കാളി

ഫൈറ്റിങ് കാളി

സ്ത്രീകൾ അധികം കടന്നുവരാത്ത സ്റ്റണ്ട് മേഖലയിൽ കഴിവും ആത്മവിശ്വാസവും കൊണ്ട് ഇടം കണ്ടെത്തിയ ഒരു പെൺകരുത്തുണ്ട്, ഫൈറ്റ് മാസ്റ്റർ കാളി. മലയാളത്തിലെ ആദ്യ പെൺ സ്റ്റണ്ട് മാസ്റ്റർ


തിയറ്ററുകളിൽ കാഴ്ചക്കാരെ ആവേശത്തിലാക്കുകയും ഇരിപ്പിടത്തിൽനിന്ന് അറിയാതെ എഴുന്നേൽപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ ഒരുപാട് പേരുടെ കഠിനാധ്വാനമുണ്ട്. മിക്കപ്പോഴും വെള്ളിത്തിരയുടെ നിറപ്പകിട്ടുകളിൽ കാണാതെപോകുന്ന റിയൽ ആക്ഷൻ ഹീറോസ് ഇവിടെയാണ്. സ്ത്രീകൾ അധികം കടന്നുവരാത്ത സ്റ്റണ്ട് മേഖലയിൽ കഴിവും ആത്മവിശ്വാസവും കൊണ്ട് ഇടം കണ്ടെത്തിയ ഒരു പെൺകരുത്തുണ്ട്, ഫൈറ്റ് മാസ്റ്റർ കാളി. മലയാളത്തിലെ ആദ്യ പെൺ സ്റ്റണ്ട് മാസ്റ്റർ

സ്റ്റണ്ട് ഫ്രണ്ടായത്

ഞാൻ ഫൈറ്റ് പഠിച്ചിട്ടില്ല. സിനിമയെക്കുറിച്ചോ സംഘട്ടന രംഗങ്ങളെക്കുറിച്ചോ എനിക്കറിയില്ല. എങ്കിലും സ്വയം തിരഞ്ഞെടുത്തതാണ് ഈ മേഖല. പിന്നിട്ട വഴികളിൽ പ്രചോദനമായത് വിശപ്പുതന്നെ. സെയിൽസ് ഗേൾ, ഫുഡ്‌ ഡെലിവറി തുടങ്ങി നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്ക് അധികം പ്രാധാന്യം കൊടുക്കാത്ത കുടുംബത്തിൽ നിന്നായതിനാൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. സിനിമാ പശ്ചാത്തലമോ സിനിമയെക്കുറിച്ചറിവോ ഇല്ലാത്ത എന്നെ കൂടെ നിർത്താൻ ശശി മാസ്റ്റർ (മാഫിയ ശശി) ധൈര്യം കാണിച്ചു. 11 വർഷമായി ഈ ജോലിയിൽ തുടർന്നുപോകാൻ പ്രചോദനമായതും മാസ്റ്റർ തന്നെ. നമ്മുടെ സിനിമകളിൽ ഫൈറ്റ് സീൻസ് കുറവാണ്. പിന്നെ ലേഡി ഫൈറ്റ് സീൻസ് അധികം പറയേണ്ടതില്ലല്ലോ; വളരെ കുറവ്. ഇനി അവസരങ്ങൾ കിട്ടിയാലും പേമെന്റ് കാര്യങ്ങൾ സംസാരിച്ചുവരുമ്പോൾ ആ സീൻതന്നെ വേണ്ടെന്നുവെക്കും. വർഷത്തിൽ ഒരു പ്രോജക്ട് ഒക്കെ കിട്ടിയാൽതന്നെ വലിയ കാര്യമാണ്! കളിമണ്ണ്, ശൃംഗാരവേലൻ, നിർണായകം, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പിയാനിസ്റ്റ് തുടങ്ങി ഡ്യൂപ്പായും അല്ലാതെയും ചെറിയ വേഷങ്ങളായും ഇതുവരെ 50 ഓളം സിനിമകളുടെ ഭാഗമായി. സീ കേരളയിൽ ‘എരിവും പുളിയും’ സിറ്റ്കോമിന്റെ ആദ്യ ഭാഗത്തെ ഫയർ സീൻ ചെയ്തത് ഞാനാണ്. മിസ് ഇന്ത്യക്കുവേണ്ടി ട്രെയിനിങ്ങും നൽകി. ജിത്തു ജോസഫിന്റെ ‘റാം’ എന്ന സിനിമയിൽ മുഖം കാണിച്ചുതന്നെ ഫൈറ്റ് ചെയ്യാൻ സാധിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ഡ്യൂപ് നൽകിയ അഭിനേതാക്കളുടെ പേരുകൾ ഞാൻ ചോദിക്കാറില്ല. തിയറ്ററിൽ ആ സിനിമ കാണുമ്പോഴാണ് ഇത് താൻ ചെയ്തതല്ലേ എന്ന് ഓർമ വരുന്നതുതന്നെ.

ഇടിച്ചുനിൽക്കൽ ഇത്തിരി സീനാണ്

സിനിമാ സ്റ്റണ്ട് മേഖലയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണനകൾ ലഭിക്കുന്നില്ല. സ്റ്റണ്ട് മാസ്റ്റർ യൂനിയനിൽ 50 വർഷമായി സ്ത്രീകൾക്ക് അംഗത്വം നൽകുന്നില്ല. ഫൈറ്റ് മാസ്റ്റർ ആയി വരണമെങ്കിൽ ചെന്നൈ യൂനിയൻ അംഗീകരിക്കണം. പെണ്ണായത് കൊണ്ടാവാം അവിടേക്ക്‌ പോകേണ്ട എന്നായിരുന്നു പലരുടെയും നിർദേശം. സ്റ്റണ്ടിൽ ആർക്കും സേഫ്റ്റി ഇല്ല. അപകടം പറ്റിയാൽ പിന്നീട് വീൽചെയറിലോ മറ്റോ ആയി ജീവിതം തീരും. ഒരു സംഘടനയിൽനിന്നും സഹായം ലഭിക്കില്ല. നന്നായി ട്രെയിനിങ്‌ നൽകാനും സംരക്ഷിക്കാനും യൂനിയൻ ഉണ്ടാകണം. പക്ഷേ, ഇതെല്ലാം പണം ഉള്ളവർക്ക് മാത്രമേ സാധ്യമാകുകയുള്ളൂ. പെണ്ണായതുകൊണ്ടും പണമില്ലാത്തത്കൊണ്ടും എനിക്ക് ട്രെയിനിങ് അന്യമാണ്. സ്റ്റണ്ട് എന്നാൽ ആക്ഷൻ മാത്രമല്ല. ബൈക്ക് ആക്‌സിഡന്റ് ആകുന്നതും തൂങ്ങി മരിക്കുന്നതും അഭിനേതാക്കൾക്ക് വീഴുന്ന പൊസിഷൻ പറഞ്ഞു നൽകുന്നതുവരെ ഒരു സ്റ്റണ്ട് മാസ്റ്ററുടെ കടമയാണ്. റിസ്ക് എടുക്കാൻ ഞാൻ തയാറാണ്. പക്ഷേ അവസരങ്ങൾ തരാൻ ആരും മനസ്സ് കാണിക്കുന്നില്ല എന്നു മാത്രം. എന്റെ കൈയിൽ എക്യുപ്മെന്റസ് ഇല്ല. ഇപ്പോൾ ചെയ്യാൻ പറ്റുന്നത് സിംഗ്ൾ ഫൈറ്റ് സീനുകൾ മാത്രമാണ്. ചെറിയ വർക്കുകൾ എന്റേതായ രീതിയിൽ ചെയ്തു കൊടുക്കാറുണ്ട്. നല്ല ട്രെയിനിങ് ലഭിച്ചെങ്കിൽ മാത്രമേ ആത്മവിശ്വാസത്തോടെ ഈ മേഖലയിൽ തുടർന്നുപോകാൻ സാധിക്കുകയുള്ളൂ.എനിക്ക് ഇത് ലഹരിയാണ്. ട്രെയിനിങ്ങോ മേഖലയെക്കുറിച്ചറിവോ ഇല്ലാത്തതിന്റെ പേരിൽ ഇഷ്ടപ്പെട്ടിട്ടും വരാതിരിക്കുന്നവർ ഉണ്ട്. തിയറ്ററുകിൽ ഒരു ആക്ടർ ഹീറോയിസം കാണിക്കുന്നതിനേക്കാൾ കൈയടികൾ അഭിനേത്രി കാണിക്കുമ്പോൾ കിട്ടും. പെൺകുട്ടികൾക്ക് ഒന്നും പറ്റില്ല, പെണ്ണ് എന്തു ചെയ്യാനാണ് എന്നൊക്കെ ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്. അവരും അവരുടെ ചിന്തയുമാണ് മാറേണ്ടത്.

ശശി മാസ്റ്ററുടെ ‘കിലുക്കം’

ഫൈറ്റിൽ റിയാലിറ്റിക്കായി ഏത് അറ്റം വരെയും മാസ്റ്റർ പോകും. അതുകൊണ്ടാണ് ഫീമെയിൽ ആക്ടേഴ്സിനുവേണ്ടി ഡ്യൂപ്പായി പെണ്ണായത് കൊണ്ടും, എന്റെ കഴിവിൽ വിശ്വാസം ഉള്ളതുകൊണ്ടും അദ്ദേഹം എനിക്ക് അവസരം തന്നത്. കളിമണ്ണ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് എന്നോട് ശശി മാസ്റ്റർ ചോദിച്ചത് ഇത്ര മാത്രം

ഫൈറ്റ് അറിയോ..?

ഞാൻ: ഇല്ല.

ആരോടും പറയണ്ട, ചെയ്യാൻ ധൈര്യം ഉണ്ടോ?

ഞാൻ: ഉണ്ട്.

എന്റെ അവസ്ഥ കണ്ട് എനിക്ക്‌ അവസരങ്ങൾ തന്നു. ഞാൻ മാസ്റ്ററുടെ ‘കിലുക്കം’ ആണ്. എപ്പോഴും സംസാരിക്കുന്നത് കൊണ്ടാവാം എന്നെ മാസ്റ്റർ ‘കിലുക്കം’ എന്നാണ് വിളിക്കാറുള്ളത്. കിലുക്കാംപെട്ടിക്ക് ഒരുപ്രത്യേകതയുണ്ട്.എത്രതവണ വലിച്ചെറിഞ്ഞാലും അത് ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. സംസാരിക്കാൻ എനിക്കൊരുപാടിഷ്ടമാണ്.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇടി പഠിക്കണം

സ്വയം രക്ഷ നമ്മൾ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് പെൺകുട്ടികൾ. ഞാൻ സ്റ്റണ്ട് പഠിച്ചിട്ടല്ല ഇതെല്ലാം കാണിച്ചുകൂട്ടിയത്. നമ്മൾ മെന്റലി സ്ട്രോങ് ആയിരിക്കുകയാണ് പ്രധാനം. നമ്മളണിയുന്ന കുപ്പിവളകളും കമ്മൽ മുതലായ ഓർണമെൻസ് വരെ നമുക്ക് സ്വയം പ്രതിരോധത്തിനായി ഉപയോഗിക്കാം. അവസരം നോക്കി പ്രയോഗിക്കാൻ ശ്രമിക്കുകയാണ് പ്രധാനം.

എന്നെ തല്ലിയാൽ തിരിച്ചു തല്ലാനറിയാം

എന്റെ 25ാമത്തെ വയസ്സിലാണ് ഈ മേഖലയിലേക്ക്‌ വന്നത്. 11 വർഷമായി വർക്ക്‌ ചെയ്തിട്ടും ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ സ്ഥാനം പോലും എനിക്ക് സിനിമയിൽ ഇല്ല. ശശി മാസ്റ്ററുടെ തന്നെ കീഴിൽ നന്നായി ട്രെയിൻ ചെയ്ത് ഒരു സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററാവുകയാണ് എന്റെ ലക്ഷ്യം. അതിന് പണമോ ശരീരമോ ചോദിക്കാത്ത സഹായിക്കാൻ തയാറായ സ്പോൺസേഴ്സ് വേണം. എന്റെ വേഷവും സംസാരവും ഇഷ്ടപ്പെടാത്തവരുണ്ട്. എന്തിനാണ് ഈ വേഷം എന്ന് പലരും ചോദിച്ചിട്ടുണ്ട്. പാണ്ടി എന്ന് വിളിച്ചവരുണ്ട്.

ഒറ്റക്കാലിൽ ചിലമ്പിട്ടതും മുടി കളർ ചെയ്തതും ജീൻസ് ധരിക്കുന്നതും കാരണം പലരും എന്നെ വ്യത്യസ്ഥയായി കാണുന്നുണ്ട്. സ്റ്റണ്ട് മേഖലയിൽ പിടിച്ചുനിൽക്കാൻ ശരീരവും മനസ്സും ഒരുപോലെ സ്ട്രോങ് ആവേണ്ടതുണ്ട്. അവർക്ക് വില്ലനായി നമ്മളെ കണ്ടാൽ തോന്നണം. എനിക്ക് വ്യത്യസ്തയൊന്നുമാകേണ്ട‌. ഞാനായാൽ മതി. ഈ വേഷവും സംസാരവുമെല്ലാം എന്റെ ഐഡന്റിറ്റിയാണ്. ജീവിതത്തിൽ വലിയ അഭ്യാസങ്ങളൊന്നും പഠിച്ചിട്ടില്ല. പക്ഷേ, എന്നെ തല്ലിയാൽ ആ സ്പോട്ടിൽ തിരിച്ചു തല്ലാൻ ഞാൻ പഠിച്ചിട്ടുണ്ട്.

Tags:    
News Summary - Fighting Kali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT