കോട്ടയം: ‘നിങ്ങൾ ജീവിതത്തിൽ പ്രണയിച്ചിട്ടുണ്ടോ...? കേൾക്കാൻ കാത്തിരുന്ന സദസ്സിനോട് ദയാബായി ചോദിച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ പരുക്കൻ ജീവിതങ്ങൾ കണ്ടറിഞ്ഞ അനുഭവത്തിന്റെ കരുത്തുണ്ടായിരുന്നു ആ ചോദ്യത്തിനപ്പോൾ. ‘എന്റേത് ഒരു പ്രണയ ജീവിതമാണ്.. മൂന്നര വയസ്സിൽ തുടങ്ങിയതാണ് ആ പ്രണയം.. സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന പിതാവിൽ നിന്ന് കേട്ട കഥയിൽ, വടിയുംകുത്തി ഇന്ത്യൻ ഗ്രാമങ്ങളിലെ മനുഷ്യരെ നെഞ്ചോടു ചേർത്തുനടന്ന ഗാന്ധിയെന്ന മനുഷ്യൻ കാണിച്ചുതന്ന ജീവിതത്തോടുള്ള പ്രണയം...’
കോട്ടയം ജില്ല പഞ്ചായത്തും വനിതാശിശുവികസന വകുപ്പും ചേര്‍ന്ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ പരിപാടിയുടെ രണ്ടാംദിവസം മുഖ്യാതിഥിയായി സംസാരിക്കുമ്പോഴാണ് പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി തന്റെ ‘പ്രണയകഥ’ പറഞ്ഞത്. കൊച്ചിയിൽ നിന്ന് പാലായിലെ പൂവരണിയിലെ വീട്ടിലേക്കും പിന്നീട് മധ്യപ്രദേശിലെ നിസ്സഹായ ഗ്രാമീണ മനുഷ്യരുടെ ഇടയിലേക്കും ജീവിതം മുന്നേറിയതിനെ കുറിച്ച് ദയാബായി പറഞ്ഞു.
അച്ഛൻ പറഞ്ഞ കഥകളിലെ റാണി ലക്ഷ്മീഭായിയിൽ നിന്ന് പ്രചോദനം കൊണ്ട് ചെറുപ്പത്തിലേ കുതിരപ്പുറത്ത് കയറാൻ മോഹിച്ച പെൺകുട്ടി മധ്യപ്രദേശിലെ വനയോര ഗ്രാമങ്ങളിലൂടെ 35 വർഷം കുതിരപ്പുറത്ത് സഞ്ചരിച്ച കഥ. ‘എനിക്ക് ചുറ്റുമുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന് ഞാൻ ഗൗനിക്കാറില്ല. എന്റെ മനസ്സാക്ഷി പറയുംപോലെ ചെയ്യുന്നു. അതുകൊണ്ടാണ് 18 ദിവസം സെക്രട്ടറിയേറ്റ് നടയിൽ എൻഡോസൾഫാൻ ബാധിതരായ കാസർകോട്ടെ കുഞ്ഞുങ്ങൾക്കുവേണ്ടി നിരാഹാര സമരം കിടന്നത്...’ ദയാബായി തന്റെ നിലപാട് വ്യക്തമാക്കി.
സ്വയം എഴുത്തിത്തയാറാക്കിയ ‘ഞാന്‍ കാസര്‍കോഡിന്റെ അമ്മ’ എന്ന ലഘുനാടകവും അവതരിപ്പിച്ചാണ് ദയാബായി വേദിവിട്ടത്. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ചേതന്‍കുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആര്. അനുപമ, അംഗങ്ങളായ സുധ കുര്യന്, ജോസ്മോന് മുണ്ടയ്ക്കല്‍, ശുഭേഷ് സുധാകരന്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ല വനിതാ ശിശുവികസന ഓഫിസര്‍ ടിജു റേച്ചല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
മണിമല പരാശക്തി നാട്യസംഘം ആദിവാസി നൃത്തം അവതരിപ്പിച്ചു. ഗാര്‍ഹിക പീഡന അതിജീവിതകളുടെ അനുഭവം പങ്കുവെക്കലും നടന്നു. സെമിനാറില്‍ ജില്ല വനിതാ സംരക്ഷണ ഓഫിസര്‍ വി.എസ്. ലൈജു മോഡറേറ്ററായിരുന്നു. ഫോറം എഗൈന്‍സ്റ്റ് ഡൊമസ്റ്റിക് വയലന്‍സ് സ്റ്റേറ്റ് കണ്‍വീനര്‍ മേഴ്സി അലക്സാണ്ടര്‍, ജവഹര്‍ലാല്‍ മെമ്മോറിയല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് പബ്ലിക് ഓപറേഷന് സെന്ററിലെ ലീഗല്‍ കൗണ്‍സലര്‍ അഡ്വ. കെ.ജി. ധന്യ, കരൂര്‍ റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ലീഗല്‍ കൗണ്‍സലര്‍ എം.ജി. ജെയ്നിമോള്‍, അസീസി ഷെല്‍റ്റര്‍ ഹോം മാനേജര്‍ സിസ്റ്റര്‍ ആന്‍ ജോസ്, എസ്. ജയലക്ഷ്മി, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.