മനുഷ്യരുടെ സൽക്കർമങ്ങൾക്ക് കാരുണ്യവാനായ നാഥൻ പത്തരട്ടി മുതൽ, കണക്കാക്കാൻ കഴിയാത്തത്ര പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ പ്രതിഫലം നൽകാൻമാത്രം വിശാലമല്ല ഇഹലോക ജീവിതം. സൽക്കർമകാരികൾക്ക് ശാശ്വതമായ സ്വർഗം ഒരുക്കിവെച്ചിരിക്കുന്നു അല്ലാഹു. അതുപോലെ, മനുഷ്യന്റെ തെറ്റുകൾക്ക് അനുസൃതമായ ശിക്ഷ നൽകാനും ഇഹലോക ജീവിതം മതിയാവില്ല. ബഹുദൈവാരാധന കഴിഞ്ഞാൽ മഹാപാപമാണ് മനുഷ്യൻ മനുഷ്യനെ വധിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരെ വധിക്കുന്ന ക്രൂരർ ഈ ലോകത്തുണ്ട്. അവരുടെ അതിക്രമങ്ങൾക്ക് തക്ക എന്ത് ശിക്ഷയാണ് ഇവിടെ കൊടുക്കാൻ കഴിയുക? അതുകൊണ്ടുതന്നെ, മറ്റൊരു ജീവിതം അനിവാര്യമാണ്. അതില്ലെങ്കിൽ നീതി എന്ന വാക്കിന് പ്രസക്തിയില്ല. അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്: ‘‘ഏതൊരു വ്യക്തിയും മരണം അനുഭവിക്കുകതന്നെ ചെയ്യും, നിങ്ങളുടെ പ്രതിഫലം പൂർണമായും നൽകപ്പെടുന്നത് ഉയിർത്തെഴുന്നേൽപ് നാളിൽ മാത്രമാണ്. അപ്പോൾ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നത് ആരാണോ അവരാണ് വിജയം നേടുന്നത്’’ (വിശുദ്ധ ഖുർആൻ 3:185).
അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് ഈ ജീവിതത്തിന്റെ ലക്ഷ്യം. ‘‘എന്നാൽ, ദൈവത്തോട് ആരെങ്കിലും പങ്കുചേർത്താൽ അവന് സ്വർഗം നിഷിദ്ധമായിരിക്കും. അവന്റെ താമസസ്ഥലം ശാശ്വതമായി നരകംതന്നെ ആയിരിക്കും. ആ അക്രമികൾക്ക് സഹായികളും ഉണ്ടായിരിക്കുന്നതല്ല’’ (വിശുദ്ധ ഖുർആൻ 5:72). അതുകൊണ്ട് വിശ്വാസികളോട് അല്ലാഹു പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളെത്തന്നെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയിൽനിന്ന് കാത്തുരക്ഷിക്കുക, മനുഷ്യനും കല്ലുകളും ആയിരിക്കും ആ നരകത്തിലെ ഇന്ധനങ്ങൾ’’ (വിശുദ്ധ ഖുർആൻ 66:6). ആ നരകത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അല്ലാഹു അവന്റെ ദൂതൻമാർ മുഖേന മതനിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ‘‘കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് നിഷ്കളങ്കമായ നിലയിൽ അവനെ മാത്രം ആരാധിക്കാനും നമസ്കാരം നിലനിർത്താനും സകാത് നൽകാനും അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല, അതാണ് വക്രതയില്ലാത്ത മതം’’ (വിശുദ്ധ ഖുർആൻ 98:5).
നരകശിക്ഷയിൽനിന്ന് അകലാൻ എന്ത് ചെയ്യണമെന്ന് അല്ലാഹു നമ്മെ പഠിപ്പിക്കുന്നു. നമസ്കാരം, സകാത് എന്നിവ അവയിൽ വളരെ പ്രധാനപ്പെട്ടവയാണ്. വ്രതാനുഷ്ഠാനം നരകത്തിൽനിന്ന് രക്ഷക്കുള്ള മാർഗമാണെന്ന് പ്രവാചകൻ പറഞ്ഞതായി സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കേവലം ആരാധനകൾ മാത്രമല്ല, മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും നന്നായി വർത്തിക്കുക എന്നതും നരകത്തിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗമാണ്. മാതാപിതാക്കളോടും അടുത്ത കുടുംബങ്ങളോടും നന്നായി വർത്തിക്കുക എന്നത് ഏറ്റവും വലിയ പുണ്യകർമമാണെന്ന് അല്ലാഹുവിന്റെയും തിരുദൂതന്റെയും വചനങ്ങളിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. മൂന്ന് ദിവസത്തിലധികം ഒരാൾ മറ്റൊരാളോട് പിണങ്ങി മുഖംതിരിച്ചുകളഞ്ഞാൽ അവൻ നരകവാസിയായിരിക്കും. പരസ്പരം കണ്ടുമുട്ടുമ്പോൾ സമാധാനത്തിന്റെ അഭിവാദ്യമായ സലാം പറയുന്നത് ആദ്യം ആരാണോ അവരാണ് ഏറ്റവും ഉത്തമർ (നബിവചനം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.