ഇസ്രായേൽ സൈനിക നാമ ലെവി
ഗസ്സസിറ്റി: ഇസ്രായേൽ-ഗസ്സ സമാധാന കരാറിന്‍റെ രണ്ടാംഘട്ടത്തിൽ നാല് വനിത ഇസ്രായേൽ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. കരീന അറീവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെയാണ് ഗസ്സസിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ വച്ച് ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. ഈ നാല് വനിത സൈനികരിൽ ഒരാൾ ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
20കാരിയായ നാമ ലെവിയാണ് ഇന്ത്യയിലെ യു.എസ് ഇന്‍റർനാഷണൽ സ്കൂളിലാണ് പഠനം നടത്തിയത്. ചെറുപ്പത്തിൽ ഇസ്രായേൽ-ഫലസ്തീൻ പൗരന്മാർക്കിടയിൽ സഹവർത്തിത്വത്തിനുള്ള 'ഹാൻഡ്‌സ് ഓഫ് പീസ്' ഡെലിഗേഷന്‍റെ ഭാഗമായിരുന്നു. കൂടാതെ, ട്രയാത്‌ലറ്റ് ആണ് നാമ ലെവി.
ഗസ്സയിൽ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തിൽ നാല് വനിത സൈനികരെ ഹമാസ് കൈമാറിയത്. പകരമായി 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.
ആദ്യഘട്ടമായി 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ചിരുന്നു. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്.
യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് മാസങ്ങൾ നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.