സൗമ്യ കുടുംബത്തോടൊപ്പം
ദമ്മാം: ജീവിതത്തിലെ സർവ സ്വപ്നങ്ങൾക്കും മേലെ നൃത്തം ഒരു തപസ്യയായി കൊണ്ടു നടക്കുകയാണ് സൗമ്യ. താൻ ജനിച്ചത് തന്നെ നർത്തകിയാകാനാണെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ട് അവരുടെ ഓരോ ചലനങ്ങളിലും. പ്രവാസത്തിന്റെ എല്ലാ പ്രതിസന്ധികളേയും പ്രയാസങ്ങളേയും അതിജയിച്ച് നൃത്തകലയിൽ പുതിയ പരീക്ഷണങ്ങളും പഠനങ്ങളും കൊണ്ട് ജീവിതം സമ്പന്നമാക്കുകയാണ് ഈ നർത്തകി.
മലപ്പുറം മഞ്ചേരി താന്നിക്കോട്ട് കളംവീട്ടിൽ പട്ടാളക്കാരനായിരുന്ന വിജയരാഘവന്റെയും അധ്യാപികയായ സുമംഗലാ ദേവിയുടേയും രണ്ട് പെൺമക്കളിൽ ഇളയവളാണ് സൗമ്യ. സ്കൂൾ പഠനകാലത്ത് തന്നെ അഞ്ചാം വയസിൽ ചേച്ചിയോടൊപ്പം ശാസ്ത്രീയ നൃത്തപഠനത്തിന് ചേർത്തു. വളരെ വേഗം ചുവടുകളും മൂദ്രകളും വഴങ്ങിത്തുടങ്ങി. പ്ലസ്ടു പഠനത്തിന് ശേഷം ചെന്നെ കലാക്ഷേത്രത്തിൽ നിന്ന് ഭാരനാട്യത്തിൽ ബിരുദവും കലാമണ്ഡലത്തിൽനിന്ന് മോഹിനയാട്ടത്തിലും കുച്ചുപ്പിടിയിലും ബിരുദാനന്തര ബിരുദവും നേടി.
പഠനം കഴിഞ്ഞപ്പോൾ തന്നെ ആദിവാസി കുട്ടികളെയും വീടിനടുത്തുള്ള കോളനിയിലെ നിർധന കുട്ടികളെയും സൗജന്യമായി നൃത്തം പഠിപ്പിച്ചുകൊണ്ടാണ് സൗമ്യ അധ്യാപന ജീവിതം തുടങ്ങിയത്. 2006ൽ വിവാഹത്തിന് ശേഷം സൗദി അറേബ്യയിലെ ദമ്മാമിൽ എത്തിയതോടെ സൗമ്യയുടെ കലാജീവിതത്തിന് പുതിയ താളവും ലയവും കൈവന്നു. കലാകാരൻ കൂടിയ ഭർത്താവ് വിനോദ് എല്ലാ പിന്തുണയുമായി ഒപ്പം നിന്നപ്പോൾ സൗമ്യ ആരംഭിച്ച നൃത്ത വിദ്യാലയം ദിനംപ്രതി ഉയരങ്ങളിലേക്ക് സഞ്ചരിച്ചു. സൗമ്യ സ്ഥാപിച്ച ‘ദേവിക’ നൃത്തവിദ്യാലയം പെട്ടെന്ന് ശ്രദ്ധേയമായി.
വിദ്യാർഥികൾ കൂട്ടമായെത്തി. ആയരത്തിലധികം കുട്ടികളാണ് ഇവിടെനിന്ന് നൃത്തച്ചുവടുകൾ വെച്ച് പുറത്തിറങ്ങിയത്. സൗദിയിലെ പ്രവാസി സാംസ്കാരിക രംഗത്ത് സൗമ്യയും കുട്ടികളുമില്ലാത്ത വേദികൾ ചുരുക്കം. ആയിരത്തോളം വേദികളിലാണ് സൗമ്യ പരിശിശീലിപ്പിച്ച കുട്ടികൾ നൃത്ത പ്രകടനങ്ങൾ കാഴ്ചവെച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് അപ്പുറത്ത് 55ഓളം വീട്ടമ്മമാരാണ് സൗമ്യയുടെ ശിഷ്യരായി നൃത്തപഠനം നടത്തുന്നത്. നാട്ടിൽ സ്ത്രീധന കൊലപാതകങ്ങൾ വർധിച്ചപ്പോൾ വീട്ടമ്മമാരെ അണിനിരത്തി സൗമ്യ ഒരുക്കിയ ‘കനൽപൊട്ട്’ നൃത്ത രൂപം ആളുകൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
23 വർഷമായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നിവ പഠിപ്പിക്കുന്ന സൗമ്യക്ക് കേന്ദ്ര സർക്കാറിൽനിന്ന് നൃത്തവുമായി ബന്ധപ്പെട്ട ബേസിക് ഡിപ്ലോമ കോഴ്സുകൾ, അഡ്വാൻസ് ഡിപ്ലോമ കോഴ്സുകൾ എന്നിവ നടത്തുന്നതിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അടുത്തമാസം ഗുരൂവായൂരിൽ ഉൾപ്പടെ 50 കുട്ടികളുടെ അരങ്ങേറ്റം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൗമ്യ.
മൂത്ത സഹോദരി സിന്ധു സോമൻ റിയാദിലെ അറിയപ്പെടുന്ന നർത്തകിയും അധ്യാപികയുമാണ്. ബിസിനസുകാരനായ ഭർത്താവിന്റെ പിന്തുണയാണ് തന്നെ ഈ മേഖലയിൽ എപ്പോഴും മുന്നോട്ട് പോകാൻ പ്രോരിപ്പിക്കുന്നതെന്ന് സൗമ്യ പറഞ്ഞു. മക്കൾ കാശിനാഥനും കർണനും വിദ്യാർഥികളാണ്. തന്റെ നൃത്താധ്യാപകരായ കലാമണ്ഡലം സരോജിനി, ഡോ. നീന, ബാലകൃഷ്ണ, ഉണ്ണികൃഷ്ണൻ, ആരാധിക എന്നിവരെ ഇന്നും ഹൃദയത്തിൽ നമിക്കുകയാണ് സൗമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.