കോഴിക്കോട്: ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംനേടി നാദാപുരം പാറക്കടവ് സ്വദേശിനി ലൈബ അബ്ദുൽ ബാസിത്. പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന വിഭാഗത്തിലാണ് ലൈബക്ക് വേൾഡ് റെക്കോഡ്. 'ഓർഡർ ഓഫ് ഗാലക്സി' എന്ന പരമ്പരയിൽ ഇതുവരെ മൂന്ന് പുസ്തകങ്ങളാണ് ലൈബ എഴുതിയത്. ആമസോണും ലുലു ഓൺലൈനും പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ലോകത്തെ കുഞ്ഞു ഫിക്ഷൻ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
ഖത്തറിലെ ഒലീവ് ഇന്‍റർനാഷനൽ സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിനിയാണ് ലൈബ. സൗദിയിൽനിന്നുള്ള 12കാരിയായ റിതാജ് ഹുസൈൻ അൽ ഹസ്മിയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. ഇതാണ് 11കാരിയായ ലൈബയിലേക്കെത്തുന്നത്. 10 വയസ്സും 164 ദിവസവുമെത്തിയപ്പോഴാണ് ലൈബ എന്ന പരമ്പരയിലെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതാണ് ഗിന്നസ് വേൾഡ് റെക്കോഡിന് ലൈബയെ അർഹയാക്കിയത്. 'ഓർഡർ ഓഫ് ദി ഗാലക്‌സി-ദി വാർ ഫോർ ദി സ്റ്റോളൻ ബോയ്' എന്ന ആദ്യപുസ്തകം കഴിഞ്ഞ വർഷം ആമസോൺ പ്രസിദ്ധീകരിച്ചിരുന്നു.
റോം ആസ്ഥാനമായുള്ള തവാസുൽ ഇന്റർനാഷനലും ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമ്പരയിലെ രണ്ടാമത്തെ പുസ്തകമായ 'ഓർഡർ ഓഫ് ദി ഗാലക്‌സി, ദി സ്നോ ഫ്ലേക് ഓഫ് ലൈഫ്' തവാസുൽ ഇന്റർനാഷനൽ 2011ലാണ് പ്രസിദ്ധീകരിച്ചത്. ലുലു ഓൺലൈൻ വഴിയാണ് പുസ്തകം വായനക്കാരിലേക്കെത്തിയത്. 'ഓർഡർ ഓഫ് ദി ഗാലക്‌സി- ദി ബുക് ഓഫ് ലെജൻഡ്‌സ്' ആണ് പരമ്പരയിലെ മൂന്നാം പുസ്തകം. പ്രസാധനം ലിപി ബുക്‌സാണ്. പരമ്പരയിലെ മുഴുവൻ പുസ്തകങ്ങളും ലോകത്തെങ്ങുമുള്ള കുഞ്ഞുവായനക്കാർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.
ഇതിനിടെയാണ് ഗിന്നസ് റെക്കോഡ് ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോഡ്സിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. എട്ടാം വയസ്സിൽ എഴുതിത്തുടങ്ങിയ ലൈബയുടെ രണ്ടു പുസ്തകങ്ങൾ പത്തു വയസ്സുള്ളപ്പോഴാണ് പ്രസിദ്ധീകൃതമായത്.
മാഹി പെരിങ്ങാടി സ്വദേശി അബ്ദുൽ ബാസിതിന്റെയും നാദാപുരം പാറക്കടവ് സ്വദേശി തസ്‌നീം മുഹമ്മദിന്റെയും മകളാണ് ലൈബ. ദോഹയിൽ മാധ്യമ പ്രവർത്തകനായിരുന്ന മുഹമ്മദ് പാറക്കടവിന്റെയും പരേതനായ കെ.എം. റഹീമിന്റെയും ചെറുമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.