ദിസ്പൂർ: മിക്ക സ്ത്രീകളും ജോലിയാണോ കുടുംബ പരിപാലനമാണോ പ്രധാനമെന്ന ചോദ്യം സമൂഹത്തിൽനിന്ന് നേരിടാറുണ്ട്. പലപ്പോഴും സമർദങ്ങൾക്ക് വഴങ്ങി കുട്ടികളെ വളർത്താനും പരിപാലിക്കാനുമായി കുടുംബജീവിതം തെരഞ്ഞെടുക്കേണ്ടി വന്ന നിരവധി സ്ത്രീകൾ നമുക്കിടയിൽ തന്നെയുണ്ട്.
എന്നാൽ രണ്ടും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന അസമിലെ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കച്ചാർ ജില്ലയിലെ സിൽചാർ കോടതിയിൽ പൊലീസ് ഉദ്യോഗസ്ഥയായ സചിത റാണി തന്‍റെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് ദിവസവും ജോലിക്കെത്തുന്നത്.
പ്രസവാവധി കഴിഞ്ഞതും കുഞ്ഞിനെ നോക്കാന്‍ വീട്ടിൽ ആരുമില്ലാത്തതുമാണ് ഇങ്ങനെ ജോലിക്കെത്താന്‍ കാരണമെന്ന് സചിത പറയുന്നു. എല്ലാ ദിവസവും രാവിലെ 10.30ന് കുഞ്ഞുമായി ഓഫിസിലെത്തുന്ന സചിത അന്നത്തെ എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം മാത്രമേ വീട്ടിലേക്ക് തിരികെ പോകാറുള്ളൂ. കുഞ്ഞിനെ കാരിയറിൽ തൂക്കി ജോലിചെയ്യുന്ന ഇവരുടെ ചിത്രം ആരോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും വൈറലാവുകയുമായിരുന്നു.
കുഞ്ഞിനെ പരിപാലിക്കാൻ കുറച്ചു ദിവസം കൂടി അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതുവരെ ജോലിയിൽ തുടരുമെന്നും സചിത റാണി പറഞ്ഞു. തന്‍റെ സഹപ്രവർത്തകരും പൊലീസ് ഡിപാർട്ട്മെന്‍റും പ്രശ്നങ്ങളെല്ലാം മനസ്സിലാക്കി പിന്തുണ നൽകുകയും സഹകരിക്കുകയും ചെയ്യാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇവരുടെ ജോലിയോടുള്ള അർപ്പണബോധത്തെയും ആത്മാർഥതയെയും നെറ്റിസൺസ് അഭിനന്ദിച്ചു. സചിതയുടെ ഭർത്താവ് റോയ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ജവാനാണ്. ഇദ്ദേഹം അസമിന് പുറത്താണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.