‘അരങ്ങ് 2025’ജില്ല കലോത്സവത്തിൽ
സീനിയർ വിഭാഗം മോഹിനിയാട്ടം
മത്സരത്തിൽ പങ്കെടുക്കുന്ന കലാമണ്ഡലം ദേവകി അന്തർജനം
കോട്ടയം: നിശ്ചയദാർഢ്യവും നൃത്തകലയോടുള്ള ആവേശവും ഊർജമാക്കി കലാമണ്ഡലം ദേവകി അന്തർജനം. 72-ാം വയസ്സിലും വഴങ്ങുന്ന മെയ്യും മുഖഭാവങ്ങളും കൃത്യം. ‘അരങ്ങ് 2025’ജില്ല കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടം മത്സരത്തിലാണ് ഉറച്ച ചുവടുവെപ്പുമായി അവർ അരങ്ങിൽ നിറഞ്ഞത്.
ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും ദിവസവും പുലർച്ചെ നാലിന് എഴുന്നേറ്റ് യോഗയുണ്ട്. തുടർന്ന് ഒരുകൂട്ടം ശിഷ്യർക്ക് മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിപ്പിക്കൽ.
54 വർഷമായി ദേവകി അന്തർജനം നൃത്തലോകത്ത് സജീവമാണ്. 30 വർഷം നൃത്താധ്യാപികയായിരുന്നു. ഒന്നാംക്ലാസ് മുതലാണ് ദേവകി അന്തർജനത്തിന് നൃത്തകലയോടുള്ള പ്രണയം തുടങ്ങിയത്. 13-ാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ ചേരുകയും 18-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ്സോടെ പാസാവുകയും ചെയ്തു. 24-ാം വയസ്സിൽ വിവാഹശേഷം അയ്മനത്ത് എത്തുകയും കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ നൃത്താ ധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
നിലവിൽ വിശ്രമവേളയിലും അയ്മനത്ത് സരസ്വതി നൃത്തവിദ്യാലയ സംഘം നയിക്കുകയാണ്. അയ്മനം ശ്രീഭദ്രാ കുടുംബശ്രീ പ്രസിഡന്റാണ്. കോട്ടയം ജവഹർ ബാലഭവനിൽ 23വർഷത്തെ നൃത്താധ്യപനത്തിനുശേഷം 2009ലാണ് വിരമിച്ചത്.
തിരുവല്ല പെരിങ്ങശ്ശേരി ഇല്ലത്തെ കേശവൻ നമ്പൂതിരിയുടെയും ഗൗരിക്കുട്ടി അന്തർജനത്തിന്റെയും ഏഴ് മക്കളിൽ മൂന്നാമത്തെയാളാണ്. പരേതനായ അയ്മനം ഇടമന ഇല്ലം വി.എൻ.വേണുകുമാറാണ് ഭർത്താവ്. മകൾ രേവതി കൃഷ്ണ കാനഡയിൽ നഴ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.