എക്സ്പോയിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ 'വനിതകളും പെൺകുട്ടികളും ശാസ്ത്രരംഗത്ത്' എന്ന വിഷയത്തിലെ മുഖ്യ ആകർഷണമായിരുന്നു സൈനബ്.

ബഹിരാകാശത്തെത്തുന്ന ആദ്യ ഹിജാബി സ്പേസ് ടൂറിസ്റ്റായി മാറാനുള്ള ഒരുക്കത്തിലാണ് സൈനബ്. പൗരത്വം കാനഡയിലാണെങ്കിലും സൈനബിന്‍റെ കുടുംബം പാകിസ്താൻ വംശജരാണ്. 11ാം വയസിൽ പിതാവ് നൽകിയ ജൻമദിന സമ്മാന തുക കാത്തുസൂക്ഷിച്ച് വെച്ചാണ് സൈനബ് യാത്രക്കൊരുങ്ങുന്നത്. കുഞ്ഞുനാളിൽ ബഹിരാകാശ ഗവേഷത്തിൽ കാണിച്ചിരുന്ന താൽപര്യം കണ്ടാണ് മാതാപിതാക്കൾ സൈനബിന് ഇങ്ങനൊരു പിറന്നാൾ സമ്മാനം നൽകിയത്. രണ്ടരലക്ഷം ഡോളർ ചെലവിട്ട് ബഹിരാകാശത്തേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന വെർജിൻ ഗലാക്ടിക്കിലാണ് സൈനബ് സീറ്റ് തരപ്പെടുത്തിയിരിക്കുന്നത്. എന്നാണ് പോകുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. തീയതി കിട്ടാനുള്ള കാത്തിരിപ്പിലാണ്.

ടൊറന്‍റോ സർവകലാശാലയിൽ ന്യൂറോ സയൻസ് വിദ്യാർഥിയാണ്. ആദ്യമായല്ല ഒരു മസ്ലീം വനിത ബഹിരാകാശത്തേക്ക് കുതിക്കുന്നത്. 15 വർഷം മുൻപ് ഇറാൻകാരി അനുഷേ അൻസാരി സ്പേസ് സെന്‍ററിലേക്ക് യാത്ര നടത്തിയിരുന്നു. വൈകാതെ തന്നെ യു.എ.ഇയുടെ സ്വന്തം നൂറ അതൽ മത്റൂഷി ബഹിരാകാശത്തെത്തും. ഇതോടെ, ബഹിരാകാശത്തെത്തുന്ന ആദ്യ അറബ് വനിത എന്ന നേട്ടം മത്റൂശി സ്വന്തമാക്കും. എന്നാൽ, ഹിജാബ് ധരിച്ച് ആദ്യം എത്തുന്നത് താനായിരിക്കുമെന്ന വിശ്വാസത്തിലാണ് സൈനബ്. തന്‍റെ യാത്ര നിരവധി വനിതകൾക്ക് പ്രചോദനമാകുമെന്നാണ് സൈനബ് ആസിമിന്‍റെ വിശ്വാസം.

പ്രചോദക പ്രഭാഷകയും മെന്‍ററുമെല്ലാമാണ് സൈനബ്. ഇതിലെല്ലാമുപരി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ്. വിർജിൻ ഗലാക്ടികിൽ യാത്രക്കൊരുങ്ങുന്ന ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആസ്ട്രോനോട്ടാണ് സൈനബ്. 2015ൽ പാരീസിൽ നടന്ന 'സ്പേസ് ഗേൾ, സ്പേസ് വിമൻ' പരിപാടിയിലെ മുഖ്യ ആകർഷണമായിരുന്നു. 2019ൽ ആസ്ട്രിയയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ വേൾഡ് സ്പേസ് ഫോറത്തിലെ പാനലിസ്റ്റായി. ഇതിന് പുറമെ നിരവധി അന്താരാഷ്ട്ര വേദികളിലും അവർ സാന്നിധ്യമറിയിച്ചു. 

Tags:    
News Summary - hijabi astronaut Zainab Azim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT