ജമാലുപ്പ കുട്ടികളോടൊപ്പം (ഫയൽ ഫോട്ടോ)

ജമാലുപ്പയില്ലാത്ത ആദ്യ ഈദ്

2022ലെ മുസഫർ നഗർ വർഗീയ കലാപം പാരമ്യതയിൽ നിൽക്കെയാണ് അക്കല്ലൊത്തെ പെരുന്നാളെത്തുന്നത്. ഭരണകൂട ഒത്താശയിൽ നിരപരാധികളുടെ ജീവനും ജീവിതവും ഹോമിക്കപ്പെടുന്ന ഭീകരാന്തരീക്ഷം. മൈലാഞ്ചിയണിയേണ്ട കൈകൾ മുറിഞ്ഞ് ചോരയിറ്റുന്ന അവസ്ഥ. നേരത്തെയുണ്ടായ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട അനാഥ കുഞ്ഞുങ്ങൾക്ക് തണലേകാൻ എം.എം. മുഹമ്മദ് ജമാൽ എന്ന വലിയ മനുഷ്യന്റെ നേതൃത്വത്തിൽ വയനാട് മുസ്‍ലിം യതീംഖാനയിലേക്ക് നിരവധി കുട്ടികളെ കൊണ്ടിവന്നിരുന്നു.

പിന്നീട് എല്ലാ വർഷവും പെരുന്നാൾ ആഘോഷിക്കാൻ അവരെ അണിയിച്ചൊരുക്കി മുസഫർ നഗറിലേക്ക് അയക്കും. എന്നാൽ, 2022ൽ വർഗീയ കലാപം രൂക്ഷമായതോടെ ആ വർഷം കുട്ടികളെ അങ്ങോട്ടയക്കാനായില്ല. പുത്തനുടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും കുഞ്ഞുങ്ങൾ പെരുന്നാളാഘോഷിക്കുന്നത് യതീംഖാനയിലാണെന്നറിഞ്ഞ അവരുടെ ജമാലുപ്പാപ്പ ഓടിയെത്തി അവരോടൊപ്പം ഏറെനേരം പാട്ടു പാടിയും ഭക്ഷണം കഴിച്ചും പെരുന്നാൾ കെങ്കേമമാക്കി. പിറന്ന നാട്ടിൽ പെരുന്നാളാഘോഷിക്കാൻ കഴിയാത്തവരുടെ മനംനിറക്കുകയായിരുന്നു അവരുടെ ​പ്രിയപ്പെട്ട ‘ഉപ്പ’.

യതീംഖാന തുടങ്ങിയ നാൾ മുതൽ പുത്തനുടുപ്പണിഞ്ഞ് തന്നെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം നിറപുഞ്ചിരിയോടെ ചേർത്തുനിർത്തി തലോടാതെ ജമാൽ സഹാബിന്റെ ഒരുപെരുന്നാളും കഴിഞ്ഞുപോയിട്ടില്ല. പെരുന്നാൾ ദിനത്തിൽ എല്ലാ വർഷവും യതീം ഖാനയിൽനിന്ന് വിനോദയാത്ര പോകും. അവരെയെല്ലാം യാത്രയാക്കിയ ശേഷമാണ് ജമാൽ സാഹിബ് തിരികെ വീട്ടിലെത്തുക.

യതീംഖാനയിലെത്തുന്ന ഓരോകുട്ടികളും ജമാൽ സാഹിബിന് സ്വന്തം കുഞ്ഞുങ്ങളായിരുന്നു. ഉത്തരേന്ത്യയിൽ നിന്ന് കലാപങ്ങൾക്കിരയായി നാടും വീടും ഉപേക്ഷിക്കേണ്ടിവന്ന് വയനാട് മുസ്‍ലിം യതീംഖാനയുടെ തണലിൽ അഭയം പ്രാപിച്ചവരിൽ ഗർഭിണികളടക്കം ഉണ്ടായിരുന്നു. പ്രസവിച്ച ശേഷം അവരുടെയെല്ലാം ഗാർഡിയന്റെ കോളത്തിൽ ജമാൽ സാഹിബിന്റെ പേരായിരുന്നു ചേർത്തിരുന്നത്. യതീം കുട്ടികൾ എന്ന് അവരെ വിശേഷിപ്പിക്കാൻ ജമാൽ സാഹിബ് അനുവദിക്കാറുണ്ടായിരുന്നില്ല.

കുട്ടികളുടെ തലമുണ്ഡനം ചെയ്യുന്ന രീതി പണ്ടുകാലങ്ങളിൽ എല്ലാ യതീംഖാനകളിലും ഉണ്ടായിരുന്നു. ഇടക്കിടെ തലമുടി വെട്ടുന്നതിന്റെ ഭാരിച്ച ചെലവ് ഒഴിവാക്കാനുമൊക്കെയായിരുന്നു അത്. എന്നാൽ, ജമാൽ സാഹിബ് യതീംഖാനയുടെ ചുമതലയേറ്റ് ആദ്യമവസാനിപ്പിച്ചത് തലമുണ്ഡനം ചെയ്യുന്ന പതിവ് രീതിയായിരുന്നു.

ഈ പെരുന്നാളിനും മുട്ടിലെ കുട്ടികൾ ആഗ്രഹിക്കുന്നുണ്ടാകും ജമാലുപ്പയുടെ തലോ​ടലും അത്തറിന്റെ സുഗന്ധമുള്ള മുത്തവും. ഒരുപക്ഷേ, ആ കുഞ്ഞുങ്ങൾ ഉറക്കമുണരുക ജമാലുപ്പയെ സ്വപ്നംകണ്ടുകൊണ്ടാവും.


Tags:    
News Summary - Eid ul Fitr memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT