നോമ്പു കാലത്തെ പ്രവാസ വിശേഷങ്ങള്‍

വിശുദ്ധിയും സൂക്ഷ്മതയും വിരുന്നെത്തുന്ന കാലമാണ് റമളാന്‍. അല്ലാഹുവിന്റെ അറ്റമില്ലാത്ത നുഗ്രഹങ്ങളുടെ പെയ്ത്തുകാലം. സത്യവിശ്വാസി വളരെ സന്തോഷത്തോടെയാണ് ഈ മാസത്തെ സ്വീകരിക്കുക. ചെറിയതും പ്രയാസരഹിതവുമായ സല്‍കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലവും പ്രതിഫലത്തില്‍ തന്നെ പ്രത്യേക വര്‍ധനവും വാഗ്ദാനം ചെയ്യപ്പെട്ട കാലം. സൗഭാഗ്യങ്ങളുടെ അനര്‍ഘ നിമിഷങ്ങളൊരുക്കി വച്ച മാസമാണ് റമളാന്‍.

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം മനസ്സിനും ശരീരത്തിനും നവോന്മേഷം പകരുന്നതിനും വ്യക്തികളിലും സമൂഹത്തിലും കാതലായ സ്വാധീനം ചെലുത്തുന്നതമാണ്. മിക്ക മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. ആത്മീയമായൊരു തലം കൂടി മനുഷ്യ ജീവിതത്തിനുണ്ടെന്ന് വിശ്വസിക്കുന്ന ആര്‍ക്കും വ്രതം ഉപേക്ഷിക്കുക സാധ്യമല്ല.

പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുകയും ഭൗതിക സുഖാസ്വാദനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയുമാണ് വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യമുഖമെങ്കില്‍ തന്റെ മാനസികവും ശാരീരികവുമായ ഇച്ഛകളെക്കാള്‍ തന്നെ സൃഷ്ടിച്ച സൃഷ്ടാവിന് സര്‍വ്വാത്മനാ വഴിപ്പെടുകയെന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ ആന്തരികാര്‍ഥം. തന്റെ സകല ആഗ്രഹങ്ങളെയും ഇഛകളെയും തവ മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയും ഒരു നിസ്സാരനായ ഒരു ദാസനായി ദൈവത്തിന്റെ മുന്നിലേക്ക് മനസ്സും കൊണ്ടും ശരീരം കൊണ്ടും വന്നണയുകയും ചെയ്യുകയെന്നതാണതിന്റെ ആന്തരികമായൊരു തലം.

കേരളത്തിലെന്ന പോലെ അറബ് നാടുകളിലും റമളാന്‍ പുതിയൊരുണര്‍വ്വാണ്. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ പലതരം നോമ്പനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. നോമ്പുകാലമായാല്‍ ഏതൊരു പ്രവാസി മലയാളിയുടെയും ഹൃദയത്തില്‍ ഗൃഹാതുരത്വം അലയടിക്കും. സമൂഹ നോമ്പുതുറകളും നിസ്‌കാര ശേഷമുള്ള ദര്‍സ് കുട്ടികളുടെ ഉറുദികളും മുതല്‍ പ്രവാസിയുടെ മനസ്സിലേക്ക് പലതരം നാട്ടോര്‍മ്മകളും നോമ്പുതുറക്കാനെത്തും റമളാനില്‍. പ്രവാസിയുടെ ജോലിക്രമം മുതല്‍ ജീവിത ശൈലിയില്‍ തന്നെ ഒരു മാറ്റമുണ്ടാകും. രാത്രികള്‍ കൂടുതല്‍ സജീവമാകുകയും പകലില്‍ ജോലി സമയം കുറയുകയും ചെയ്യും.

ദാനധര്‍മ്മങ്ങളുടെ മാസം കൂടിയാണ് റമളാന്‍. നാട്ടിലെ പള്ളിയിലെ നോമ്പുതുറ മുതല്‍ പാവങ്ങള്‍ക്കുള്ള റമസാന്‍ കിറ്റും കുടുംബങ്ങളിലുടെ പാവപ്പെട്ടവരെ സഹായിക്കലും തുടങ്ങി തന്റെ അധ്വാനത്തിന്റെ നല്ലൊരു ഭാഗവും പ്രവാസി ചിലവഴിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. തന്റെയും കുടുംബത്തിന്റെയും ജീവിതം കരക്കെത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിലും പ്രവാസി സകാത്തിലൂടെ നോമ്പിന്റെ വിശുദ്ധി മനസിലാക്കുകയും നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും താങ്ങും തണലുമാകുവാന്‍ എല്ലാ അര്‍ഥത്തിലും മുന്‍പന്തിയലെത്താനും ശ്രമിക്കുന്നു. മത, ജാതി വര്‍ണ വ്യത്യാസമില്ലാതെ പ്രവാസികള്‍ ഒരേ മനസോടെ ഇതില്‍ പങ്കാളിയാകുന്നതും മനോഹര കാഴ്ചകളാണ്. ലോകത്തെ മറ്റ് പ്രവാസി സമൂഹത്തെക്കാള്‍ ഗള്‍ഫുകാരന്‍ തനിക്കുള്ളതിൽ നിന്നും ഒരു പങ്ക് ഇല്ലാത്തവന് കൊടുക്കും.

ഗള്‍ഫ് മലയാളികളുടെ സ്മരണകളില്‍ നാട്ടില്‍ താന്‍ അനുഭവിച്ച ഭൂത കാലങ്ങള്‍ പെട്ടെന്ന് തെന്നെ മനസ്സിനെ തഴുകിയെത്തും. നോമ്പ് തുറക്കാന്‍ കാണിക്കുന്ന ആവേശം പോലെ തന്നെയാണ് പ്രവാസി മലയാളികളുടെ നോമ്പ് തുറപ്പിക്കാനുള്ള ഉത്സാഹവും. കോവിഡ് കാലത്ത് നിലച്ചു പോയ റമളാന്‍ ടെന്റുകള്‍ ഇത്തവണ സജീവമായിട്ടുണ്ട്. വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ പുത്തനുണര്‍വ്വ് സമ്മാനിക്കുന്ന നോമ്പുകാലങ്ങള്‍ പല തരം ശുദ്ധീകരണത്തിന്റെ കാലം കൂടിയാണ്. സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ ശുദ്ധീകരണങ്ങള്‍ അതിന്‍റെ ഭാഗമാണ്. ദൈവപ്രീതി കാംക്ഷിച്ച് പുണ്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഈ വിശുദ്ധ മാസത്തിന്റെ എല്ലാവിധ നന്മയെയും സമ്പാദിക്കാന്‍ കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു.

Tags:    
News Summary - Fasting of NRI's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.