അഞ്ചു മക്കളിൽ നാലാമനും ഖുർആൻ മനഃപാഠമാക്കി

റിയാദ്‌: അഞ്ചു മക്കളിൽ നാലാമനും ഖുർആൻ മനഃപഠമാക്കി അപൂർവമായൊരു ആനന്ദത്തിന്റെ നിർവൃതിയിൽ റിയാദിൽ ഒരു പ്രവാസി കുടുംബം. റിയാദ്‌ ഫൂത്ത പാർക്കിന് സമീപം താമസിക്കുന്ന തൃശൂർ വടക്കാഞ്ചേരി മണലിത്തറ സ്വദേശി ഉമർ മൗലവിയും ഭാര്യ സുമയ്യ അഹമ്മദുമാണ് വിശുദ്ധ ഗ്രന്ഥം ഹൃദിസ്ഥമാക്കിയ മക്കളെ ഓർത്ത് അഭിമാനം കൊള്ളുന്നത്.

റിയാദ്‌ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ 10ാം ക്ലാസ് വിദ്യാർഥിയായ സൽമാൻ ഉമറാണ് ഖുർആൻ മുഴുവൻ മനഃപാഠമാക്കി ശ്രുതിമധുരമായ ഈണത്തിൽ പാരായണം ചെയ്യാൻ പ്രാപ്തി കൈവരിച്ച നാലാമൻ. കോവിഡ് കാലത്ത് റമദാനിൽ രാത്രി നമസ്കാരത്തിന് സൽമാനായിരുന്നു ഇമാം. മക്ക മസ്ജിദുൽ ഹറാമിൽ പോയാണ് ഖുർആൻ മനഃപാഠം അവസാന ഭാഗം പൂർത്തിയാക്കിയത്. വെള്ളി, ശനി ദിവസങ്ങളിൽ ഭാഷാപഠന കേന്ദ്രമായ 'മിസ്ബാഹി'ൽ അറബിക് കോഴ്സിനും മൂന്ന് വർഷമായി പോകുന്നുണ്ട്.

ഉമർ മൗലവിയുടെ മൂത്ത മക്കളായ ഉസാമ ലുത്ഫി ഉമർ, സുഫിയാൻ ഉമർ, ഹുദ ഉമർ എന്നിവരാണ് ആദ്യം ഹാഫിളുമാരായത്. ഇളയമകൾ അഫ്നാൻ ഉമറും 10 ഭാഗം (ജുസ്അ്‌, 200 പേജ്‌) ഹൃദിസ്ഥമാക്കി ഇതേ പാതയിലാണ്. റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം റഫ്ഹ ജാലിയാത്തിൽ 20 വർഷവും സൗദി മാധ്യമ മന്ത്രാലയത്തിൽ എട്ടു വർഷവും സേവനമനുഷ്ഠിച്ച പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ ഉമർ മൗലവി മറ്റൊരു മേഖലയിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പിലാണ്.

പള്ളികളിൽ പ്രവർത്തിക്കുന്ന 'ഖുർആൻ ഹൽഖ'കളിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ഖുർആൻ മനഃപാഠമാക്കുന്ന പ്രത്യേക സ്‌കൂളിൽ ചേർത്താണ് എല്ലാവരും ഈ ഉദ്യമം പൂർത്തിയാക്കിയത്. ഹാഫിളുകൾക്ക് സർക്കാർ നൽകുന്ന പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്. അസ്ർ നമസ്കാര ശേഷമാണ് പള്ളിയിലെ പഠനം. കിട്ടുന്ന അവസരങ്ങളിൽ വീട്ടിൽവെച്ചും നടത്തും. ഓരോ നാലു മാസത്തിലും ഹൽഖയിലും സ്കൂളിലും അതുവരെ മനഃപാഠമാക്കിയതിന്റെ പരീക്ഷയുണ്ടാകും.

മസ്ജിദിലെ 'ഹൽഖ'യിൽ നിന്നാണ് ഹിഫ്ള് ആദ്യം പൂർത്തിയാക്കുക. ഓരോ പഠിതാവും ഓർമയിൽ സൂക്ഷിക്കാൻ, നിത്യവും ഓരോ ഭാഗം (ജുസ്അ്‌) റിവിഷൻ ചെയ്യാൻ നിശ്ചിത സമയം നീക്കിവെക്കണമെന്നും മൂന്നുമാസം നടത്തിയാൽ പിന്നീട് നിത്യവും 30 മുതൽ 40 പേജുവെച്ച് ആവർത്തനം നടത്തണമെന്നും അങ്ങനെ മൂന്നു പ്രാവശ്യം നടത്തിയാൽ 20 മിനിറ്റുകൊണ്ട് ഒരോ ഭാഗവും റിവിഷൻ നടത്തി സിമ്പിളായി മനസ്സിൽ നിലനിർത്താൻ കഴിയുമെന്നും ഉമർ മൗലവി പറഞ്ഞു.

ഉമർ-സുമയ്യ ദമ്പതികളുടെ മൂത്തമകൻ ഉസാമ ലുഫ്തി ഉമർ കോട്ടക്കൽ ആയുർഗാർഡൻ ആശുപത്രിയിൽ സി.ഇ.ഒയായും സുഫിയാൻ ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞു വിവർത്തകനായും പ്രവർത്തിക്കുന്നു. മകൾ ഹുദ ശാന്തപുരം കോളജിൽ ഫൈനൽ വിദ്യാർഥിയും ഖുർആൻ മനഃപാഠ വിഭാഗത്തിൽ ട്രെയിനറുമാണ്. ഇളയമകൾ അഫ്നാൻ ഉമർ റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയാണ്.

Tags:    
News Summary - The fourth of the five children memorized the Qur'an

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.