റോക്കറ്റ് എൻജിനീയർ മിഷായേൽ ബിൻത് അൽ ഷമിമാരി

അന്താരാഷ്ട്ര ബഹിരാകാശ സംഘടന തലപ്പത്ത് ആദ്യമായി സൗദി വനിത

യാംബു: പാരിസ് ആസ്ഥാനമായ അന്താരാഷ്ട്ര ബഹിരാകാശ സംഘടനയുടെ (ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ - ഐ.എ.എഫ്) വൈസ് പ്രസിഡന്റായി എൻജി. മിഷായേൽ ബിൻത് അൽ ഷമിമാരിയെ നിയമിച്ചു. ഇത്തരമൊരു അന്താരാഷ്ട്ര പദവിയിലെത്തുന്ന ആദ്യ സൗദി വനിതയാണിവർ. ബഹിരാകാശ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദഗ്ധരുമായ വിവിധ രാജ്യങ്ങളിൽനിന്നുള്ള 400 ലധികം അംഗങ്ങളുള്ള സംഘടനയാണ് ഐ.എ.എഫ്. ഇന്റർനാഷനൽ അക്കാദമി ഓഫ് ആസ്‌ട്രോനോട്ടിക്സ്, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ലോ എന്നിവയുമായി ബന്ധമുള്ള സംഘടന കൂടിയാണിത്.

ഫെഡറേഷന്റെ തലപ്പത്ത് 12 വൈസ് പ്രസിഡന്റുമാരാണുള്ളത്. ഫെഡറേഷന്റെ യോഗങ്ങൾ ആസൂത്രണം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്യുക, യോഗത്തിലെ കാര്യപരിപാടികൾക്ക് ചുമതല വഹിക്കുക, വാർഷിക റിപ്പോർട്ട് തയാറാക്കാൻ മേൽനോട്ടം വഹിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് വൈസ് പ്രസിഡന്റുമാർക്കുള്ളത്. ലോകത്ത് അറിയപ്പെടുന്ന റോക്കറ്റ് എൻജിനീയർ കൂടിയായ മിഷായേൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിന് ലക്ഷ്യമിട്ടുള്ള ആണവ റോക്കറ്റ് പദ്ധതിയെ കുറിച്ച് നാസയിൽ നേരത്തേ ഗവേഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1984-ൽ അൽ-ഖസീം പ്രവിശ്യയിൽ ജനിച്ച മിഷായേൽ ബിൻത് അൽ ഷമിമാരി ആണവ റോക്കറ്റ് രൂപകൽപന രംഗത്ത് പ്രവർത്തിക്കുന്ന ആദ്യ സൗദി യുവതി കൂടിയാണ്. 2006-ൽ 22-ാമത്തെ വയസ്സിലാണ് മിഷായേൽ നാസയിൽ ഗവേഷണരംഗത്ത് എത്തിയത് . പത്താം വയസ്സിൽ ഇവരുടെ കുടുംബം അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ മിഷായേൽ വീണ്ടും സൗദിയിലെത്തി. മെൽബൺ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് ഏവിയേഷൻ എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദവും പിന്നീട് നാസയുടെ സ്‌കോളർഷിപ്പോട് കൂടി മാസ്റ്റർ ബിരുദവും നേടി. പിന്നീട് നാസയിൽ തന്നെ ജോലിയിൽ പ്രവേശിച്ചു.

നാസയിലെ ആദ്യ ഗൾഫ് വനിത എന്ന അംഗീകാരം നേടി അന്ന് തന്നെ ഇവർ ശ്രദ്ധേയമായ വ്യക്തിത്വമായി മാറിയിരുന്നു. ലോകത്ത് ഏറ്റവും ശ്രദ്ധേയമായ 10 അറബ് വനിതകളിൽ ഒരാളായി ബിസിനസ് ഡോട്ട് കോം മാസിക മിഷായേലിനെ തിരഞ്ഞെടുത്തിരുന്നു. 2018-ൽ ശാസ്ത്രമേഖലയിലെ മഹത്തായ സംഭാവനക്ക് കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസ ഊദ് പ്രത്യേക പുരസ്‌കാരം മിഷായേൽ കരസ്ഥമാക്കിയിരുന്നു.

Tags:    
News Summary - First Saudi woman to head International Astronautical Federation - IAF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT