ദേ​വ​കി​യ​മ്മ (നടുവിൽ) മ​ക്ക​ളാ​യ പ്ര​ഫ. ത​ങ്ക​മ​ണി, ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കും ഒ​പ്പം

കൊല്ലകയിൽ വീട്ടിൽ പഴമയുടെ തനിമയുള്ള ഓണം: പ​ഴ​മ​യു​ടെ ത​ന​താ​വി​ഷ്കാ​രം പ​ക​ർ​ന്നു​ന​ൽ​കി ദേ​വ​കി​യ​മ്മ

കാ​യം​കു​ളം: പൂവിളികളും പൂക്കളം തീർക്കലും ഊഞ്ഞാലും സ്വാദേറും സദ്യയുമായി വീണ്ടുമൊരു ഓണക്കാലം എത്തുമ്പോൾ, വിസ്മൃതിയിലായ ഓണാഘോഷത്തിന്‍റെ തനിമ കുറച്ചെങ്കിലും കണ്ടല്ലൂർ കൊല്ലകയിൽ വീട്ടിൽ പുനർജനിക്കുന്നു. അത്തം പത്തുദിനവും തനത് പൂക്കളവും ഊഞ്ഞാലുമൊക്കെ ഇവിടത്തെ മാത്രം പ്രത്യേകതയാണ്​. അയൽപക്കത്തുക്കാർക്ക് നൽകാൻ ആവോളം പൂക്കളും ഈ വീട്ടുവളപ്പിലുണ്ട്. ഓണക്കാലത്ത് മുറ്റം നിറഞ്ഞിരുന്ന നെൽക്കറ്റകൾ മാത്രമാണ് അന്യമായത്. എന്നാലും കണ്ടല്ലൂർ പുതിയവിള കൊല്ലകയിൽ ദേവകിയമ്മയുടെ (88) ഓണത്തിന് ഇന്നും പഴയ പകിട്ടുതന്നെ.

തീരദേശ ഗ്രാമത്തിലെ നാലരയേക്കർ സ്ഥലം വനമാക്കിയതിലൂടെ 'വനദേവത'​യെന്ന വിശേഷണം നേടിയ ആ പഴമനസ്സിലെ പൂവട്ടിയിൽ മധുരതരമായ ഒട്ടേറെ ഓണസ്മൃതികളാണുള്ളത്. പാഴ്​ച്ചെടികൾ വളർന്നപ്പോഴാണ് മുറ്റത്താകെ മരം നട്ടുപിടിപ്പിക്കാനുള്ള ആശയം മനസ്സിൽ ഉദിച്ചത്​. ഇന്നിപ്പോൾ ആയിരത്തോളം വൃക്ഷങ്ങൾ കുറഞ്ഞസ്ഥലത്ത് പച്ചവിരിച്ച് നിൽക്കുന്നു. രണ്ട് കുളങ്ങളുമുണ്ട്​. ഇതിൽ വരാലും കരട്ടിയും കാരിയുമടക്കമുള്ള നാടൻ മീനുകൾ വളരുന്നു.

അധ്യാപകനായിരുന്ന ഭർത്താവ് ഗോപാലകൃഷ്ണപിള്ളയുടെ പിന്തുണയാണ് വീട്ടുവളപ്പിനെ പച്ചപുതപ്പിക്കാൻ കാരണമായതെന്ന് ദേവകിയമ്മ സ്മരിക്കുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം മക്കളുടെ പ്രോത്സാഹനം ലഭിച്ചു. മകൾ പ്രഫ. ഡി. തങ്കമണിയുടെ സാന്നിധ്യവും ദേവകിയമ്മക്ക് ഹരിതവഴിയിൽ സഹായകമായി. ഇളയമകനായ നന്ദകുമാർ, ഭാര്യ ജയ, മക്കളായ ശരണ്യ, സൂര്യ എന്നിവരാണ് തറവാട്ടിൽ ഒപ്പമുള്ളത്. മറ്റ് മക്കളായ പത്മകുമാർ, ഇന്ദിരാകുമാരി, ഉഷാകുമാരി എന്നിവരും കുടുംബവും അവിട്ടം നാളിൽ എത്തും.

Tags:    
News Summary - Devakiyamma with the reinvention of the past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.