നിരാലംബരെ ചേര്‍ത്തുനിര്‍ത്തുന്ന കാലം

വിശ്വാസിയുടെ ജീവിതത്തിലെ ആത്മീയ തീർഥാടനത്തിന്റെ വേളയാണ് റമദാന്‍. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അതിന്‍റെ ഉത്തുംഗതയിലെത്തുന്ന സമയം. നാഥന്റെ സാമീപ്യത്തിനായി അന്നവും പാനീയവുമുപേക്ഷിച്ച് വിശ്വാസികള്‍ പ്രാര്‍ഥനാനിരതരാവുന്ന കാലം.

ദൈവകീര്‍ത്തനങ്ങളും പ്രാര്‍ഥനകളും അലയടിച്ചുയരുന്ന മാസം എന്നതുപോലെ നിരാലംബരായ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന കാരുണ്യത്തിന്റെ മാസവുമാണ് റമദാന്‍. പങ്കുവെപ്പിന്റെയും സഹാനുഭൂതിയുടെയും സംസ്‌കാരം നാടെങ്ങും തളിരിട്ട് നിൽക്കുന്നു. സമൂഹ നോമ്പുതുറയും ഭക്ഷണവിതരണവും, ഭക്ഷണക്കിറ്റ് വിതരണവുമൊക്കെ ഇന്ന് ചെറുഗ്രാമങ്ങളില്‍ വരെ വ്യവസ്ഥാപിതമായി നടക്കുന്ന സുകൃതങ്ങളാണ്. ഈ വിശുദ്ധമാസത്തില്‍ അത്താഴവും നോമ്പ് തുറയുമില്ലാത്ത ഒരു വീടും കുടുംബവുമുണ്ടാവരുതെന്ന കണിശത ഓരോ നോമ്പുകാരനും പുലര്‍ത്തുന്നു. നോമ്പെടുത്തവനെപ്പോലെ നോമ്പ് തുറപ്പിച്ചവനും സവിശേഷമായ പുണ്യമുണ്ട് എന്ന തിരുനബിയുടെ അധ്യാപനം തന്നോടൊപ്പം സഹജീവിയെ ചേര്‍ത്തുനിര്‍ത്തുന്ന വലിയ ഒരു സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നു.

ഈ മാസത്തിലെ വ്യാപകമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കാളേറെ പ്രധാനമാണ് അടുത്ത വര്‍ഷത്തേക്കുള്ള നിരവധി ജീവകാരുണ്യപദ്ധതികള്‍ക്കുള്ള സാമ്പത്തിക സമാഹരണവും റമദാനില്‍ നടക്കുന്നു എന്നത്. മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി നാടൊട്ടുക്കും പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ ഒരു വര്‍ഷത്തേക്കുള്ള പദ്ധതിയുടെ സാമ്പത്തിക വിഹിതം കണ്ടെത്തുന്നത് റമദാനിലാണ്.

പാലിയേറ്റിവ്, ഡയാലിസിസ് രോഗികൾക്കും ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിര്‍ധനരായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള അവശ്യസഹായങ്ങള്‍ക്ക് വിഭവശേഖരണം നടക്കുന്നത് ഈ മാസത്തിലാണ്. പള്ളികളിലും തെരുവുകളിലും ഈ വിഭവശേഖരണം സജീവമാണ്. അതെ, റമദാനില്‍ പെയ്തിറങ്ങുന്ന കാരുണ്യവർഷത്തിൽ നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, ചികിത്സ, പാലിയേറ്റിവ് പരിചരണം, ഡയാലിസിസ് തുടങ്ങി നിരവധി സേവനങ്ങള്‍ക്കുള്ള വഴി തുറക്കപ്പെടുന്നു. ഇതാണ് റമദാൻ. ഇസ്‍ലാമിലെ ആത്മീയതയും സാമൂഹികതയും ഒരുമിച്ചു ചേരുന്ന ഇടം.

താന്‍ ഉപയോഗിക്കുന്ന തന്റെ സമ്പത്തിനെക്കാള്‍ സഹോദരന്റെ ആവശ്യത്തിനായി ചെലവഴിക്കുന്ന സമ്പത്താണ് തനിക്കുള്ള ശരിയായ ശേഷിപ്പെന്ന ഇസ്‌ലാമിന്റെ അധ്യാപനമാണ് മുസ്‌ലിം ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പരിഛേദമായി മാറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം. ''താന്‍ കൊടുത്തതാണ് തനിക്ക് ബാക്കി'' എന്ന ദര്‍ശനമാണ് ഈ പ്രവര്‍ത്തനങ്ങളെ ജീവസ്സുറ്റതാക്കുന്നത് എന്നര്‍ഥം.

Tags:    
News Summary - ramadan special write up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.