ദിവ്യ
അലനല്ലൂർ: രണ്ട് പതിറ്റാണ്ട് കാലമായി വീട്ടമ്മമാർക്ക് പുസ്തകങ്ങൾ വീട്ടിലെത്തിച്ച് ജൈത്രയാത്ര തുടരുകയാണ് എളയിടത്തിൽ ദിവ്യ. 2005 മുതൽ കർക്കിടാംകുന്ന് യുവജന സംഘം വായനശാലയിൽനിന്ന് പുസ്തകങ്ങൾ എടുത്ത് വീടുവീടാന്തരം കയറി നാട്ടുകാരെ വായനക്കാരാക്കുകയാണ് ഈ 43 കാരി. വീട്ടിൽ നൽകുന്ന പുസ്തങ്ങൾ വായിക്കാൻ രണ്ട് ആഴ്ചയാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. സമയം പൂർത്തിയായാൽ പുസ്തകം മടക്കി വാങ്ങി പകരം മറ്റൊരു പുസ്തകം നൽകിയാണ് തിരിച്ച് പോരുക.
പ്രദേശത്ത് നൂറിൽപരം വീടുകളിലാണ് പുസ്തകം നൽകുന്നത്. ലൈബ്രറി കൗൺസിൽ 2007 മുതലാണ് വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന് രണ്ട് വർഷം മുമ്പ് തന്നെ ദിവ്യ പുസ്തകം വീടുകളിലേക്ക് എത്തിച്ച് തുടങ്ങിയത് നാട്ടുകാരുടെ പ്രോത്സാഹത്തിനിടയാക്കിയിരുന്നു.
വീട്ടമ്മമാർക്ക് പുറമെ ‘അക്ഷര തുമ്പികൾ’ എന്ന പദ്ധതിയിലൂടെ ചുറ്റുവട്ടത്തെ എല്ലാ സ്കൂളുകളിലേക്കും കുട്ടികളുടെ വായനക്കായി പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്. പത്താം തരം വരെ പഠിച്ച ദിവ്യയെ ലൈബ്രറിയിലേക്ക് ക്ഷണിച്ചത് കർക്കിടാംകുന്ന് യുവജന സംഘം വായനശാലയിലെ ലൈബ്രേറിയൻ പാലോണത്ത് മാലിനിയാണ്.
ഇപ്പോൾ മാലിനിയുടെ കൂടെ ദിവ്യയും ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തുള്ള പരേതരായ നെറ്റിയിൽ നാരായണൻ നായർ-ജാനകി ദമ്പതികളുടെ മകളാണ്. കർക്കിടാംകുന്ന് നെല്ലൂർ പുള്ളിയിലെ ഓട്ടോ ഡ്രൈവർ എളയിടത്തിൽ സുരേഷ് കുമാറാണ് ഭർത്താവ്. ശ്രുതി, ശ്രേയ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.