ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് ദേ​വ​ര​ഥ​ങ്ങ​ൾ സം​ഗ​മി​ച്ച​പ്പോ​ൾ

ഗ്രാമവീഥികളെ ധന്യമാക്കി കൽപാത്തിയിൽ ദേവരഥ സംഗമം

പാലക്കാട്: വേദമന്ത്രങ്ങളുയരുന്ന അഗ്രഹാര വീഥികളെ ധന്യമാക്കി കൽപാത്തിയിൽ ദേവരഥ സംഗമം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും ഗണപതിയും വള്ളി-ദൈവാന സമേത സുബ്രഹ്മണ്യ സ്വാമിയും മന്ദക്കര മഹാഗണപതിയും പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാളും ഞായറാഴ്ച സന്ധ്യയോടെ തേരുമുട്ടിയിൽ സംഗമിച്ചു. പതിനായിരങ്ങൾ ഭക്തിപൂർവം സംഗമത്തിന് സാക്ഷികളായി. ദേവദേവകൾക്കൊപ്പം കൽപാത്തിയും ഭക്തരും പ്രദക്ഷിണം നടത്തി. ദിവസങ്ങൾ നീണ്ട രഥോത്സവത്തിന് ദേവരഥ സംഗമത്തോടെ പരിസമാപ്തിയായി.

ആദ്യദിനം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരും ഗണപതിയും വള്ളി-ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയുമാണ് ഭക്ത‌ർക്ക് അനുഗ്രഹമേകി രഥത്തിൽ പ്രദക്ഷിണത്തിനിറങ്ങിയത്. തുടർന്ന് രണ്ടാം തേര് നാളിൽ മന്ദക്കര മഹാഗണപതിയും ഗ്രാമപ്രദക്ഷിണത്തിനിറങ്ങി. രഥസംഗമ നാളായ ഞായറാഴ്ച രാവിലെയാണ് പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ രഥത്തിലേറി പ്രയാണത്തിനിറങ്ങിയത്. ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രത്തിലെയും കൽപാത്തി ലക്ഷ്മി പെരുമാൾ ക്ഷേത്രത്തിലെയും പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു രാവിലെ രഥാരോഹണം നടന്നത്.

തുടർന്ന് രഥപ്രയാണം ആരംഭിച്ചു. നൂറുകണക്കിന് ആളുകൾ രഥം വലിച്ച് ഉത്സവത്തിന്റെ ഭാഗമായി. വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന രഥത്തിന് പുറമെ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ രഥങ്ങൾ വൈകീട്ട് അച്ചൻപടിയിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. ചാത്തപുരം ഗ്രാമം ചുറ്റിയ ഈ രഥങ്ങൾ പഴയ കൽപാത്തി ലക്ഷ്മി പെരുമാൾ ക്ഷേത്രത്തിന് സമീപം നിലയുറപ്പിച്ചു. മന്ദക്കര ഗണപതി ക്ഷേത്രം രഥവും ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം രഥവും അഗ്രഹാരങ്ങൾ പ്രയാണം നടത്തി എത്തിയതോടെയാണ് സംഗമത്തിന് തുടക്കമായത്.

തുടർന്ന് പതിനായിരങ്ങളെ സാക്ഷിയാക്കി ഭക്തർ കാത്തിരുന്ന ദേവരഥസംഗമം നടന്നു. ശേഷം മന്ദക്കരയിലെ തേര് പുതിയ കൽപാത്തിയിലൂടെ തിരിച്ചെത്തി പ്രയാണം അവസാനിപ്പിച്ചു. രാത്രിയില്‍ പല്ലക്കുകളില്‍ എഴുന്നള്ളിപ്പും നടന്നു. തിങ്കളാഴ്ച രഥോത്സവത്തിന് കൊടിയിറങ്ങും. സമാപനം കുറിച്ച് രാവിലെ അതത് ക്ഷേത്രങ്ങളിൽ ധ്വജാരോഹണം നടക്കും.

Tags:    
News Summary - Devaratha Sangam in Kalpathi, blessing the village streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.