ദയാബായ് (ചിത്രം: ബൈജു കൊടുവള്ളി)

നിസ്വാർഥമായ മനുഷ്യനന്മയെ ഒരു രൂപത്തിലൊതുക്കുകയാണെങ്കിൽ നാം എന്തുപേരായിരിക്കും അതിന് നൽകുക? സംശയം ഉണ്ടാക്കാനിടയുള്ള ചോദ്യമാണെങ്കിലും ദയാബായ് എന്ന പേര്, അതല്ലെങ്കിൽ ആ രൂപം മനസ്സിൽ തെളിയുന്ന ഒരുപാട് മലയാളികളില്ലേ... ഉണ്ട് എന്നുതന്നെയാണ് ഉത്തരം. എന്നാൽ, ഉത്തരം ലഭിക്കാത്ത ഒരുപാട് ചോദ്യങ്ങൾ അവരെ കാണുമ്പോൾ നമ്മോട് നാം ചോദിച്ചുകൊണ്ടേയിരിക്കും. മധ്യപ്രദേശിലെ ഗോത്രവർഗക്കാർക്കിടയിൽ എന്തിനുവേണ്ടിയായിരുന്നു ഈ സ്ത്രീ പ്രവർത്തിച്ചത്‍? മേഴ്സി മാത്യു, ദയാബായ് ആയതെങ്ങനെയാണ്. 80 വയസ്സ് പിന്നിട്ട ഇവർ നിരാഹാരം കിടന്നുകൊണ്ടും എൻഡോസൾഫാൻ ബാധിതർക്ക് നീതി ലഭിക്കണം എന്ന് ആഗ്രഹിക്കുന്നതുമെന്തുകൊണ്ടാണ്. ദയാബായി പറയുന്നു...

ഗോത്രവർഗക്കാരുടെ ഇടയിലേക്ക്

മുംബൈയിൽ എം.എസ്.ഡബ്ല്യൂ പഠിക്കുമ്പോഴാണ് ആദ്യം മധ്യപ്രദേശിൽ എത്തിയത്. എവിടെ വേണമെങ്കിലും റിസർച്ചിന് പോകാൻ അനുവാദം ഉണ്ടായിരുന്നു. തിരഞ്ഞെടുത്തത് മധ്യപ്രദേശായിരുന്നു. പിന്നീട് പല സ്ഥലത്തും കറങ്ങി. ഒടുവിൽ ഇവിടെയും എത്തി. ഇവിടത്തെ ആദിവാസികൾ ഒത്തിരി ചൂഷണം നേരിട്ടിരുന്നു. ഞാൻ അവരുടെകൂടെ താമസിച്ചുതുടങ്ങി. സാധാരണ അവരുടെ വീടിനുള്ളിലേക്കൊന്നും നമ്മെ കയറ്റില്ല.

ഒരു വിധവയുടെ വീട്ടിലാണ് ആദ്യം താമസിച്ചത്. ഒരു വരാന്തയിൽ ചെറിയ സ്ഥലത്ത്. പിന്നീട് ഒരു സ്ത്രീയെ സഹായിക്കാൻ തുടങ്ങി. ഇതിനിടെ ഒരു പ്രസവമെടുക്കാൻ അവസരം ലഭിച്ചു. നഴ്സിങ് പഠിച്ചതുകൊണ്ട് കുറച്ച് എനിക്ക് അറിയാമായിരുന്നു. പിന്നെ അവളുമായി കൂട്ടായി. എന്നെ അവളുടെ 'ഗോയി' ആക്കി. അവരുടെ സംസ്കാരത്തിൽ ഗോയി എന്നുപറഞ്ഞാൽ വളരെ അടുത്ത ബന്ധമാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെല്ലാം ഒരു ഗോയി ഉണ്ടാകും. സമൂഹം അംഗീകരിക്കുന്ന ഒരു ബന്ധമാണത്. അവൾ ഗ്രാമത്തിൽ കൊണ്ടുപോയി മാതാപിതാക്കളെ പരിചയപ്പെടുത്തി. കാടും മലയും കയറിയിറങ്ങി ഉൾപ്രദേശത്തായിരുന്നു ആ ഗ്രാമം. പിന്നീട് അവിടെ താമസിച്ചുതുടങ്ങി. ഭോപാൽ സ്കൂൾ ഓഫ് ഡ്രാമ ഒരു നാടകം ചെയ്തിട്ടുണ്ട് എന്നെക്കുറിച്ച്, അതിന്റെ പേര് ഗോയി എന്നാണ്.

അന്നാട്ടുകാരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ എന്തെന്ന് മനസ്സിലാക്കുകയാണ് പിന്നീട്. ഒരു വികസനവുമില്ലായിരുന്നു അവിടെ. സ്കൂൾ സൗകര്യം പോലുമില്ല. തനിയെ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുപകരം സർക്കാറിനെക്കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു എന്റെ ശ്രമം. സ്കൂൾ തുടങ്ങിയപ്പോൾ പ്രായമായവർക്കും പഠിക്കാൻ ആഗ്രഹം. രാത്രി അവർക്കുവേണ്ടി ക്ലാസ് തുടങ്ങി. ക്ലാസ് എന്നുപറഞ്ഞാൽ 'അ, ആ' ഒന്നുമല്ല പഠിപ്പിച്ചത്. നേരിടുന്ന ചൂഷണത്തെക്കുറിച്ചായിരുന്നു അത്. ഭൂമിക്കുവേണ്ടിയായിരുന്നു അവർ ആദ്യം ശബ്ദമുയർത്തിയത്. പിന്നീട് ഒത്തിരി ഗ്രാമങ്ങളിൽ നിന്ന് ആളുകൾ വന്നുതുടങ്ങി. ചന്തയിൽ പോയി തെരുവുനാടകമെല്ലാം ചെയ്തിരുന്നു അന്ന്.

കുതിരപ്പുറത്തെ യാത്രകൾ

ആളുകൾ കുതിരപ്പുറത്തുകയറി പോകുന്നതുകണ്ട് എനിക്കും കുതിരയെ വാങ്ങിക്കാൻ ആഗ്രഹം തോന്നി. വലിയ സ്വപ്നമായിരുന്നു അത്. റാണി ലക്ഷ്മിഭായിയെപ്പോലെ ആകണമെന്നായിരുന്നു പഠിപ്പോഴുണ്ടായിരുന്ന മോഹം. സാധാരണക്കാരൊക്കെ കുതിരയുമായി ചന്തക്ക് പോകുന്നത് അവിടെ പതിവായിരുന്നു. കൊച്ചു കച്ചവടക്കാർ ഗ്രാമങ്ങൾതോറും പോകുന്നതും സാധനങ്ങൾ വാങ്ങുന്നതുമെല്ലാം കുതിരപ്പുറത്താണ്. ഞാൻ ഫാദർ ഫിഗറായി കരുതുന്ന വ്യക്തി സാമ്പത്തികമായി സഹായിച്ചതിനാലാണ് കുതിരയെ വാങ്ങിക്കാൻ കഴിഞ്ഞത്. 35 വർഷം കുതിര എന്റെ കൂടെയുണ്ടായിരുന്നു. പിന്നീട് കാസർകോട്ടേക്ക് പോകുന്നതിന് തൊട്ടുമുമ്പ് കുതിരയെ വിറ്റു.

കുതിരപ്പുറത്തിരിക്കുന്ന ഫോട്ടോയൊക്കെ മുമ്പുണ്ടായിരുന്നു. പണ്ട് വിക്ടർ ജോർജ് എടുത്തത്. ലഗേജ് കയറ്റിക്കെട്ടിവെച്ച് ഞാൻ കുതിരപ്പുറത്തുപോകുന്നതായിരുന്നു അതിലെ പ്രധാന ഫോട്ടോ. കുതിരയുമായി ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ 'ചൽ ചൽ മേരി ഘോടീ, മേരി ഘോടിയാ' എന്ന പാട്ട് പാടും. അത് കേൾക്കുമ്പോൾ തന്നെ അവൾ വേഗത്തിൽ പായും. അവൾ കുഞ്ചിരോമങ്ങൾ ഉയർത്തിനിൽക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു വിക്ടർ ജോർജിന്റെ പക്കൽ. കുതിരയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ലോക്ഡൗൺ കാലത്തൊക്കെ പ്രത്യേകിച്ചും. അവളുണ്ടായിരുന്നെങ്കിൽ പുറത്ത് കയറിയിരുന്ന് അങ്ങ് പോകാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്.

അൽപം കൃഷികാര്യങ്ങൾ

ഞാൻ പ്രവർത്തിച്ചിരുന്ന ഗ്രാമത്തിൽ ഗവൺമെന്റിന്റെ വാട്ടർഷെഡ് മാനേജ്മെന്റ് പ്രവർത്തനം ഉണ്ടായിരുന്നു. ഗ്രാമവാസികളെ ഒന്നും ബന്ധപ്പെടുത്താതെ ഒരു പൊള്ളയായ പ്രവർത്തനമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. കോടികൾ ചെലവാക്കിയായിരുന്നു വാട്ടർ ഷെഡ് മാനേജ്മെന്റ് പദ്ധതി സർക്കാർ നടപ്പാക്കിയത്. ഗ്രാമത്തിൽ ആദ്യം കീടനാശിനികളൊന്നും ഇല്ലായിരുന്നു. പിന്നെ യൂറിയ, കീടനാശിനി എന്നിവയൊക്കെ പതുക്കെപ്പതുക്കെ അവർ ഉപയോഗിച്ചുതുടങ്ങി. വാഹനങ്ങൾ ഇല്ലാതിരുന്ന ഗ്രാമത്തിൽ പിന്നീട് സാധനങ്ങൾ വിൽക്കാനായി വണ്ടികൾ ഉൾഗ്രാമത്തിൽവരെ എത്തും. ഇങ്ങനെയൊക്കെ കണ്ടപ്പോഴാണ് അതിനൊക്കെ എതിരായി പ്രവർത്തിക്കണം എന്നുതോന്നിയത്. അതാണ് ജൈവകൃഷി ആരംഭിക്കുന്നതിനുള്ള കാരണവും. ഞാൻ സ്വന്തം നിലക്ക് നടത്തിയ പ്രവർത്തനങ്ങൾ ഒരുപാട് ഫലംചെയ്തിട്ടുണ്ട്.

ചെറുപ്പംമുതലേ കൃഷിയുമായി ബന്ധമുണ്ടായിരുന്നു ഞങ്ങൾക്ക്. വീട്ടിൽ എല്ലാവരും കൃഷിക്കാരായിരുന്നു. പത്തിരുപത് ജോലിക്കാരൊക്കെ അന്ന് വീട്ടിലുണ്ടായിരുന്നു. എന്നാലും പപ്പ ഞങ്ങളെ മണ്ണിനോട് ബന്ധപ്പെടുത്തിയാണ് വളർത്തിയത്. ഏത്തവാഴ, വെണ്ട എന്നിവയൊക്കെ നടുമ്പോൾ ഞങ്ങളെയെല്ലാം വിളിച്ച് ഓരോരുത്തരുടേയും പേരിൽ വിത്തുകൾ തരും. ഒരു ഏത്തവാഴ ജോയിയുടെ, മറ്റേത് മേഴ്സിയുടെ... അങ്ങനെ പറഞ്ഞ് വിത്ത് തരുമായിരുന്നു. എല്ലാദിവസവും ഞാൻ നട്ട ചെടി പോയി നോക്കും. എത്രദിവസം കഴിഞ്ഞാണ് പൂ വരുന്നത്, കായ് വരുന്നത് എന്നെല്ലാം നോക്കും.

പാട്ടുകേട്ട്, കന്യാസ്ത്രീ ആകാൻ

കോൺവെന്റിൽ ചേർന്നു. പക്ഷേ ഞാൻ കർത്താവിെന്റ മണവാട്ടിയൊന്നുമായില്ല. ഇന്ന് ഞാൻ ജീവിക്കുന്ന ജീവിതം തന്നെയായിരുന്നു യഥാർഥത്തിൽ എന്റെ സ്വപ്നം. പക്ഷേ, ആ സ്വപ്നത്തിന് അത്ര വ്യക്തതയില്ലായിരുന്നു. കന്യാസ്ത്രീയായി പോകാൻ തീരുമാനിച്ചതിനുള്ള പ്രധാന കാരണം അന്ന് മാസികയിൽ കണ്ട ഒരുപാട്ടാണ്. സ്കൂളിലൊക്കെ പാടുന്ന ഒരു പാട്ട്.

'കാറ്റും മഞ്ഞും മഴയും വെയിലും

കൂട്ടാക്കാതെയിതാരോ,

കൂട്ടാക്കാതെയിതാരാരോ...'

മിഷനറിമാരെക്കുറിച്ചുള്ള പാട്ടാണ്. കാറ്റും മഴയും ഒന്നും കൂട്ടാക്കാതെ ഇവർ സേവനം ചെയ്യുന്നതിനെക്കുറിച്ചാണ് പാട്ട്. മിഷനറി പ്രവർത്തനത്തിന് പോകണം എന്ന് വീട്ടിൽ പറയുമ്പോൾ അവര് പറയും നിനക്കതിനൊന്നും കഴിയില്ല, ആരോഗ്യമില്ല എന്നാക്കെ. ഏഴാം മാസത്തിലാണ് ഞാൻ ജനിച്ചത്. നിനക്ക് അവിടെപ്പോയാൽ പിടിച്ചുനിൽക്കാൻ കഴിയില്ല, തിരിച്ചുവരും എന്നൊക്കെ വീട്ടുകാർ പറയും. സ്കൂളിൽനിന്ന് വരുമ്പേൾ മഴ നനഞ്ഞ് വരാൻ ഞാൻ വഴി കണ്ടുപിടിക്കും. കുടയുടെ മടക്കിനകത്തേക്ക് പുസ്തകം തിരുകിവെച്ച് കുട കക്ഷത്തുവെച്ച് മഴ നനഞ്ഞ് വീട്ടിൽ വരും. എനിക്കൊരു അസുഖവും വന്നില്ല.

കോൺവെന്റുകാരുടെ മാർഗം പിന്തുടർന്നാണ് ഞാൻ ഇന്നും ജീവിക്കുന്നത്. പക്ഷേ, എന്റെ കാഴ്ചപ്പാടിൽ അവരുടേത് ഹൈ-ഫൈ ലൈഫ് ആണ്. ഞാൻ കാറ്റും മഴയും മഞ്ഞും കൊള്ളാൻ പോകുന്ന ആളാണല്ലോ. അതുകൊണ്ട് എനിക്കവിടെ ഫിറ്റായി തോന്നിയില്ല. എന്റെ സങ്കടം കണ്ടിട്ടാണ് എന്നോട് അവർ പൊയ്ക്കൊള്ളാൻ പറഞ്ഞത്. പോകാൻ പറഞ്ഞപ്പോൾ അവരുടെ ആദിവാസിയായ ജോലിക്കാരനൊപ്പം സഹായിയായി കൂടിക്കൊള്ളാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അതിനുപകരം അവർ എന്നെ സ്കൂളിൽ പഠിപ്പിക്കാൻ വിട്ടു. അന്നുമുതൽ ഞാൻ ജീവിതം അന്വേഷിച്ച് നടക്കുകയായിരുന്നു. യുദ്ധകാലത്ത് ബംഗ്ലാദേശിൽ പോയി. അതിർത്തികളിൽ ജോലിചെയ്തു. ഇങ്ങനെയിങ്ങനെ നടന്നാണ് ഞാൻ എന്റെ വഴി കണ്ടുപിടിച്ചത്.

മേഴ്സി മാത്യുവിൽനിന്ന് ദയാബായിയിലേക്ക്

ഞാൻ ഒത്തിരി സെൻസിറ്റീവ് ആണ്. ഈശോ മന്ദിരത്തിൽ വന്ന് ചാട്ടവാറുകൊണ്ട് അടിച്ചോടിക്കുന്നു. അപ്പൊ എനിക്ക് സങ്കടമായി. പാപം ചെയ്തവരെയാണെങ്കിലും ‍ഈശോ അടിച്ചല്ലോ എന്നോർത്ത്. പപ്പായോട് ഞാൻ ചോദിച്ചു, അതെന്താ ഈശോ അങ്ങനെ ചെയ്തത് എന്ന്. ആ മന്ദിരത്തിൽ കച്ചവടം ചെയ്തതുകൊണ്ട് അവിടെയെല്ലാം വൃത്തികേടായി, അതുകൊണ്ടാണ് ഈശോ അടിച്ചതെന്ന് പറഞ്ഞു പപ്പ. ഈശോ അടിക്കുമ്പോൾ ആളുകളെല്ലാം ഓടുന്നു, കോഴിക്കുഞ്ഞുങ്ങൾ, പ്രാവുകൾ എല്ലാം പറക്കുന്നു. അതെല്ലാം കണ്ട് ഞാൻ പേടിച്ചിരുന്നു. പക്ഷേ, എനിക്കിപ്പോൾ മനസ്സിലാകും കോർപറേറ്റ് സെക്ടറും സാധാരണ മനുഷ്യരും തമ്മിലുള്ള പ്രശ്നമായിരുന്നു അതെന്ന്. ഇവരെ അടിച്ചോടിക്കുന്ന ഈശോ എന്നെ ഒത്തിരി സ്വാധീനിച്ചു.

ആദ്യ കുർബാന സ്വീകരിക്കുന്ന സമയത്ത് ഈശോയോട് എന്തുവേണമെങ്കിലും ചോദിച്ചോളൂ, അത് ലഭിക്കും എന്നായിരുന്നു എനിക്ക് കിട്ടിയ ഉപദേശം. എന്റെ ഇരട്ട സഹോദരനൊപ്പമായിരുന്നു ആദ്യകുർബാന സ്വീകരണം. ഞങ്ങളെ രണ്ടുപേരെയും അലങ്കരിച്ച് പള്ളിയിൽ കൊണ്ടുപോയി. അന്ന് എന്റെ നെറ്റും മുടിയും എല്ലാം തീകത്തിപ്പിടിച്ചു. എല്ലാവരും പറഞ്ഞു, എനിക്ക് ഭയങ്കര അഹങ്കാരമാണ് എന്ന്. പപ്പാ എന്നെ അടുത്തുവിളിച്ച് ചോദിച്ചു, നിനക്കെന്താ ഇത്രയും ബോധമില്ലാതായോ എന്ന്. അപ്പോ ഞാൻ പപ്പയോട് പറഞ്ഞു, ഞാൻ ഈശോയോട് ഒരു സൂത്രം പറയുകയായിരുന്നു, അപ്പോഴാണ് തീ കത്തിപ്പിടിച്ചതെന്ന്. അതെന്ത് സൂത്രമാണെന്ന് പപ്പ ചോദിച്ചു. 'നീ ആ അടിച്ചോടിക്കുന്നതൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമായി. അതുപോലെ മൂച്ചും ചുണയും ഒക്കെ എനിക്കും തരണം. അപ്പൊ ഞാനും കാണിക്കാം.' എന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ, ഇന്നെനിക്ക് തോന്നുന്നു, ആ കുട്ടിത്തത്തിന്റെ നിഷ്കളങ്കതയിൽ ഞാൻ ചോദിച്ച ആ വരം എനിക്ക് ലഭിച്ചെന്ന്. ഇന്നത്തെ കോർപറേറ്റ് സെക്ടറും സാധാരണ മനുഷ്യരുടെ സമരവും ഒക്കെ അതിന്റെ വേറൊരു രൂപമാണ്. വരം കിട്ടിയതുകൊണ്ടാണ് അതിലിടപെടാൻ എനിക്ക് പറ്റുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ബംഗ്ലാദേശിൽ 'മേഴ്സി' എന്ന പേര് അവരുടെ ഭാഷയിൽ 'മോസി' എന്നാണ് ഉച്ചരിക്കുക. എനിക്ക് അവരെ പോലെയാകാനായിരുന്നു ഇഷ്ടം. 'മേഴ്സി'യുടെ വിവർത്തനമായ 'കരുണ' എന്നാക്കി എന്റെ പേര് മാറ്റി. ആ പേര് എനിക്ക് അത്ര ഇഷ്ടമായിരുന്നില്ല. അവരുടെ മുകളിൽനിന്ന് അവരെ പഠിപ്പിക്കുന്നതൊന്നും എനിക്കിഷ്ടമായിരുന്നില്ല. ഹരിയാനയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ പോയിരുന്നു. അവിടെ ഏറ്റവും താഴ്ന്ന, തൊട്ടുകൂടാത്തവർ എന്ന് സമൂഹം കരുതിയിരുന്നവരുടെ ഒപ്പമായിരുന്നു താമസിച്ചത്. അവരുടെ എല്ലാ സ്ത്രീകളുടേയും ഒപ്പം ഒരു വതിയുണ്ട്. അപ്പോൾ ഞാൻ പേര് 'ദയാവതി' എന്നാക്കി. പിന്നീട് ഞാൻ കണ്ടത് എല്ലാവരും എല്ലാവരേയും 'ബായ്' എന്ന് വിളിക്കുന്നതാണ്. അമ്മ മോളെ 'ബായ്' എന്ന് വിളിക്കും, മോള് അമ്മയെ 'ബായ്' എന്ന് വിളിക്കും. സഹോദരിമാർ പരസ്പരം ബായിയെന്ന് വിളിക്കും. രക്തബന്ധത്തിലുള്ളവരെല്ലാം സ്നേഹത്തോടെ ബായ്, ബായ് എന്ന് വിളിക്കും. എന്നാൽ, അവരുടെ ലോകത്തിന് പുറത്ത് ഇതിന് നേരെ വിപരീതമായിരുന്നു. ചന്തയിലോ ബസ് സ്റ്റാൻഡിലോ ഒക്കെ ഇവരെ കണ്ടാൽ മറ്റുള്ളവർ ഈ ആദിവാസികളെ വളരെ പുച്ഛത്തോടെ 'ബായ്' എന്ന് വിളിച്ച് ആട്ടിപ്പായിക്കും. 'ചലോ ബായ്' എന്ന് പറഞ്ഞാണ് ആട്ടിപ്പായിക്കുക. അങ്ങനെ ഞാൻ എന്റെ പേര് ദയാബായ് എന്നാക്കി.

Tags:    
News Summary - daya bai interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT