പുഷ്പ സംഗീത അധ്യാപനത്തിനിടെ
കാഞ്ഞങ്ങാട്: 2010ൽ മംഗളൂരുവിലുണ്ടായ വിമാനാപകടത്തിൽ ഭർത്താവ് പ്രഭാകരൻ മരിച്ചശേഷം ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാഞ്ഞങ്ങാട് സൗത്തിലെ പുഷ്പ പ്രഭാകരൻ അടുക്കളയിൽ മാത്രം തളക്കപ്പെട്ട ഒരുകൂട്ടം അമ്മമാരെ അരങ്ങത്തെത്തിക്കുന്ന തിരക്കിലാണ്. ഷാർജയിൽ ബിസിനസ്സുകാരനായിരുന്ന ഭർത്താവിനൊപ്പം ഷാർജയിൽ കുട്ടികൾക്ക് സംഗീതം പകർന്നുനൽകുകയായിരുന്നു.
10 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ഭർത്താവ് വിമാനാപകടത്തിൽ മരിച്ചു. ഈസമയം പുഷ്പ ഷാർജയിലായിരുന്നു. 24 വർഷം ഗൾഫിൽ കുട്ടികൾക്ക് സംഗീതം പകർന്ന ഈ 52കാരി ഇപ്പോൾ എട്ട് വർഷമായി കാഞ്ഞങ്ങാട്ടെ അമ്മമാർക്കും കുട്ടികൾക്കും സംഗീതം പകർന്നുനൽകുന്നു. അടുക്കളയിൽനിന്ന് 20 വീട്ടമ്മമാരെ സംഗീതക്കച്ചേരി അഭ്യസിപ്പിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ സംഗീതാർച്ചന നടത്തി കഴിയുന്നു. ചെറിയ ഫീസ് മാത്രം ഈടാക്കി വീട്ടിലും ഓൺലൈനിലും 60ഓളം സ്ത്രികൾക്ക് സംഗീതം അഭ്യസിപ്പിക്കുന്നുണ്ട്. നാലു വയസ്സ് മുതൽ 78വരെയുള്ള അമ്മമാർ വരെ സംഗീതകച്ചേരി അഭ്യസിക്കാനെത്തുന്നുണ്ട്. അടുക്കള ജോലിക്കിടയിൽ പാട്ടുപാടിയ പുഷ്പ സമൂഹമാധ്യമത്തിലും താരമാണ്. സിനിമനടനായ മകൻ സ്വാതിദാസ് പ്രഭു 12ഓളം ചിത്രങ്ങളിൽ വേഷമിട്ടു. മകൾ സരലയ പി.ജി വിദ്യാർഥിനിയാണ്. പിതാവ് കേളു ഭാഗവതരിൽനിന്ന് കുഞ്ഞുനാൾ മുതൽ സംഗീതം അഭ്യസിച്ചതാണ് പുഷ്പ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.