ച​ന്ദ്ര​മ​തി മു​ത്ത​ശ്ശി​യോ​ടൊ​പ്പം പൊ​ന്നു​വും സ​ര​സ്വ​തി​യ​മ്മാ​ളും

ചന്ദ്രമതി മുത്തശ്ശിയുടെ കാരുണ്യം; പൊന്നുവിനും അമ്മക്കും സന്തോഷക്കാലം

അടൂർ: ഉറവ വറ്റാത്ത മാതൃസ്നേഹത്തിന്‍റെ പര്യായവും മണ്ണടിക്ക് അഭിമാനവുമാണ് 77കാരിയായ ചന്ദ്രമതിയമ്മ മുത്തശ്ശി. പുരാതന നായർ തറവാടായ മണ്ണടി മുഖമുറി ചൂരക്കാട് വീട്ടിൽ 14 വർഷം മുമ്പ് നാല് വയസ്സുകാരിയായ പൊന്നുവിനെയും കൂട്ടി വാടകവീട്ടിൽ താമസത്തിനെത്തിയതാണ് എറണാകുളം സ്വദേശി ജോസഫും ഭാര്യ മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതി അമ്മാളും. ചന്ദ്രമതിയമ്മ മുത്തശ്ശിക്ക് 500 രൂപ വീതം രണ്ടുമാസം കൃത്യമായി വാടകയും നൽകി. ചുരുങ്ങിയ ദിവസംകൊണ്ട് പൊന്നു അവിവാഹിതയായ ചന്ദ്രമതിയമ്മക്ക് ജീവനായി മാറി.

കരാർ തൊഴിലാളിയായ ജോസഫിന്‍റെ സ്നേഹവും സാമ്പത്തിക ബുദ്ധിമുട്ടും മനസ്സിലാക്കിയ ചന്ദ്രമതിയമ്മ പിന്നീട് വാടക വാങ്ങിയില്ല. അവരെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് സന്തോഷകരമായി ജീവിച്ചുവരികെ 2015ൽ അപ്രതീക്ഷിതമായി പക്ഷാഘാതം കുടുംബത്തെ വേട്ടയാടി. ഒരുവശം തളർന്ന് ജോസഫ് കിടപ്പിലായി. സഹായത്തിന് ആരോരുമില്ലാതെ പറക്കമുറ്റാത്ത പെൺകുഞ്ഞുമായി എന്ത് ചെയ്യണമെന്ന് അറിയാതെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരസ്വതി അമ്മാൾ പകച്ചുനിന്നു.

ഏഴാം ക്ലാസിൽ പഠിക്കുന്ന പൊന്നുവിനെ ബുദ്ധിമുട്ട് അറിയിക്കാതെ അവർ പഠിപ്പിച്ചു. 2018 ജനുവരി 18ന് പൊന്നു പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ജോസഫ് യാത്രയായി. ഏത് നിമിഷവും പ്രായമായ മകളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഓർത്ത് പിന്നീട് സരസ്വതിയമ്മാൾ ഉറങ്ങിയിട്ടില്ല.

ഇവരെ എന്തിന് ഇനിയും ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ഇറക്കിവിട്ടൂടെ എന്ന് നാട്ടുകാരിൽ ചിലരുടെ ചോദ്യം, ചന്ദ്രമതിയമ്മ മുഖവിലയ്ക്കെടുക്കാതെ ചിരിച്ചുതള്ളി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചന്ദ്രമതി മുത്തശ്ശിക്ക് ഇന്ന് താങ്ങും തണലുമാണ് പൊന്നുവും അമ്മയും.

പ്ലസ് ടുവിന് ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന പൊന്നുവിനെയും അമ്മയെയും നാട്ടുകാരെയും ഞെട്ടിച്ച് ചന്ദ്രമതിയമ്മ മുത്തശ്ശി കഴിഞ്ഞ ദിവസം കുടുംബസ്വത്തായി കിട്ടിയ തന്‍റെ ഏഴ് സെന്‍റും വീടും സകല സ്വത്തുക്കളുടെയും അവകാശിയായി പൊന്നുവിന്‍റെ പേരിൽ പ്രമാണം രജിസ്റ്റർ ചെയ്തു. തന്‍റെ കണ്ണ് അടയും മുമ്പേ പൊന്നുവിനെ പഠിപ്പിച്ച് നല്ലനിലയിൽ എത്തിക്കണമെന്നാണ് ഇപ്പോൾ മുത്തശ്ശിയുടെ ഏക ആഗ്രഹം. മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റും എന്ന വാശിയിലാണ് പൊന്നുവും.

ചന്ദ്രമതിയമ്മയെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനയായ എംഫർട്ട് മണ്ണടിയുടെ നേതൃത്വത്തിൽ ആദരിച്ചു. സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, പ്രസിഡന്‍റ് ശോഭാമണി, ട്രഷറർ അരുൺ കുമാർ, ഉപദേശക സമിതി അംഗം എ.ആർ. മോഹൻകുമാർ, രാമചന്ദ്രൻപിള്ള, കെ.ബി. ഋഷാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Grandmother Chandramati's Mercy; Ponnu and mother is Happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.